അഗസ്ത്യാര്‍കൂടത്തിലെ അഗസ്ത്യമുനിയുടെ പ്രതിഷ്ഠ
ശിവാ കൈലാസ്
തിരുവനന്തപുരം: പവിത്രമായ അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിന് വ്രതം നോറ്റെത്തുന്ന വിശ്വാസികളോട് സര്‍ക്കാരും വനം വകുപ്പും കൊടും ക്രൂരത കാട്ടുന്നു. വര്‍ഷം തോറും കുത്തനെ ഉയര്‍ത്തുന്ന അമിത ഫീസും അസൗകര്യങ്ങളും കൂടിയായപ്പോള്‍ അഗസ്ത്യാര്‍കൂടത്തേക്കുള്ള കാനന പാത തീര്‍ത്ഥാടകരുടെ കണ്ണീരുവീണ് കുതിരുകയാണ്. നൂറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന തീര്‍ത്ഥാടനത്തെയാണ് വനം വകുപ്പ് അമിത നിരക്കേര്‍പ്പെടുത്തി ചൂഷണം ചെയ്യുന്നത്.
1983-ല്‍ പേപ്പാറ ഫോറസ്റ്റ് ഓഫീസ് നിലവില്‍ വന്നതിനു ശേഷമാണ് അഗസ്ത്യാര്‍കൂട യാത്രികരില്‍ നിന്ന് ഫീസ് ഈടാക്കാന്‍ തുടങ്ങിയത്. അഗസ്ത്യാര്‍കൂടത്തേക്ക് ഒരു സീസണില്‍ വന്നെത്തുന്ന വിശ്വാസികള്‍ എത്രയെന്ന കണക്കെടുപ്പിന്റെ ഭാഗമായി പാസ് നല്‍കി യാത്ര ക്രമീകരിക്കുന്നു എന്നതായിരുന്നു വനം വകുപ്പിന്റെ വിശദീകരണം. ഇതിനായി 50 പൈസയായിരുന്നു അന്ന് ഈടാക്കിയിരുന്നത്. എന്നാല്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇത് 50 രൂപയായി ഉയര്‍ത്തി. പിന്നിട് 100, 200, 350 എന്നിങ്ങനെ അഗസ്ത്യാര്‍കൂട തീര്‍ത്ഥാടകര്‍ക്കുള്ള പ്രവേശന നിരക്ക് ഉയര്‍ത്തിക്കൊണ്ടിരുന്നു. കഴിഞ്ഞ വര്‍ഷം പ്രവേശന പാസ് ഓണ്‍ലൈന്‍ സംവിധാനത്തിലാക്കി. ഇപ്പോള്‍ ഫീസ് 500 രൂപയും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് 25 രൂപയും ചേര്‍ത്ത് അഗസ്ത്യ മുനിയെ പൂജിക്കാന്‍ തീര്‍ത്ഥാടകര്‍ 525 രൂപ നല്‍കണമെന്നതാണ് സ്ഥിതി. ഒരുപക്ഷെ ആരാധനയ്‌ക്കെത്തുന്ന വിശ്വസിക്ക് കാല്‍നടയായി ക്ഷേത്ര സന്നിധിയിലെത്താന്‍ ഫീസ് ഏര്‍പ്പെടുത്തുന്ന ഏക സംസ്ഥാനം കേരളമായിരിക്കും.
കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് അഗസ്ത്യമലയില്‍ ഏറ്റവും അധികമായി എത്തുന്നത്. അതിരുമലയിലാണ് തീര്‍ത്ഥാടകര്‍ക്ക് ആകെയുള്ള വിശ്രമകേന്ദ്രം. പൊട്ടിപ്പൊളിഞ്ഞ ചുമരുകളും നിലം പതിക്കാറായ മേല്‍ക്കൂരയുമാണ് ഈ വിശ്രമകേന്ദ്രത്തിലേത്. അപകടകരമായി നില്‍ക്കുന്ന വിശ്രമ മന്ദിരത്തില്‍ ഇപ്പോള്‍ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കാറില്ല. കൊടും കാട്ടില്‍ വന്യമൃഗങ്ങളുടെ ആവാസകേന്ദ്രത്തില്‍ കെട്ടുറപ്പില്ലാത്ത താല്‍ക്കാലിക ഷെഡ്ഡിലാണ് തീര്‍ത്ഥാടകര്‍ അന്തിയുറങ്ങേണ്ടത്. പൊങ്കാലപ്പാറയിലെ പൊങ്കാല ഇടുന്ന ചടങ്ങും വനം വകുപ്പധികൃതര്‍ വിലക്കിയിരിക്കുകയാണ്. ജനുവരി മാസം ആരംഭിക്കുന്ന തീര്‍ത്ഥാടനകാലം ശിവരാത്രി കഴിയുന്നതോടെ അവസാനിക്കുന്നു. ഇതിനു ശേഷം ടൂര്‍ പാക്കേജ് എന്നപേരില്‍ ഒരാളിന് 8000 രൂപ എന്ന കണക്കില്‍ അഗസ്ത്യകൂടത്തേക്ക് വന സൗന്ദര്യത്തിന്റെ ചൂടും ചൂരുമറിയാന്‍ എത്തുന്നവരെ ഒരു നിയന്ത്രണവുമില്ലാതെ കടത്തിവിടുന്നുണ്ട്. ഇവരാണ് മദ്യവും മാംസവും മയക്കുമരുന്നുമായി കടന്നുചെല്ലുന്നത്. ബോണക്കാട് ഫോറസ്റ്റ് ചെക്ക് പോസ്റ്റിലെ ഉദ്ധ്യോഗസ്ഥരെ കാണേണ്ട രീതിയില്‍ കണ്ടാല്‍ സഞ്ചാരികള്‍ക്ക് വനത്തിനുള്ളില്‍ എന്തുമാകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: