തൊടുപുഴയിലെ സംഘപരിവാര്‍ സംഘടനകള്‍ക്ക് ഡിസംബര്‍ മാസം വളരെ തിരക്കുപിടിച്ചതായിരുന്നു. വിശേഷിച്ചും 27-ാം തീയതി അവസാനിച്ച രണ്ടുമാസക്കാലം. ഇക്കാലത്തിനിടയില്‍ വ്യത്യസ്തങ്ങളായ മൂന്നു ശിബിരങ്ങള്‍ അവിടെ നടന്നു. മൂന്നും ആദ്യന്തം വിജയപ്രദങ്ങളുമായിരുന്നു. രണ്ടുശിബിരങ്ങള് സംസ്ഥാനതലത്തിലും ഒരെണ്ണം ജില്ലാതലത്തിലുമുള്ളതായിരുന്നു.
ആദ്യം നടന്ന ശിബിരം, കേരള എന്‍ജിഒ സംഘത്തിന്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ളതായിരുന്നു. അതായത് ഒരു സര്‍വീസ് സംഘടനയുടെ സംസ്ഥാന സമ്മേളനം. അതില്‍ പങ്കെടുക്കാന്‍ എല്ലാ ജില്ലകളില്‍നിന്നുമായി 350 ല്‍പ്പരം പ്രതിനിധികളെത്തിയിരുന്നു. ഒന്നാം ദിവസം വര്‍ണശബളവും ആവേശകരവുമായ ശോഭായാത്രയും പൊതുയോഗവും നടന്നു. സംഘപരിവാറില്‍പ്പെട്ട ഒരു സര്‍വീസ് സംഘടനയുടെ ഇത്തരം ഒരു പ്രകടനം ആദ്യമായാണ് തൊടുപുഴയില്‍ നടക്കുന്നത്. 20 വര്‍ഷങ്ങള്‍ക്കുമുമ്പ് അവിടെ സംസ്ഥാന സമ്മേളനം നടത്തപ്പെട്ടപ്പോള്‍ നൂറില്‍ താഴെ പ്രതിനിധികളെ ഉണ്ടായിരുന്നുള്ളൂവത്രെ.
രണ്ടാം ദിവസം നടന്ന സെമിനാറില്‍ സര്‍വീസ് സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തിരുന്നു. തൊഴിലാളി, സേവന, പ്രവര്‍ത്തനങ്ങളില്‍ ഭാരതീയ മസ്ദൂര്‍ സംഘവുമായി ബന്ധപ്പെട്ട ഒരു പ്രസ്ഥാനവും അയിത്തം ആചരിക്കുന്നില്ല. തുടക്കം മുതല്‍ അതായിരുന്നു നയം. ബിഎംഎസ് സ്ഥാപകന്‍ ദത്തോപന്ത് ഠേംഗ്ഡി ഒരിക്കലും തൊട്ടുകൂടായ്മ ആചരിച്ചിരുന്നില്ല. എന്നുതന്നെയല്ല സകല തൊഴിലാളി പ്രസ്ഥാന നേതാക്കളുമായി ഉറ്റ സൗഹൃദം നിലനിര്‍ത്തുകയും ചെയ്തു. ആ സമീപനത്തെ അതിന്റെ ഭാവാത്മകമായ രീതിയില്‍ അംഗീകരിക്കേണ്ടതിനു പകരം, ഭയപ്പാടോടെയാണ് അവരുടെ നേതാക്കള്‍ കണ്ടിരുന്നത്. തൊഴിലാളി വര്‍ഗം വിശാലമായ മാനവതയുടെ ഭാഗമാണെന്ന മനോഭാവം, വര്‍ഗസമരത്തിന്റെയും വര്ഗശത്രുതയുടെയും മൂശയില്‍ വാര്‍ത്തെടുക്കപ്പെട്ട മറ്റുള്ളവര്‍ക്ക് ദഹിക്കുന്നതായിരുന്നില്ല. അതുകൊണ്ടുതന്നെയാണ് ബിഎംഎസിന് ഭാരതത്തിലെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനമാകാന്‍ കാല്‍നൂറ്റാണ്ടുമുമ്പുതന്നെ കഴിഞ്ഞതും ലോക തൊഴിലാളി സംഘടനയില്‍ ഏതാണ്ട് ഭാരതത്തിന്റെ സ്ഥിരം പ്രതിനിധിത്വം ലഭിച്ചതും.
സര്‍ക്കാര്‍ ജീവനക്കാരുടെ സേവനത്തിനും ജീവിതസാഹചര്യത്തിനും മേല്‍ നീരാളിപ്പിടുത്തം ഇട്ടിട്ടുള്ള ഇടത്, വലത്, കോണ്‍ഗ്രസ് സംഘടനകളോട് അവര്‍ക്ക് ചളിപ്പും മടുപ്പും വന്നുതുടങ്ങിയെന്ന് സമ്മേളനത്തിലെത്തിയ പല പ്രതിനിധികളോടും സംസാരിച്ചതില്‍നിന്നു മനസ്സിലായി. സെക്രട്ടറിയേറ്റിലും സര്‍വകലാശാലകളിലും മറ്റു സ്ഥാപനങ്ങളിലും അതിന്റെ പ്രത്യാശാനിര്‍ഭരമായ പ്രതികരണങ്ങള്‍ കാണുന്നുണ്ടെന്നു പ്രതിനിധികളില്‍നിന്നു മനസ്സിലായി.
സമ്മേളനത്തിന്റെ നടത്തിപ്പു സംബന്ധമായി, സങ്കീര്‍ണവും ഭാരിച്ചതുമായ വ്യവസ്ഥകള്‍ തൊടുപുഴയിലെ സംഘബന്ധുക്കള്‍ ഉത്തമമായ രീതിയില്‍ ഏര്‍പ്പെടുത്തിയെന്നത് അഭിനന്ദനാര്‍ഹമാണ്. പ്രതിനിധികളും ഭാരവാഹികളും തങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളുടെ സങ്കീര്‍ണതകളെയും അവയോട് സര്‍ക്കാര്‍ കൈക്കൊള്ളുന്ന നിഷേധാത്മകവും വിവേചനപരവുമായ സമീപനത്തെ വിശദമായി ചര്‍ച്ച ചെയ്തു. ആരെയെങ്കിലും പ്രത്യേകമായി എടുത്തു പരാമര്‍ശിക്കാന്‍ ഈ അവസരം ഉപയോഗിക്കുന്നില്ല.
രണ്ടാമതായി പറയാനുള്ളത് 18 മുതല്‍ 27 വരെ നടന്ന സംസ്കൃത പ്രശിക്ഷണ ശിബിരമാണ്. അതും സംസ്ഥാനതലത്തിലുള്ള സംസ്കൃത പ്രേമികളുടെ ശിബിരം എന്നതിനേക്കാള്‍ ദേവഭാഷാബോധനം നല്കാന് പരിശീലിക്കുന്നവര്‍ക്കുള്ള അഭ്യാസവര്ഗമായി കാണുന്നതാണ് ശരി. തൊടുപുഴയ്ക്കടുത്ത് കുമാരമംഗലം എംകെഎന്‍എം ഹയര്‍ സെക്കന്ററി സ്കൂളായിരുന്നു വേദി. ഏതാണ്ട് 200 പേര് അധ്യേതാക്കളും അധ്യാപകരുമായി 10 ദിവസം അവിടെ കഴിഞ്ഞുകൂടിയിരുന്നു. അവരില്‍ പകുതിയോളം സ്ത്രീകളായിരുന്നു. കുമാരമംഗലം ഗ്രാമത്തില്‍ മുപ്പതുവര്‍ഷം മുമ്പ് ആത്മീയ നവോത്ഥാനത്തിന് ഹരിശ്രീ കുറിച്ച ശ്രീമദ് വേദാനന്ദ സരസ്വതി സ്വാമികള്‍, ദേവവാണി നമ്മെ എങ്ങനെ ഉന്നതിയിലേക്കു നയിക്കുമെന്നു വിശദമാക്കിയ അനുഗ്രഹപ്രഭാഷണത്തോടെ ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ് നാസര്‍ പഴയരി മനോഹരമായ ആശംസാ പ്രഭാഷണം നടത്തി.
സംസ്കൃതമയമായ അന്തരീക്ഷത്തില്‍ നടന്ന ശിബിരം തീര്‍ച്ചയായും അതില്‍ പങ്കെടുത്തവര്‍ക്കും അതു വിജയിപ്പിക്കാന്‍ രാപ്പകലില്ലാതെ അധ്വാനിച്ച നാട്ടിലെ പരിവാര്‍ പ്രവര്‍ത്തകര്‍ക്കും ഉള്ക്കുളിരുണ്ടാക്കി.
നിരവധി വര്‍ഷങ്ങളായി സംസ്കൃത പ്രചാരണത്തിന് ജീവിതമുഴിഞ്ഞുവെച്ച ചേര്‍ത്തലയിലെ പ്രൊഫസര്‍ ഉണ്ണികൃഷ്ണന്, പ്രചാരക് ഉണ്ണികൃഷ്ണന്, ദേശീയ സംഘടനാകാര്യ ദര്‍ശി നന്ദകുമാറും കുടുംബവും തുടങ്ങിയവരുടെ പ്രയത്നമാണ് ഇങ്ങനത്തെ ശിബിരങ്ങള്‍ സാധ്യമാക്കിയത്. ശിബിരത്തിനുമുന്പ് രണ്ടാഴ്ചക്കാലം സമീപഗ്രാമങ്ങളില്‍ നടത്തപ്പെട്ട സംസ്കൃത സംഭാഷണ ശിബിരം നാട്ടില്‍ വമ്പിച്ച ഉത്സാഹമുണര്‍ത്തി. ശങ്കിച്ചും വിമനസ്കരായും അതില്‍ പങ്കെടുക്കാന്‍ പോയിത്തുടങ്ങിയവര്‍, അത്യന്തം ഉത്സാഹഭരിതരായിത്തീര്ന്നുവെന്നുപറഞ്ഞാല് മതിയല്ലൊ.
സംസ്കൃത പ്രതിഷ്ഠാനത്തിന്റെ രൂപീകരണത്തിനും പ്രചാരണത്തിനുമായി അരനൂറ്റാണ്ടുമുമ്പുതന്നെ ഉത്സാഹിച്ചിരുന്ന കേരളത്തിലെ ആദ്യസംഘ പ്രചാരകന്മാരില് പെടുന്ന വി.ശ്രീകൃഷ്ണശര്മയെ കൃതജ്ഞതയോടെ സ്മരിച്ചുകൊണ്ടേ സംസ്കൃത ശിബിരത്തെ എനിക്കു കാണാന്‍ കഴിയൂ. 1973-74 കാലത്ത് ശര്മാജിയുടെ ഉത്സാഹത്തില്‍ തിരുവനന്തപുരത്തും കോട്ടയത്തും മറ്റും സംസ്കൃത പ്രേമി സംഘങ്ങള്‍ ആരംഭിച്ചതും അതിന്റെ സമ്മേളനങ്ങളില്‍ പരമേശ്വര്‍ജിയും രാമന്‍പിള്ളയും മറ്റും പങ്കെടുത്തതും ഓര്‍ക്കുന്നു. ഇരിങ്ങാലക്കുടയ്ക്കടുത്ത് ഒരു സംസ്കൃതഗ്രാമം തന്നെ രൂപംകൊണ്ടുവരുന്ന കാര്യവും ശ്രദ്ധേയമാണ്.
ശിബിരം നടന്ന വിദ്യാലയം എന്നും സംഘത്തിന്റെ ആവശ്യത്തിന്, അതിന്റെ ഉടമയായ എം.കെ.ദാസ് മലയാറ്റില്‍ അനുവദിച്ചു തരാറുണ്ട്. 1998 ലെ ദ്വിതീയ വര്‍ഷ സംഘശിക്ഷാവര്‍ഗ് അവിടെ നടന്നിരുന്നു. ദാസിന്റേയും അധ്യാപകരുടെയും കഠിനാധ്വാനം ആ വിദ്യാലയത്തെ കേരളത്തിലെ ഏറ്റവും മികച്ചതാക്കിത്തീര്ത്തിട്ടുണ്ട്.
മൂന്നാമത്തെ ശിബിരം മൂവാറ്റുപുഴ സംഘജില്ലയുടെ പ്രാഥമിക ശിക്ഷണ ശിബിരമായിരുന്നു. അതും 18 മുതല്‍ 27 വരെ തീയതികളില്‍ നടന്നു. തൊടുപുഴയിലെ വിദ്യാനികേതന്‍ സ്ഥാപനമായ സരസ്വതി വിദ്യാലയത്തിലാണ് അതു നടന്നത്. കേരളത്തിലൊട്ടാകെ നടന്ന 33 ശിബിരങ്ങളില്‍ ഒന്നും സ്ഥിരമായി ചിട്ടപ്പെടുത്തിയ കാര്യക്രമങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായതിനാല്‍ കൂടുതല്‍ വിവരിക്കുന്നില്ല. എന്നാല്‍ ശിബിരത്തിലെ ശിക്ഷാര്‍ത്ഥിയായ വിഷ്ണു പെട്ടെന്നുണ്ടായ ഹൃദയാഘാതത്തിനിരയായി എന്ന ദുഃഖകരമായ സംഭവമുണ്ടായി. കേരളത്തിലെ മുതിര്‍ന്ന പ്രചാരകന് സേതുമാധവനും മറ്റുള്ളവരും ആ ഹതഭാഗ്യന്റെ വീടു സന്ദര്‍ശിച്ച് കുടുംബത്തെ ആശ്വസിപ്പിച്ചു. ചെന്നെയിലുണ്ടായ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്നു ശിബിരങ്ങളിലും സേവാഭാരതിക്ക് സഹായം നല്കി.
തൊടുപുഴപോലത്തെ ചെറിയ സ്ഥലത്തു രണ്ടാഴ്ചയ്ക്കകം മൂന്നു ശിബിരങ്ങള്‍ നടത്തിയത് വലിയൊരു കാര്യം തന്നെയാണ്. സംഘപരിവാര്‍ പ്രവര്‍ത്തനങ്ങളിലെ ആവേശകരമായ അന്തരീക്ഷമാണ് അതു സാധ്യമാക്കിയത്. ഈ നേട്ടം എന്റെ ഹൃദയത്തിലും സ്വകാര്യമായ ഒരു വികാരമുദിപ്പിച്ചു. അതില്‍ എന്റെ പങ്ക് ഒന്നുമില്ലെങ്കിലും ഇവിടുത്തെ ആദ്യകാല പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ കഴിഞ്ഞ സന്തോഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: