ചേര്‍ത്തല: വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ സഹോദരനെ കൊന്നു സെപ്റ്റിക്ക് ടാങ്കില്‍ തള്ളിയതാണെന്ന് മദ്യലഹരിയില്‍ സഹോദരന്‍ പറഞ്ഞതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തി. എന്നാല്‍ ഷാപ്പിലിരുന്ന് തമാശയ്‌ക്ക് പറഞ്ഞതാണെന്നും ഇതില്‍ കഴമ്പില്ലെന്നും അന്വേഷണം നടത്തിയ പോലീസ് വ്യക്തമാക്കി. പള്ളിപ്പുറം പത്മപുരം ക്ഷേത്രത്തിന് സമീപം കോവിലകത്ത് സുധീര്‍ ബാബുവി(25)നെയാണ് 2001ല്‍ കാണാതായത്. ഏറെ നാള്‍ വിദേശത്തായിരുന്ന സുധീര്‍ വീട്ടിലെത്തിയ ശേഷം ബംഗഌരുവില്‍ സുഹൃത്തിനെ കാണുവാനായി പോയതാണ്. പിന്നെ മടങ്ങിവന്നിട്ടില്ല.
ഇതുസംബന്ധിച്ച് വീട്ടുകാര്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പുതുവല്‍സരാഘോഷത്തിനിടെ സുധീറിന്റെ സഹോദരനാണ് ഇയാളെ കൊന്നു തള്ളിയതാണെന്ന് സുഹൃത്തുക്കളോട് പറഞ്ഞത്. ഇവരിലാരോ ജില്ലാ പോലീസ് മേധാവിക്ക് വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ചേര്‍ത്തല സിഐ വി.എസ്. നവാസിന്റെ നേതൃത്വത്തില്‍ ഇന്നലെ വൈകിട്ട് സുധീറിന്റെ വീട്ടിലെത്തി തൊഴിലാളികളുടെ സഹായത്തോടെ സെപ്റ്റിക്ക് ടാങ്ക് പൊളിച്ച് പരിശോധന നടത്തിയത്. എന്നാല്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.
















