ആലപ്പുഴ: പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്നു വിതരണം ജനുവരി 17നും ഫെബ്രുവരി 21 നും നടക്കുമെന്ന് ജില്ലാ കളക്ടര്‍ എന്‍. പദ്മകുമാര്‍ പറഞ്ഞു. കളക്‌ട്രേറ്റില്‍ നടന്ന മുന്നൊരുക്ക അവലോകന യോഗത്തില്‍ ആധ്യക്ഷ്യം വഹിക്കുകയായിരുന്നു അദ്ദേഹം. അഞ്ചുവയസിനു താഴെയുള്ള 1,47,218 കുട്ടികള്‍ക്കാണ് രണ്ട് അധിക ഡോസ് പ്രതിരോധതുള്ളിമരുന്ന് നല്‍കുന്നത്. വിതരണത്തിനായി ജില്ലയില്‍ 1434 ബൂത്തുകള്‍ സജ്ജീകരിക്കും. നഗരമേഖലയില്‍ 279ഉം ഗ്രാമീണ മേഖലയില്‍ 1155 ബൂത്തുകളുമാണ് സജ്ജീകരിക്കുക. 36 ട്രാന്‍സിറ്റ് ബൂത്തുകള്‍ വഴിയും 27 മൊബൈല്‍ ബൂത്തുകള്‍ വഴിയും തുള്ളിമരുന്നു നല്‍കും. ജില്ലയില്‍ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ 623 കുട്ടികള്‍ക്കും പ്രതിരോധ തുള്ളിമരുന്നു നല്‍കും. ജനുവരി 18, 19 തീയതികളിലും ഫെബ്രുവരി 22, 23 തീയതികളിലും ആരോഗ്യപ്രവര്‍ത്തകര്‍ വീടുകള്‍ സന്ദര്‍ശിച്ച് തുള്ളിമരുന്നു നല്‍കിയോയെന്ന് ഉറപ്പുവരുത്തും. തുള്ളിമരുന്നു ലഭിക്കാത്തവര്‍ക്ക് നല്‍കും. മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കുള്ള ബ്ലോക്ക്-പിഎച്ച്‌സിതല പരിശീലനം ജനുവരി എട്ടിനും സന്നദ്ധപ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം ജനുവരി 12,13,14 തീയതികളിലും നടക്കും.














