പത്തനംതിട്ട: ദമയന്തിയുടെ രണ്ടാം സ്വയംവരത്തില്‍ പങ്കെടുക്കുന്നതിനായി ഋതുപര്‍ണ്ണനും സംഘവും കുണ്ഡിന പുരിയിലെത്തി അവിടെ സ്വയംവരത്തിനുള്ള ഒരുക്കമൊന്നും കാണാതിരുന്നപ്പോള്‍ തനിക്കു പറ്റിയ അമളി മറച്ചു പിടിച്ചുകൊണ്ട് ഋതുപര്ണ്ണന് ഭീമ രാജാവിന്റെ കൊട്ടാരത്തിലേക്ക് നടന്നു കയറി പ്രാകൃത വേഷധാരിയായ നളന് (ബാഹുകന്) തേര്ത്തട്ടില്ത്തന്നെയിരുന്നു. തേര്കുതിരകളുടെ കുളമ്പടി ശബ്ദം കേട്ട് താഴേക്ക് ഇറങ്ങിവന്ന ദമയന്തി തേരില്‍ വന്ന മൂന്നു പേരിലൊരാള്‍ തന്റെ ഭര്‍ത്താവായിരിക്കുമെന്ന് ഊഹിച്ചു. അത് ഉറപ്പാക്കുന്നതിനായി തന്റെ തോഴി കേശിനിയെ നളന്റെ അടുത്തേക്ക് അയച്ചു. ഋതുപര്‍ണ്ണന്റെ രഥത്തിനടുത്തെത്തിയ കേശിനി തേര്‍ത്തട്ടില്‍ ഇരിക്കുകയായിരുന്ന നളനെ ചോദ്യം ചെയ്തു. ഋതുപര്‍ണ്ണന്റെ സാരഥിയാണെന്ന് അയാള്‍ മറുപടി പറഞ്ഞു. നളന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കേശിനി അയാളുടെ പ്രവര്‍ത്തികള്‍ മറഞ്ഞു നിന്നു വീക്ഷിച്ചു. മഹാരാജാവിന് ആഹാരം തയ്യാറാക്കുന്ന സമയം സ്വയമേവ പാത്രത്തില്‍ വെള്ളം നിറയുന്നതുംഅടുപ്പില് തീ കത്തുന്നതും കണ്ട് കേശിനി അന്തം വിട്ടു. അവള് ദമയന്തിയോട് വിവരങ്ങള്‍ ധരിപ്പിച്ചു. ആ വികൃത രൂപി തന്റെ ഭര്‍ത്താവാണെന്ന് അവള് ഉറപ്പിച്ചു. അമ്മയുടെ സമ്മതത്തോടെ ബാഹുകനെ ആളയച്ചു വരുത്തി.
ദമയന്തിയെ കണ്ട മാത്രയില്‍ ബാഹുകന് സഹിക്കാനാവാത്ത സങ്കടം ഉള്ളിലൊതുക്കുവാന്‍ പാടുപെട്ടു. പശ്ചാത്താപ വിവശയായ ദമയന്തിയുടെ പരിദേവനമൊന്നും ബാഹുകന് ചെവിക്കൊണ്ടില്ല. ഭര്‍ത്താവിനെ കണ്ടുകിട്ടുന്നതിനു വേണ്ടിയുള്ള കൗശലമായിരുന്നു രണ്ടാം വിവാഹ വാര്‍ത്തയെന്നും, ഉദ്ദേശ ശുദ്ധിയാല്‍ മാപ്പു നല്കി തന്നെ സ്വീകരിക്കണമെന്നും ദമയന്തി അപേക്ഷിച്ചു. ആ സമയം ആകാശത്തു നിന്നും ഒരു അശരീരി കേട്ടു. ദമയന്തി നിര്ദ്ദോഷയാണെന്നും പുനര്‍ വിവാഹ വാര്‍ത്ത നളനെ കാണുവാനുള്ള ഉപായമായിരുന്നു അശരീരി വാക്യം. കുറ്റബോധത്താല്‍ വിങ്ങിപ്പൊട്ടുന്ന ഹൃദയത്തോടുകൂടി നളന് ദമയന്തിയെ ആലിംഗനം ചെയ്തു സ്വീകരിക്കുന്നതോടെ കഥകളി അവസാനിക്കുന്നു.
ബാഹുക വേഷത്തിലൂടെ കഥകളി ആസ്വാദക മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ പത്മശ്രീ കലാമണ്ഡലം ഗോപി ഇന്ന് അരങ്ങിലെത്തും, മാര്‍ഗ്ഗി വിജയകുമാര്‍, കലാമണ്ഡലം ഷണ്മുഖന് എന്നിവരും ഒപ്പം അരങ്ങത്ത് അഭിനയിക്കും. പത്തിയൂര്‍ ശങ്കരന്‍കുട്ടി, കലാനിലയം രാജീവ്, കലാമണ്ഡലം കൃഷ്ണദാസ്, കലാനിലയം മനോജ്, ചിങ്ങോലി പുരുഷോത്തമന് എന്നിവര്‍ കഥകളിയില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: