കുന്നത്തൂര്‍: ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും ഗുണഭോക്താക്കള്‍ക്ക് പ്രയോജനം ലഭ്യമാക്കാതെ ശൂരനാട് വടക്ക് പഞ്ചായത്തിലെ വൃദ്ധസദനം നശിക്കുന്നു. ശൂരനാട് വടക്ക് പുലിക്കുളത്താണ് പഞ്ചായത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ച വൃദ്ധസദനം തുറക്കാതെ കിടക്കുന്നത്. തെരഞ്ഞെടുപ്പ് നേട്ടത്തിനായി കഴിഞ്ഞ ഇടത് പഞ്ചായത്തുസമിതി തിരക്ക് പിടിച്ച് വൃദ്ധസദനം ഉദ്ഘാടനം നടത്തിയത് അന്ന് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.
കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതിന് ശേഷം നടത്തിപ്പിനെ സംബന്ധിച്ച് വ്യക്തമായ നടപടികള്‍ എടുക്കാതെ ഉദ്ഘാടനം ചെയ്തത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
സന്നദ്ധ സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും ഫണ്ട് സ്വരൂപിച്ച് വൃദ്ധസദനം പ്രവര്‍ത്തിപ്പിക്കാമെന്നായിരുന്നു പഞ്ചായത്ത് ഭരണസമതിയുടെ കണക്കുകൂട്ടല്‍. അറുപത് പിന്നിട്ട വയോജനങ്ങളില്‍ നിന്ന് അപേക്ഷയും സ്വീകരിച്ചു.
ആ അപേക്ഷകള്‍ ഇന്നും ഫയലിറുങ്ങുകയാണ്. വൃദ്ധസദനത്തിന്റെ ഉദ്ഘാടനത്തിലൂടെ തെരഞ്ഞെടുപ്പ് നേട്ടംകൊയ്ത് വീണ്ടും അധികാരത്തിലേറിയ സിപിഎം ഈ സദനത്തെ ഇപ്പോള്‍ മറന്ന മട്ടാണ്. ഇപ്പോള്‍ ഇവിടം സാമൂഹികവിരുദ്ധരുടെ താവളമായി മാറിയിട്ടുണ്ട്. ഇവിടുത്തെ ശുചിമുറികളും മറ്റും നശിപ്പിച്ച നിലയിലാണ്. വയോജനങ്ങള്‍ക്ക് ഉപകാരപ്രദമായില്ലെങ്കിലും സമീപവാസികള്‍ക്ക് കൃഷിസ്ഥലമായി ഉപയോഗിക്കാന്‍ കഴിയുന്നു എന്നുള്ളത് മാത്രമാണ് ഈ വൃദ്ധസദനം കൊണ്ടുള്ള നേട്ടം.
















