കെ.കെ.പത്മനാഭന്
കാസര്‍കോട്: തുളുനാടിന്റെ സ്കൂള്‍ കലോത്സവ വേദികളില്‍ നിന്ന് അനുഷ്ഠാന കലാ രൂപങ്ങള്‍ അന്യമാകുകയാണ്. ക്ഷേത്രാനുഷ്ഠാന കലകളായ ചാക്യാര്‍ കൂത്ത്, കഥകളി, നങ്ങ്യാര്‍ കൂത്ത്, ഓട്ടന്‍ തുള്ളല്‍ തുടങ്ങിയവയ്ക്ക് റവന്യൂ ജില്ലാ കലോത്സവ വേദിയില്‍ മത്സരിക്കാവ് വിരളിലെണ്ണാവുന്നവര്‍ മാത്രമാണെത്തിയത്. കഥകളി സംഗീതത്തില്‍ എച്ച് എസ് ഗേള്‍സ് വിഭാഗത്തില്‍ 4 മത്സരാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. വടക്കേ മലബാറിലെ സ്കൂള്‍ കലോത്സവ വേദികളില്‍ നിന്ന് ഈ കലകള്‍ അന്യം നിന്ന് പോകുമ്പോഴും തെക്കന്‍ കേരളത്തില്‍ മത്സരിക്കാന്‍ കുട്ടികള്‍ ധാരാളമായി മുന്നോട്ട് വരുന്നുണ്ടെന്ന് കലാമണ്ഡലം പ്രസന്ന ടിച്ചര്‍ പറഞ്ഞു. അവിടെയുള്ള സ്കൂളുകള്‍ ഇതിന് വലിയ പ്രധാന്യം നല്‍കുന്നത് കൊണ്ടാകാം തെക്കന്‍ കേരളത്തില്‍ കുട്ടികള്‍ കൂടാന്‍ കരണമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ചാക്യാര്‍ കുത്തിന് എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളില്‍ ഒരോ മത്സരാര്‍ത്ഥികള്‍ വീതമാണ് ഉണ്ടായിരുന്നത്. ക്ഷേത്രകലകളെല്ലാം തുളുനാടിന്റെ കലോത്സവ വേദികളുടെ പടികള്‍ ഇറങ്ങുകയാണോയെന്ന ആശങ്കയിലാണ് കലാസ്വാദകര്‍. പത്താം ക്ലാസ്സിലും പ്ലസ്ടു ക്ലാസ്സിലും പഠിക്കുന്ന മത്സരാര്‍ത്ഥികള്‍ ആയതിനാല്‍ തന്നെ അവര്‍ വിദ്യാലയങ്ങളുടെ പടിയിറങ്ങുന്നതോടെ ഈ കലകള്‍ അന്യമാകുമോയെന്ന ഭീതിയിലാണ് സംഘാടകര്‍. കാരണം ഈ കലകള്‍ പഠിക്കാന്‍ കുട്ടികള്‍ വേണ്ടത്ര താല്പര്യം കാണിക്കുകയോ. താല്പര്യമുള്ള കുട്ടികള്‍ക്ക് വേണ്ടത്ര പ്രോത്സാഹനം നല്കാന് സ്കൂളുകള്‍ തയ്യാറാകുകയോ ചെയ്യുന്നില്ലെന്ന് ഈ രംഗത്തുള്ളവര്‍ പറഞ്ഞു. ഭാരിച്ച തുക ചെലവാകുന്നതു കാരണമാണ് പലരും ഈ മേഖലയിലേക്ക് കടന്ന വരാന്‍ തയ്യാറാകത്തതെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. ഒരു മത്സരത്തിനായി 25,000 രൂപയെങ്കിലും ചുരുങ്ങിയത് ചിലവാകും. അത് സംസ്ഥാനത്തെത്തുമ്പോള്‍ ഒരുലക്ഷം രൂപവരെയാകുന്നതായി രക്ഷിതാക്കള്‍ പറഞ്ഞു. അതുകൊണ്ടു തന്നെ കഴിഞ്ഞവര്‍ഷം മത്സരിച്ചവര്‍ പോലും ഈ കലാരൂപങ്ങളെ കൈവെടിയുന്നതായാണ് കാണുന്നത്. ഒരു പക്ഷെ കാസര്‍കോടിന്റെ ഭാഷാ, സംസ്കാര പ്രത്രേകതകളായിരിക്കാം ഇതിന് കാരണം. അടുത്ത വര്‍ഷം ഈ കലാ രൂപങ്ങളുമായി ആരെങ്കിലും റവന്യൂ ജില്ലാ കലോത്സവത്തിനെത്തുമെന്ന പ്രത്യാശയോടെയാണ് കലാ പ്രേമികള്‍ വേദിവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: