ചാത്തന്നൂര്‍: വേനല്‍ച്ചൂട് കനക്കുമ്പോള്‍ ആശ്വാസം പകര്‍ന്ന് ഓറഞ്ചിനു വിലകുറവ്. മഹാരാഷ്‌ട്രയിലെ നാഗ്പൂരില്‍ നിന്നും അമരാവതിയില്‍ നിന്നുമുള്ള വരവ് വര്‍ധിച്ചതാണ് വിലക്കുറവിന് കാരണം. നാഗ്പൂരില്‍ നിന്നുള്ള ഓറഞ്ചുകള്‍ക്ക് മുമ്പെങ്ങുമില്ലാത്തവിധം സംസ്ഥാനത്ത് ഓറഞ്ച് വില്‍പനക്കാരുടെയും ആവശ്യക്കാരുടെയും എണ്ണം വര്‍ധിച്ചു. ശരാശരി നൂറിലധികം ഓറഞ്ച് ലോറികളാണ് കേരളത്തിലേക്ക് ദിവസേന എത്തുന്നത്. ഒരു ലോറിയില്‍ ഒമ്പത് ടണ്ണുണ്ടാവും. നാഗ്പൂരില്‍ നിന്നെത്തുന്ന ഓറഞ്ചിനാണ് കൂടുതല്‍ ആവശ്യക്കാരുള്ളത്. കിലോക്ക് 30 രൂപക്ക് വരെ ഈ ഓറഞ്ച് ലഭിക്കും. നൂറു രൂപക്ക് മൂന്നരകിലോ വരെ വില്‍ക്കുന്നവരുമുണ്ട്. അടുത്തെങ്ങും സംസ്ഥാനത്ത് ഓറഞ്ചിന് ഇത്രയും വില കുറഞ്ഞിട്ടില്ല. നാഗ്പൂരില്‍ മികച്ച വിളവ് ലഭിച്ചതാണ് കേരളത്തിലേക്കുള്ള ഓറഞ്ചിന്റെ വരവ് കൂട്ടിയത്. ചെറിയ പെട്ടിലോറികളില്‍ നിറയെ ഓറഞ്ചുമായെത്തുന്ന കച്ചവടക്കാര്‍ റോഡുകള്‍ കേന്ദ്രീകരിച്ചാണു വില്‍പന നടത്തുന്നത്. വേനല്‍ചൂട് ശക്തിപ്പെട്ടതോടെ ഓറഞ്ച് ജ്യൂസിനും ആവശ്യക്കാരേറെയാണ്. കൊല്ലം പാരിപ്പള്ളി ദേശീയ പാതയോരത്ത് അന്യസംസ്ഥാനക്കാരാണ് ഓറഞ്ച് ജ്യൂസ് കൂടുതലും വില്‍ക്കുന്നത്. എന്നാല്‍ ഓറഞ്ച് വില കുറവാണെങ്കിലും കൂള്‍ ബാറുകളില്‍ ഓറഞ്ച് ജ്യൂസിനു പഴയവില തന്നെയാണ് ഈടാക്കുന്നത്.
















