കുന്നത്തൂര്‍: പോരുവഴി പഞ്ചായത്തിന്റെ ഉടമസ്ഥതതയിലുള്ള ചക്കുവള്ളി മാര്‍ക്കറ്റില്‍ നിര്‍മ്മാണോദ്ഘാടനം കാര്യക്ഷമമല്ലാത്തതിനാല്‍ മാലിന്യം കുന്നുകൂടുന്നു. ഇത് പകര്‍ച്ചവ്യാധികള്‍ക്ക് വഴിവച്ചേക്കും.
പോരുവഴി ഗ്രാമപഞ്ചായത്തിന്റെ പ്രധാന വരുമാനസ്രോതസായ വ്യാപാരകേന്ദ്രമായിട്ടും ചക്കുവള്ളിമാര്‍ക്കറ്റിനെ പഞ്ചായത്ത് ഭരണസമിതി തീര്‍ത്തും അവഗണിച്ച മട്ടാണ്. വര്‍ഷാവര്‍ഷം മാര്‍ക്കറ്റിന്റെ നടത്തിപ്പ് കരാര്‍ നല്‍കുന്നതല്ലാതെ പഞ്ചായത്ത് പിന്നീട് ഇവിടേക്ക് തിരിഞ്ഞ് നോക്കാറില്ല എന്നാക്ഷേപം ശക്തമാണ്. ദിനവും പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റിലെ മത്സ്യമാംസ അവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും സംസ്‌കരിക്കുവാന്‍ നിലവില്‍ യാതൊരു സൗകര്യവുമില്ല. ഇവ മാര്‍ക്കറ്റിലെ ഓടകളിലാണ് നിക്ഷേപിക്കുക. ഈ മലിനജലം ഒഴുകി പ്രധാന ഓടയിലേക്കും അതുവഴി ചക്കുവള്ളി ചിറയിലേക്കുമാണ് എത്തിച്ചേരുന്നത്. ഇപ്പോള്‍ മാലിന്യം കുന്നുകൂടി ഓട നിറഞ്ഞ് മലിനജലം പ്രധാന പാതയിലേക്ക് ഒഴുകുന്നതും നിത്യസംഭവമായിട്ടുണ്ട്. ഇത് കാല്‍നട യാത്രകാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. കൂടാതെ മാര്‍ക്കറ്റില്‍ നിന്നുള്ള ദുര്‍ഗന്ധം മൂലം വ്യാപാരികളുടെ കാര്യവും കഷ്ടത്തിലാണ്. ഈച്ച, കൊതുക്, തെരുവുനായ ശല്യവും രൂക്ഷമാണ്. ഈ മാര്‍ക്കറ്റിന് സമീപമായിട്ടാണ് ചക്കുവള്ളി പരബ്രഹ്മക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മത്സ്യമാംസാവശിഷ്ടങ്ങള്‍ ക്ഷേത്രവളപ്പിലേക്ക് എത്തിപ്പെടുന്നത് ക്ഷേത്രത്തിന്റെ പരിപാവനതക്ക് കളങ്കം വരുത്തുന്നുെവന്ന് ഭക്തജനങ്ങള്‍ പറഞ്ഞു. നേരത്തെ ഇത്തരത്തില്‍ മാലിന്യപ്രശ്‌നം രൂക്ഷമായപ്പോള്‍ ബിജെപി സമരം നടത്തിയിരുന്നു. പ്രതിഷേധം ഉണ്ടാകുമ്പോള്‍ ക്ലോറിനേഷന്‍ നടത്തി തടിതപ്പുകയാണ് അധികൃതരുടെ രീതി. മാര്‍ക്കറ്റിലെ മാലിന്യനിര്‍മ്മാര്‍ജനത്തിന് ശാശ്വതമായ പോംവഴി വേണമെന്ന ആവശ്യം ശക്തമാണ്.
















