കാഞ്ഞങ്ങാട്: കെഎസ്ടിപി റോഡ് അഴിമതിയാരോപണം, മാലിന്യം മത്സ്യ മാര്‍ക്കറ്റില്‍ തള്ളാനെത്തിയ സംഭവം ഉള്‍പ്പെടെ തൊട്ടതെല്ലാം വിവാദമാക്കുന്ന കാഞ്ഞങ്ങാട് നഗരസഭ ചെയര്മാന് വി.വി.രമേശന്റെ തീരുമാനങ്ങളില്‍ പാര്‍ട്ടിക്കുള്ളിലും മുറുമുറുപ്പുണ്ട്. അധികാരത്തിലേറിയ ശേഷം ചെയര്മാന് പാര്‍ട്ടിയുമായി ആലോചിക്കാതെയെടുത്ത വിവാദ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വത്തിനും അതൃപ്തിയുണ്ട്. നഗരസഭ ഭരണത്തെ നിരീക്ഷിക്കാന്‍ സിപിഎം ഫ്രാക്ഷന് കമ്മിറ്റി രുപീകരിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഒരിക്കല്‍ പോലും ചേരുകയോ ഭരണ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയോ ചെയ്്തിട്ടില്ല. അതുകൊണ്ട് തന്നെ കെഎസ്ടിപി റോഡ് പ്രവൃത്തിയടക്കമുള്ള കാര്യങ്ങളില്‍ വണ്മാന് ഷോയ്ക്ക് മുതിര്‍ന്ന രമേശനെതിരെ പാര്‍ട്ടിക്കും മിണ്ടാട്ടമില്ലാതായി. കാഞ്ഞങ്ങാട് ഏരിയാ കമ്മറ്റി അംഗം അഡ്വ.പി.അപ്പുക്കുട്ടന് കണ്‍വീനറും നഗരസഭ പരിധിയിലെ നാലു ലോക്കല്‍ സെക്രട്ടറിമാരും രണ്ട് പ്രധാന നേതാക്കളുമടങ്ങുന്നതാണ് കമ്മറ്റി. കെഎസ്ടിപി റോഡ് നിര്‍മാണം സംബന്ധിച്ച് മുസ്ലിംലീഗിന്റെ ഭാഗത്ത് നിന്ന് അഴിമതിയാരോപണം വന്നത് പാര്‍ട്ടി തലത്തിലായിരുന്നു. ആ സമയത്തും രമേശന് അത് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാന്‍ നിന്നില്ല. പിന്നീട് നഗരത്തിലെ മാലിന്യം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലും ഇതേ നിലപാടാണ് രമേശന് തുടര്‍ന്നത്.
കാഞ്ഞങ്ങട് നഗരം ഒറ്റ ദിവസംകൊണ്ട് ശുദ്ധീകരിക്കാനിറങ്ങിയ നഗരസഭ ചെയര്‍മാനെതിരെ മുസ്ലീം ലീഗും കൊമ്പ് കോര്‍ക്കുന്നു. ലീഗ് ആധിപത്യമുള്ള തൊഴിലാളി സംഘടനയായ എസ്ടിയുവിന്റെ നേതൃത്വത്തില്‍ ഇന്നലെ നഗരസഭ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പുതുവര്‍ഷം പുതുനഗരം പരിപാടിയില്‍ ശേഖരിച്ച് മാലിന്യം മത്സ്യമാര്‍ക്കറ്റില്‍ കുഴിച്ചിടാനെത്തിയ ചെയര്‍മാനെയും കൂട്ടരെയും മാര്‍ക്കറ്റിലെ തൊഴിലാളികള്‍ തടഞ്ഞിരുന്നു. ഇവരുമായി അനുരഞ്ജനം നടത്തിയ ചെയര്മാന് പിന്നീട് തൊഴിലാളികള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചതാണ് മാര്‍ച്ച് നടത്താന്‍ കാരണം. പൊതുസ്ഥലമായ കാഞ്ഞങ്ങാട് മത്സ്യ മാര്‍ക്കറ്റില്‍ മാലിന്യം തള്ളാന്‍ നേതൃത്വം നല്കിയ നഗരസഭ ചെയര്‍മാനെതിരെയാണ് ആദ്യം പൊലിസ് കേസെടുക്കേണ്ടതെന്ന് മാര്‍ച്ചില്‍ സംസാരിച്ച് എസ്ടിയു സംസ്ഥാന വൈസ് പ്രസിഡന്റ്എ.അബ്ദുറഹ്മാന് പറഞ്ഞു. നഗരസഭ ഭരണം എന്തെന്ന് പഠിച്ചിട്ട് വേണം മാലിന്യ സംസ്കരണമടക്കമുള്ള പ്രശ്നത്തില്‍ ഇടപെടാനെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കാഞ്ഞങ്ങാട് നഗരത്തില്‍ കെഎസ്ടിപി റോഡ് നിര്‍മാണത്തില്‍ അഴിമതിയുണ്ടെന്ന് ആദ്യം പറഞ്ഞത് മുസ്ലീം ലീഗായിരുന്നു. ചെയര്മാന് ഇതില്‍ പങ്കുള്ളതായി ആരോപണമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കേസിന് പിന്നിലുള്ളതെന്നും പറയുന്നു. അതേ സമയം ഇന്നലെ ചെമ്മട്ടംവയല്‍ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യപ്രശ്നം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ലീഗ് കൗണ്‍സിലര്‍മാര്‍ വിട്ട് നിന്നതും ചെയര്‍മാനെതിരെയുള്ള പ്രതിഷേധത്തെയാണ് ചൂണ്ടിക്കാട്ടുന്നത്. പുതുവര്‍ഷം പുതുനഗരം പരിപാടിയില്‍ തുടക്കം മുതലുള്ള പ്രശ്നങ്ങള്‍ നഗരസഭ ഭരണം സിപിഎമ്മിന് സുഖമുള്ളതാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: