പത്തനംതിട്ട: റവന്യുജില്ലാ സ്കൂള്‍ കലോത്സവം നാളെ മുതല്‍ എട്ടുവരെ തിരുവല്ല തിരുമൂലപുരത്ത് അഞ്ച് സ്കൂളുകളിലെ പത്തുവേദികളിലായി നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ജില്ലയിലെ 450ല്‍ പരം സ്കൂളുകളില്‍ നിന്നായി 4519 കുട്ടികള്‍ 325 ഇനങ്ങളിലായി മത്സരിക്കും.
യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളുടെ മത്സരങ്ങള്‍ ജനറല്‍ വിഭാഗത്തിലും സംസ്കൃതോത്സവം, അറബി കലോത്സവം വേറെ വിഭാഗങ്ങളിലുമായി നടക്കും. തിരുമൂലപുരം തിരുമൂലവിലാസം യുപി സ്കൂളാണ് പ്രധാന വേദി. എസ്എന്‍വിഎച്ച്എസ്, സെന്റ് തോമസ് എച്ച്എസ്എസ്, ബാലികാമഠം എച്ച്എസ്എസ്, എംഡിഇഎംഎല്പിഎസ് എന്നിവിടങ്ങളിലും മത്സരവേദികളുണ്ടാകും. നാളെ രാവിലെ ഒമ്പതിന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്‍.ഐ. അഗസ്റ്റിന് പതാക ഉയര്‍ത്തും. തുടര്‍ന്ന് ജില്ലയിലെ 11 വിദ്യാഭ്യാസ ഉപജില്ലകളില്‍ നിന്നും കലോത്സവങ്ങളില്‍ ഒന്നാംസ്ഥാനം നേടിയ കുട്ടികളുടെ രജിസ്ട്രേഷന് ആരംഭിക്കും. തിരുമൂലപുരം ഇരുവള്ളിപ്ര സെന്റ് തോമസ് എച്ച്എസ്എസിലാണ് രജിസ്ട്രേഷന്. തുടര്‍ന്ന് വിവിധ രചനാമത്സരങ്ങള്‍ സെന്റ് തോമസ് എച്ച്എസ്എസിലെ ക്ലാസ് മുറികളിലായി നടക്കും.
ഉദ്ഘാടനസമ്മേളനത്തിനു മുന്നോടിയായ സാംസ്കാരിക ഘോഷയാത്ര തിരുവല്ല സിഎസ്ഐ ബധിര – മൂക വിദ്യാലയത്തില്‍ നിന്ന് ആരംഭിക്കും. തിരുവല്ല ഡിവൈഎസ്പി കെ.ജയകുമാര്‍ ഫ്ളാഗ് ഓഫ് ചെയ്യും. ജനപ്രതിനിധികള്‍, സാംസ്കാരിക നായകര്‍, വിദ്യാര്‍ഥികള്‍, സന്നദ്ധ സംഘടന പ്രതിനിധികള്‍, കലാരൂപങ്ങള്‍ എന്നിവ അണിനിരക്കും. 4.30ന് തിരുമൂലവിലാസം യുപി സ്കൂളിലെ പ്രധാന വേദിയില്‍ (തുഞ്ചത്തെഴുച്ഛന് നഗര്‍) രാജ്യസഭ ഉപാധ്യക്ഷന്‍ പ്രഫ.പി.ജെ. കുര്യന് കലോത്സവം ഉദ്ഘാടനം ചെയ്യും. മാത്യു ടി.തോമസ് എംഎല്‍എ അധ്യക്ഷത വഹിക്കും. നഗരസഭ ചെയര്മാന് കെ.വി. വര്‍ഗീസ് ആമുഖ പ്രഭാഷണം നടത്തും. കലാമത്സരങ്ങളുടെ ഉദ്ഘാടനം ആന്റോ ആന്റണി എംപിയും മുഖ്യപ്രഭാഷണം കെ.എന്‍. ബാലഗോപാല്‍ എംപിയും നിര്‍വഹിക്കും. അധ്യാപക അവാര്‍ഡു ജേതാക്കളെ രാജു എംഎല്‍എ ആദരിക്കും. ആര്‍ച്ച് ബിഷപ് ഡോ.തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തും. ലോഗോ തയാറാക്കിയ കിടങ്ങന്നൂര്‍ എസ് വിജിവിഎച്ച്എസ്എസിലെ മേഘന എസ്.കുമാറിനു കിന്‍ഫ്ര ചെയര്മാന് കെ.ഇ. അബ്ദുള്‍ റഹ്മാന് പുരസ്കാരം സമ്മാനിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, ഡിഡിഇ എന്‍.ഐ. അഗസ്റ്റിന്, കെ.എം.എം. സലിം എന്നിവര്‍ പ്രസംഗിക്കും.
സെന്റ് തോമസ് എച്ച്എസ്എസിന്റെ ഗ്രൗണ്ടിലാണ് ഭക്ഷണശാല ക്രമീകരിച്ചിരിക്കുന്നത്. അഞ്ചിനു രാവിലെ ഒമ്പതിന് നൃത്തമത്സരങ്ങള്‍ക്കു തുടക്കമാകും. കലോത്സവത്തിന്റെ സമാപനസമ്മേളനം എട്ടിനു വൈകുന്നേരം ആറിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്മാന് കെ.വി. വര്‍ഗീസ് അധ്യക്ഷത വഹിക്കും. അഡ്വ.കെ. ശിവദാസന്‍ നായര്‍ എംഎല്‍എ അനുമോദനപ്രസംഗം നടത്തും. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ സമ്മാനദാനം നിര്‍വഹിക്കും. കലോത്സവത്തിന്റെ വിജയത്തിനായി ജനപ്രതിനിധികള്‍ ചെയര്മാന്മാരും അധ്യാപക സംഘടന ഭാരവാഹികള്‍ കണ്‍വീനര്‍മാരുമായി 15 സബ്കമ്മിറ്റികള്‍ പ്രവര്‍ത്തനം നടത്തിവരുന്നു.
പത്തനംതിട്ട വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ കെ.പി. പ്രസന്നന്, തിരുവല്ല നഗരസഭ ചെയര്മാന് കെ.വി. വര്‍ഗീസ്, കമ്മിറ്റി ഭാരവാഹികളായ കെ.സജീവ്, നിസാമുദ്ദീന്‍, പി.ജെ. വര്‍ഗീസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: