രണ്ടു വ്യക്തികള്‍, രണ്ട് സംഭവവികാസങ്ങള്‍, രണ്ട് പ്രതികരണങ്ങള്‍. പകുതി അടച്ച വാതിലിനെ രണ്ടു തരത്തില്‍ നിങ്ങള്‍ക്ക് വിശേഷിപ്പിക്കാം. വാതില്‍ പാതി അടച്ചത്; വാതില്‍ പാതി തുറന്നത്. ഇതില്‍ നിങ്ങള്‍ ഏതുഭാഗത്താണ് എന്നതിനനുസരിച്ചാണ് നിങ്ങളുടെ വ്യക്തിത്വം, സ്വഭാവം, സ്വത്വം. ശുഭാപ്തിവിശ്വാസമുള്ളവര്‍ വാതില്‍ പാതിതുറന്നതെന്നേ പറയൂ. അല്ലാത്തവര്‍ പാതി വാതില്‍ അടച്ചതല്ലേ എന്ന നിലപാടിലായിരിക്കും.
സ്വയം ഊര്‍ജം ഉല്‍പ്പാദിപ്പിക്കുകയും അത് മറ്റുള്ളവര്‍ക്കായി പകര്‍ന്നുകൊടുക്കുകയും ചെയ്യുന്നവര്‍ സംശയമില്ല, പാതിവാതില്‍ തുറന്ന ഭാഗത്തായിരിക്കും. എന്തിലും കുനിഷ്ടും കുന്നായ്മയും കാണുന്നവര്‍, ഉണ്ടാക്കുന്നവര്‍, തടസ്സപ്പെടുത്തുന്നവര്‍ സംശയമെന്ത് പാതി അടച്ച വാതിലേ കാണൂ.
അങ്ങനെയുള്ള അവസ്ഥയില്‍ കേരളത്തില്‍ വന്നുപോയ രണ്ടുനേതാക്കളെ ഓര്‍മ്മിക്കുക. ഒന്ന് നമ്മുടെ പ്രധാനമന്ത്രി തന്നെ. മറ്റെയാള്‍ ആ പദം ഏറെ ആഗ്രഹിച്ച് ഒടുവില്‍ കൊമ്പൊടിഞ്ഞനിലയിലെത്തി ധാര്‍ഷ്ട്യത്തിന്റെ മേല്‍ക്കുപ്പായം സദാ സര്‍വഥാ ധരിക്കുന്നയാള്‍. ശ്രീനാരായണ ഗുരുവിന്റെ മഹത്വം എന്തെന്നറിയുകയും അത് സ്വജീവിതത്തില്‍ പകര്‍ത്താന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന മോദി കേരളത്തിലെത്തി മൊത്തം ജനങ്ങള്‍ക്കും. ആവേശവും ശുഭാപ്തിവിശ്വാസവും പ്രദാനം ചെയ്തു. ആത്മവിശ്വാസത്തിന്റെ പിന്‍ബലം വ്യക്തികളെ ഏത് പ്രതിസന്ധിയേയും അഭിമുഖീകരിക്കാന്‍ പ്രാപ്തരാക്കും. അതിന്റെ എത്രയെത്ര മനോഹര സൂചകങ്ങളാണ് നമുക്കു മുന്നിലുള്ളത്.
എന്നാല്‍ മുമ്പത്തെ ക്രൂരഭരണാധികാരിയുടെ മരുമകളാണെന്ന ധാര്‍ഷ്ട്യം സമൂഹത്തിലേക്ക് തീക്കനലായി വാരിയെറിഞ്ഞ സോണിയ സംസ്ഥാനത്ത് വന്ന് നടത്തിയ വര്‍ത്തമാനം നിഷേധ (നെഗറ്റീവ്) ഊര്‍ജമാണ് ഉയര്‍ത്തുന്നത്. അത് നശീകരണത്തിന്റെ വൈറസുകള്‍ക്ക് ശക്തി പകരുകയാണ്. സോണിയക്ക് അറിയില്ല ആരാണ് ശ്രീനാരായണഗുരുവെന്ന്. ഗുരുവിനെക്കുറിച്ച് കോണ്‍ഗ്രസിന്റെ ഏതോ പിആര്‍ഒക്കാരന്‍ എഴുതിക്കൊടുത്തത് അങ്ങനെ തന്നെ വായിക്കുകയായിരുന്നല്ലോ.
കേരളത്തില്‍ അടുത്തിടെ ഉരുത്തിരിഞ്ഞ രാഷ്ട്രീയ അന്തരീക്ഷം എങ്ങനെയൊക്കെ കോണ്‍ഗ്രസിനെയും സില്‍ബന്തികളെയും അസ്വസ്ഥപ്പെടുത്തിയെന്നതിന്റെ നേര്‍ചിത്രമാണ് സോണിയയുടെ വാചകമടി. ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങള്‍ ഏറ്റെടുത്തു പ്രചാരകരാകാന്‍ മത്സരിക്കുന്ന ചിലരുടെ ലക്ഷ്യം അധികാരവും സമൂഹത്തെ ഭിന്നിപ്പിക്കലുമാണെന്ന് സോണിയ മൊഴിയുമ്പോള്‍ നേരത്തെ ദല്‍ഹി കോടതിയുടെ പരാമര്‍ശത്തിനെതിരെ പ്രതികരിച്ചത് ഓര്മ വരുന്നില്ലേ? ഞാന്‍ ഇന്ദിരാഗാന്ധിയുടെ മരുമകളാണ് എന്നു പറഞ്ഞ് ആ വെറുക്കപ്പെട്ട നേതാവിന്റെ ക്രൂരമുഖം തനിക്കുണ്ടെന്നല്ലേ വരികള്‍ക്കിടയിലൂടെ വ്യക്തമാക്കിയത്.
ജനാധിപത്യത്തിന് ഇരുമ്പഴി അടിച്ചേല്‍പ്പിച്ച നേതാവിന്റെ ചെയ്തികളുടെ അട്ടിപ്പേറ് ഏറ്റെടുത്ത സോണിയക്ക് ലോകത്തിന് വെളിച്ചം നല്കിയ ഗുരുവിന്റെ ദര്‍ശനങ്ങളെക്കുറിച്ച് പറയാന്‍ പോലുമുള്ള അവകാശമുണ്ടോ? ശ്രീനാരായണ ഗുരുവും അദ്ദേഹത്തിന്റെ നിത്യഹരിതമായ ആശയങ്ങളും ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കുകയും അല്ലാത്തപ്പോള്‍ വലിച്ചെറിയുകയും ചെയ്യുന്ന സുധീരന് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് പ്രഭൃതികളോടായിരുന്നു സോണിയ നാലു വര്‍ത്തമാനം പറയേണ്ടിയിരുന്നത്. രാജവെമ്പാലയുടെ വിഷം ഉള്ളില്‍പേറി മരപ്പാമ്പിന്റെ ഉടല് സ്വീകരിച്ച് സമൂഹത്തിലേക്ക് കാളകൂടം പമ്പുചെയ്യുന്നവരെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് നീക്കം ചെയ്യാനും അവരെ മര്യാദ പഠിപ്പിക്കാനും സോണിയ ശ്രമിച്ചിരുന്നെങ്കില്‍ നേരത്തെ നടത്തിയ പ്രസംഗത്തിന് അല്പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടെന്ന് കരുതാമായിരുന്നു. സംഗതിവശാല്‍ അങ്ങനെ ഉണ്ടായില്ല, ഉണ്ടാവുകയുമില്ല.
പിന്നെ ഇതൊന്നും ഒരുപക്ഷേ, സ്വന്തം കുറ്റമായിരിക്കാന്‍ ഇടയില്ലെന്ന് നേരത്തെ കോണ്‍ഗ്രസിന്റെ മാസികയിലെ ലേഖനം വായിച്ചവര്‍ക്ക് വിലയിരുത്താം. മുംബെയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന കോണ്‍ഗ്രസിന്റെ മുഖമാസികയായ കോണ്‍ഗ്രസ് ദര്ശന് അടുത്തിടെ സോണിയയുടെ കുടുംബത്തിന്റെ അടിവേരുകളിലേക്ക് കണ്ണെറിഞ്ഞ് ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. അതിലെ മൂന്നു നാലു വരികണ്ടാലും: ഇറ്റലിയിലെ ഫാസിസ്റ്റ് സംഘത്തിലെ അംഗമായിരുന്നു സോണിയയുടെ പിതാവ്. ഒരു പാരമ്പര്യവുമില്ലാതെ സോണിയ കോണ്‍ഗ്രസിലെത്തി. 62 ദിവസത്തിനുള്ളില്‍ ദേശീയ അധ്യക്ഷ ആയി. ഇങ്ങനെ ഭാരത ദേശീയതയുടെ സാംസ്കാരികധാരയെക്കുറിച്ചോ, ഈ നാടിന്റെ അസ്തിത്വത്തെപ്പറ്റിയോ, അഭിമാനത്തെ സംബന്ധിച്ചോ തരിമ്പും ബോധമില്ലാതെ വിവരക്കേട് എന്തുകൊണ്ട് സോണിയ വിളമ്പുന്നു എന്നതിന് കോണ്‍ഗ്രസ് പ്രസിദ്ധീകരണം തന്നെ തെളിവല്ലേ? കോണ്‍ഗ്രസിന്റെ 131-ാം ജന്മദിനത്തില് തന്നെയാണ് മറച്ചുവെക്കപ്പെട്ട സത്യം വര്‍ധിതവീര്യത്തോടെ പുറത്തുവന്നത് എന്നത് പ്രത്യേകം എടുത്തു പറയേണ്ടതാണ്.
അതുകൊണ്ടാണ് കോണ്‍ഗ്രസ് ദര്ശന് എന്ന പ്രസിദ്ധീകരണത്തെ സത്യദര്‍ശന്‍ എന്നു വിളിക്കാമെന്ന് കേന്ദ്രമന്ത്രി പ്രകാശ്ജാവ്ദേക്കര്‍ അഭിപ്രായപ്പെട്ടത്. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന മഹത്തായ ഗുരുവചനത്തെ ഒരു ജാതി ഒരു മതം ഒരു രാഷ്ട്രീയം എന്നതിലേക്ക് ചുരുക്കാന്‍ ശ്രമിക്കുന്ന സോണിയാരാഷ്ട്രീയത്തിന് മുഖമടച്ചുള്ള അടികൊടുക്കാന്‍ മലയാളികള്‍ തയ്യാറായില്ലെങ്കില്‍ നാമൊക്കെ ഗുരുവിന്റെ നാട്ടുകാര്‍ എന്നവകാശപ്പെടുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? രാഷ്ട്രതന്ത്രജ്ഞനും രാഷ്ട്രീയക്കാരനും തമ്മിലുള്ള വ്യത്യാസം എന്തെന്ന് മനസ്സിലാക്കാന്‍ സോണിയയുടെ സന്ദര്‍ശനവും വിടുവായത്തവും സഹായിച്ചു എന്ന് പറയാം. കറപറ്റിയാല്‍ നല്ലതല്ലേ എന്ന അലക്കുപൊടിയുടെ പരസ്യം ഇവിടെ ഓര്‍ക്കുക.
