ആലപ്പുഴ: വില്ലേജ് ഓഫീസുകളില്‍ കൈക്കൂലി വ്യാപകമാണെന്ന് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഓപ്പറേഷന്‍ഗ്രാമം എന്ന പേരില്‍ വിജിലന്‍സ് നടത്തിയ പരിശോധനകള്‍ ഫലം കാണുന്നില്ല. പല വില്ലേജ് ഓഫീസുകളിലും ജനങ്ങള്‍ക്ക് കാര്യങ്ങള്‍ നടക്കണമെങ്കില്‍ ഇടനിലക്കാര്‍ കനിയണം.
ആഴ്ചകള്‍ക്ക് മുമ്പാണ് ഓപ്പറേഷന്‍ഗ്രാമം എന്ന പേരില്‍ വിജിലന്‍സ് സംസ്ഥാന വ്യാപകമായി വില്ലേജ് ഓഫീസുകളില്‍ പരിശോധന നടത്തിയത്. വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു സംസ്ഥാന വ്യാപകമായ പരിശോധന നടത്തിയത്.
വിവിധ വില്ലേജ് ഓഫീസുകളില്‍ നടത്തിയ പരിശോധനകളില്‍ പലയിടത്തും വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. ചിലയിടങ്ങളില്‍ ഓഫീസിലുണ്ടായിരുന്ന പണത്തിനു കൃത്യമായ രേഖകള്‍ ഹാജരാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞതുമില്ല. പരിശോധന കഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ടെങ്കിലും ക്രമക്കേടുകള്‍ കണ്ടെത്തിയ ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ക്കെതിരേ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
മുന്‍കാലങ്ങളില്‍ ഇത്തരം ക്രമക്കേടുകള്‍ കണ്ടെത്തുന്ന ഓഫീസുകളിലെ ജീവനക്കാരെ സ്ഥലം മാറ്റുന്നതടക്കമുള്ള നടപടികള്‍ റവന്യു വകുപ്പ് സ്വീകരിച്ചിരുന്നു.
എന്നാല്‍ ഇത്തവണ അത്തരം നടപടികള്‍ സ്വീകരിക്കാത്തതിനു കാരണം ഭരണാനുകൂല സംഘടനയുടെ നിലപാടാണെന്നാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്.
വില്ലേജ് ഓഫീസുകളിലെ അഴിമതികള്‍ക്കെതിരേ വിജിലന്‍സ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയതിനുശേഷവും വില്ലേജ് ഓഫീസുകളില്‍ അഴിമതിക്ക് കുറവില്ലെന്നാണ് ആരോപണം. നിയമാനുസൃതമല്ലാത്ത കാര്യങ്ങള്‍പോലും ഇടനിലക്കാരിടപ്പെട്ട് നടത്തിക്കൊടുക്കുകയാണെന്നാണ് ആക്ഷേപം. ഇത്തരക്കാര്‍ക്ക് വാങ്ങുന്ന തുകയുടെ നിശ്ചിത ശതമാനം കമ്മീഷനായി നല്‍കുകയാണ് പതിവ്. വിജിലന്‍സ് പരിശോധനയ്‌ക്കുശേഷം വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍്കുന്നതുമായി ബന്ധപ്പെട്ടു വാങ്ങിയിരുന്ന കൈക്കൂലി ഇരട്ടിയാക്കിയതായും ആക്ഷേപമുണ്ട്.















