അമ്പലപ്പുഴ: ഭാഷ നശിച്ചാല്‍ ഒരു സംസ്‌കാരം തന്നെ ഇല്ലാതാകുമെന്ന് ഭാരതീയ വിചാരകേന്ദ്രം സംഘടനാ കാര്യദര്‍ശി കാ.ഭാ സുരേന്ദ്രന്‍. തപസ്യ സാംസ്‌കാരിക തീര്‍ത്ഥയാത്രയ്‌ക്ക് അമ്പലപ്പഴയില്‍ നല്‍കിയ സ്വീകരണസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭാഷകൊണ്ട് സംസ്‌കാരം നിലനിര്‍ത്താനും ഇല്ലാതാക്കാനും കഴിയും. ഭാഷയെ അടിസ്ഥാനമാക്കി സംസ്‌കാരം നിലനിര്‍ത്താനാകുമെന്ന് തെളിയിച്ച നാടാണ് ഭാരതം. ഇംഗ്ലീഷ് ഭാഷ അടിച്ചേല്‍പ്പിച്ച് ഭാരതത്തെ തകര്‍ക്കാമെന്ന മെക്കാളെ സായിപ്പിന്റെ പദ്ധതിയെയാണ് നമ്മള്‍ തകര്‍ത്തത്. എന്നാല്‍ ഇന്നും നമ്മുടെ സംസ്‌കാരത്തിനു നെരെയുള്ള വെല്ലുവിളി ഉയര്‍ന്നുവരികയാണ്. അതിനാല്‍ ഭാഷയുടെ വീണ്ടെടുപ്പ് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
സാംസ്‌കാരികമായ പ്രവാസമാണ് തീര്‍ത്ഥയാത്രയുടെ ലക്ഷ്യമെന്നും ഈ യാത്ര നാടിനെ ശുദ്ധീകരിക്കുമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ പറഞ്ഞു. പ്രൊഫ. ആര്‍. രാമരാജവര്‍മ്മ അദ്ധ്യക്ഷത വഹിച്ചു. വിവിധ രംഗങ്ങളില്‍ മികവു തെളിയിച്ച പ്രമുഖരെ ആദരിച്ചു. നാടന്‍ പാട്ടും തെരുവുനാടകവും അരങ്ങേറി. തീര്‍ത്ഥയാത്ര സമിതി ജില്ലാ സംയോജകന്‍ അഡ്വ. പി.കെ. വിജയകുമാര്‍ സ്വാഗതവും ടി.സി. അജയകുമാര്‍ നന്ദിയും പറഞ്ഞു.














