മാവേലിക്കര: അച്ഛന്‍ പകര്‍ന്നു നല്‍കിയ പാഠങ്ങള്‍ മൃദംഗത്തില്‍ താളവിസ്മയം തീര്‍ത്ത എസ്. ഗൗരീശങ്കര്‍ എച്ച്എസ് വിഭാഗം മൃദംഗത്തില്‍ ഒന്നാമതെത്തി. മാവേലിക്കര വിദ്യാധിരാജ വിദ്യപീഠത്തിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് എസ്. ഗൗരീശങ്കര്‍.
മൃദംഗ വിദ്വാനും തൃപ്പൂണിത്തറ ഗവ. സംഗീത കോളേജ് പ്രൊഫസറുമായ ഇലഞ്ഞിമേല്‍ സുശീല്‍ കുമാറിന്റെ മകനാണ് ഗൗരീശങ്കര്‍. മറ്റ് കുട്ടികളെ മൃദംഗം അഭ്യസിപ്പിക്കുമ്പോള്‍ വളരെ ചെറുപ്പത്തില്‍ തന്നെ കണ്ടുനിന്ന ഗൗരിയിലെ താളബോധം കണ്ടെത്തി സുശീല്‍കുമാര്‍ മകനെ ശിഷ്യനാക്കുകയായിരുന്നു. സംസ്‌കൃതവും യോഗയും കഴിഞ്ഞാല്‍ ഏറ്റവും പ്രിയം ഗൗരിക്ക് സംഗീതത്തോടാണ്. ശാസ്ത്രീയസംഗീതം, വയലിന്‍ തുടങ്ങി എല്ലാ മേഖലകളിലും കഴിവ് തെളിയിച്ചിട്ടുള്ള ഗൗരിക്ക് കേന്ദ്രഗവണ്‍മെന്റിന്റെ കലാസാംസ്‌ക്കാരിക സ്‌കോളര്‍ഷിപ്പ് ലഭിച്ചിട്ടുണ്ട്. അമ്മ: രാജശ്രീ. സഹോദരന്‍: ആറാം ക്ലാസ് വിദ്യാര്‍ത്ഥി നന്ദകിഷോര്‍.
















