മാവേലിക്കര: ജില്ലയിലെ ആര്‍ടി ഓഫീസുകളില്‍ വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റും കരുതണം. ആര്‍ടി ഓഫീസില്‍ നിന്നുള്ള സേവനങ്ങള്‍ക്ക് നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ആര്‍ടിഒയുടെ സര്‍ക്കുലര്‍ കഴിഞ്ഞ ദിവസമാണ് വിവിധ ജോയിന്റ് ആര്‍ടി ഓഫീസുകളില്‍ ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഇതറിയാതെ ഇന്നലെ വിവിധ ആവശ്യങ്ങള്‍ക്കായി ആര്‍ടി ഓഫീസുകളിലെത്തിയവര്‍ ദുരിതത്തിലാവുകയും, ചിലര്‍ പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തു.
പുതുതായി വലിയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനെത്തുന്നവര്‍ ആയിരം രൂപയുടെ നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റാണ് എടുക്കേണ്ടത്. ചെറിയവാഹനങ്ങളും ഇരുചക്രവാഹനങ്ങളും രജിസ്‌ട്രേഷന് കൊണ്ടുവരുന്നവര്‍ അഞ്ഞൂറ് രൂപയുടെ സര്‍ട്ടിഫിക്കറ്റ് ഒപ്പം കരുതണം.
ഫിറ്റ്‌നസ് എടുക്കാനും പെര്‍മിറ്റ് പുതുക്കാനും ഹെവി,മീഡിയം വാഹനങ്ങള്‍ക്ക് ആയിരം രൂപയുടെയും ചെറിയ വാഹനങ്ങള്‍ക്ക് അഞ്ഞൂറ് രൂപയുടെയും നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. പുതുതായി ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നവര്‍ നൂറ് രൂപയുടെ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റാണ് കരുതേണ്ടത്.
