**************
മലയാളിയുടെ അഭിമാനവും സ്വകാര്യ അഹങ്കാരവുമായ എം ടി കഴിഞ്ഞ ദിവസം പറഞ്ഞത് ഹൃദയമുള്ള ആരും ഓര്‍ത്തുവെക്കുകയും അതിനനുസരിച്ച് പെരുമാറുകയും ചെയ്യേണ്ടതാണ്. മാനവികത പതുക്കെ നഷ്ടപ്പെടുകയും മനുഷ്യന് വിലകുറഞ്ഞ വസ്തുവായി മാറുകയും ചെയ്യുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. മതവും ജാതിയും പ്രാര്‍ത്ഥനയുമൊക്കെ വേണം. പക്ഷേ, അതിനുമപ്പുറം മാനവികത എന്ന സത്യമുണ്ട്. അതാണ് നമുക്ക് പതിയെ നഷ്ടമാകുന്നത്. മാനവികത മായുകയും നാം ക്രൗര്യത്തിന്റെ അടിമകളാവുകയും ചെയ്യുന്നു. ഇതിന് എന്താണ് പരിഹാരം. ഒന്നേയുള്ളൂ. വളര്‍ന്നു വരുന്ന തലമുറയെ അത് പഠിപ്പിക്കുക, അനുഭവിപ്പിക്കുക, പതിയെപ്പതിയെ മാറ്റമുണ്ടാകും.
അതിന് ഏറ്റവും നല്ല ഒരു ഉദാഹരണമായി കല്യാണ്‍ ജ്വല്ലറി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്റെ പ്രവൃത്തി ചൂണ്ടിക്കാട്ടാം. എന്‍ഡോസള്‍ഫാന്‍ ദുരിതം വിതച്ച കാസര്‍കോട്ടെ ബഡ്സ്കൂളിന് 25 ലക്ഷത്തോളം രൂപയും കുട്ടികള്‍ക്ക് കൈനിറയെ മധുരപലഹാരങ്ങളും നല്കി അദ്ദേഹം. ഏതുത്സവത്തിന്റെ വേളകളിലും കല്യാണിന്റെ സാന്നിധ്യമുണ്ടാകുമെന്ന് വാഗ്ദാനവും ചെയ്തു. അതു മാത്രമല്ല, അദ്ദേഹത്തിന്റെ പേരക്കുട്ടികളെ അവിടെ കൊണ്ടുപോയി ദുരിതത്തിന്റെ കാളിമ കാണിച്ചുകൊടുത്തു. അവരെക്കൊണ്ടാണ് കുട്ടികള്‍ക്ക് മധുര പലഹാരവും മിഠായിയും നല്‍കിച്ചത്. അദ്ദേഹം പറയുന്നത് നോക്കുക: കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ബാധിത കുട്ടികളെക്കുറിച്ച് വായിച്ചപ്പോള്‍ എനിക്കു തോന്നി ജീവിതത്തിന്റെ ഒരു കര മാത്രം കണ്ടുവളരുന്ന എന്റെ പേരക്കുട്ടികളും ഈ മറുകരയും കണ്ടു വളരണമെന്ന്. ഇത്തരം ആളുകളെ സഹായിക്കേണ്ടതു നമ്മുടെ കടമയാണെന്ന് അവര്‍ക്കും നാളെ സ്വയം തോന്നണം.
കുറച്ചു സമ്മാനപ്പൊതികളെങ്കിലും കുട്ടികളുടെ കൈകള്‍കൊണ്ട് അവര്‍ക്കു കൊടുപ്പിക്കണമെന്നു തോന്നി. അതുകൊണ്ടാണു ഞങ്ങള്‍ കുടുംബത്തോടെ ഇവിടെ എത്തിയത്. ഇതു കാരുണ്യമല്ല. ഞങ്ങളുടെ സൗഭാഗ്യങ്ങളെ ഓര്‍ത്ത് ഈശ്വരനു മുന്നില്‍ നമസ്കരിക്കുന്ന സമയമാണ്. മനുഷ്യന് ദൈവത്തിലേക്ക് ഉയരുന്ന അവസ്ഥയാണിത്. ഇത്തരം അവസ്ഥ എങ്ങും നിറയുമ്പോള്‍ നേരത്തെ എം.ടി പറഞ്ഞ അന്തരീക്ഷം മാഞ്ഞു മാഞ്ഞു പോകും. നന്മയുടെ പൂക്കാലത്തിലേക്ക് സമൂഹം പതിയെ ചരിക്കും. 2016 അത്തരം ഒരുപാട് അവസരങ്ങള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: