കുന്നത്തൂര്‍: ശാസ്താംകോട്ട പനപ്പെട്ടിയില്‍ രാത്രി വീട് കയറി ഗുണ്ടാ ആക്രമണം. ആക്രമണത്തില്‍ ബിജെപി പ്രവര്‍ത്തകനും ഭാര്യക്കും പരുക്കേറ്റു. ബൈജു ഭവനത്തില്‍ വിലാസ്, ഭാര്യ വിജി എന്നിവര്‍ക്കാണ് പരിക്ക് . ഇവരെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി ഒമ്പതിനായിരുന്നു സംഭവം.
പ്രദേശത്തെ പ്രധാന ക്രിമിനലായ ചീനിവിള ശ്രീജിത്തിന്റെ നേതൃത്വത്തിലെത്തിയ മൂന്നംഗസംഘമാണ് അക്രമണം നടത്തിയതെന്ന് പരുക്കേറ്റവര്‍ പോലീസില്‍ മൊഴി നല്‍കി. വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്ത ബൈക്ക് തകര്‍ക്കുന്ന ശബ്ദംകേട്ട് പുറത്തിറങ്ങിയ വിലാസിനെ സംഘം അക്രമിക്കുകയായിരുന്നു.
ഇരുമ്പുകമ്പി ഉപയോഗിച്ചായിരുന്നു അക്രമം. സംഭവം കണ്ട് തടസം പിടിക്കാന്‍ ചെന്ന ഭാര്യ വിജിയെയും സംഘം അക്രമിക്കുകയായിരുന്നു. കമ്പിവടി കൊണ്ടുള്ള അക്രമണത്തില്‍ വിലാസിന്റെ തലക്കുണ്ടായ പരുക്ക് ഗുരുതരമാണ്. പ്രദേശത്തെ ഈ ക്രിമിനല്‍ സംഘത്തെ സംരക്ഷിച്ച് പോരുന്നത് ഇടതുവലത് മുന്നണികളാണെന്നും ഇവര്‍ക്ക് പോലീസും സംരക്ഷണം നല്‍കുകയാണെന്നും പ്രദേശവാസികള്‍ ആരോപിച്ചു. ആദ്യം മൊഴിയെടുക്കാന്‍ പലീസ് തയ്യാറായില്ല. ഉദ്യോഗസ്ഥര്‍ ക്രിസ്തുമസ് അവധിയിലാണെന്നാണ് ശാസ്താംകോട്ട പോലീസ് നല്‍കിയ വിശദീകരണം. മര്‍ദ്ദനത്തില്‍ പരുക്കേറ്റ കുടുംബത്തെ ബിജെപി ദക്ഷിണമേഖലാ സംഘടന സെക്രട്ടറി ജി.ഗോപിനാഥ്, മണ്ഡലം പ്രസിഡന്റ് വി.എസ്.വിജയന്‍, ജനറല്‍ സെക്രട്ടറി രാജേന്ദ്രന്‍പിള്ള, പഞ്ചായത്ത് പ്രസിഡന്റ് സത്യദേവന്‍, ജിതിന്‍ദേവ്, ദിനചന്ദ്രന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. അക്രമണത്തില്‍ കേസെടുത്ത് പ്രതികളെ ഉടന്‍ പിടികൂടണമെന്ന് യുവമോര്‍ച്ച ആവശ്യപ്പെട്ടു. മൊഴിയെടുക്കാന്‍ കൂട്ടാക്കാത്ത പോലീസ് നിയമവ്യവസ്ഥതയെ വെല്ലുവിളിക്കുന്നതായും അറസ്റ്റ് വൈകിയാല്‍ പ്രതിഷേധം ശക്തമാക്കുമെന്നും യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് രഞ്ജിത്തും ജിതിന്‍ദേവും പറഞ്ഞു.
















