പത്തനാപുരം: അഗ്‌നിശമനസേനയുടെ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ 75 ലക്ഷം രൂപയുടെ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേഷ് ചെന്നിത്തല. ആവണീശ്വരം നെടുവന്നൂരില്‍ പ്രവര്‍ത്തനമാരംഭിച്ച ഫയര്‍ സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ കുട്ടികളെ നീന്തല്‍ പരിശീലിപ്പിക്കാന്‍ ഫയര്‍മാന്‍മാരെ നിയമിക്കും. സംസ്ഥാനത്തെ ഫയര്‍സ്‌റ്റേഷനില്‍ ഒഴിവുള്ള തസ്തികകള്‍ മൂന്ന് മാസത്തിനകം നികത്തും. നെടുവന്നൂര്‍ ഫയര്‍ സ്‌റ്റേഷനിലേക്ക് ആംബുലന്‍സും റബ്ബര്‍ ഡിങ്കിയും (ബോട്ട്) ഉടന്‍ ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. സംസ്ഥാനത്തെ 112-ാമത്തെ ഫയര്‍സ്‌റ്റേഷനാണ് നെടുവന്നൂരില്‍ ആരംഭിച്ചത്. ജില്ലയിലെ പത്താമത്തെ ഫയര്‍സ്‌റ്റേഷനാണിത്. നിലവില്‍ മുപ്പത് ജീവനക്കാരും രണ്ടുഫയര്‍ എന്‍ജിന്‍ വാഹനങ്ങളും ജീപ്പും അടങ്ങുന്നതാണ് ഇവിടുത്തെ യൂണിറ്റ്. കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. കൊടിക്കുന്നില്‍ സുരേഷ് എംപി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.സജീഷ്, ജില്ലാപഞ്ചായത്തംഗം അഡ്വ.എസ് വേണുഗോപാല്‍, രശ്മി, രാകേഷ്, വി.എസ്.ശശികല, ബാബുമാത്യു, സുഭാഷ് പട്ടാഴി, നെടുവന്നൂര്‍ സുനില്‍, ജി.ആര്‍.രാജീവന്‍ എന്നിവര്‍ സംസാരിച്ചു.
















