ക്ലൈമാക്സില്‍ രംഗപ്രവേശം ചെയ്യുന്ന ഒരു നായകന് സിനിമയില്‍പ്പോലും അത്യപൂര്‍വമായിരിക്കും. എന്നാല്‍ 2015 ന്റെ ക്ലൈമാക്സില്‍ കേരള രാഷ്ട്രീയം സാക്ഷ്യം വഹിച്ചത് കുമ്മനം രാജശേഖരന് എന്ന നായകന്റെ വരവിനാണ്. ബിജെപിയുടെ അധ്യക്ഷ പദവി ഏറ്റെടുത്തുകൊണ്ട് മുഖ്യധാരാ രാഷ്ട്രീയത്തിലേക്കുള്ള കുമ്മനത്തിന്റെ വരവാണ് മറ്റെല്ലാറ്റിനുമുപരി പോയവര്‍ഷം രാഷ്ട്രീയ കേരളത്തെ അടയാളപ്പെടുത്തിയത്.
കുമ്മനം എന്ന പേരില്‍ തന്നെയുണ്ട് വിമോചനത്തിന്റെ ധ്വനി. നിഷ്ക്രിയത എന്ന വാക്ക് തന്റെ നിഘണ്ടുവിലില്ലാത്ത സംഘാടകന്‍, വികാരവാഹിയായ ശബ്ദത്തില്‍ വസ്തുതകള്‍ എണ്ണിപ്പറഞ്ഞ് അനീതിക്കെതിരെ ജനമനസ്സുകളെ അണിനിരത്തുന്ന ഉജ്വലനായ പ്രഭാഷകന്‍, സമരമുഖങ്ങളില്‍ മിന്നല്‍പ്പിണരായി എതിരാളികളെ വിറകൊള്ളിക്കുകയും അനുയായികള്‍ക്ക് വെളിച്ചം പകരുകയും ചെയ്യുന്ന, മുന്നോട്ടുവച്ച കാല് പിന്നോട്ടെടുക്കാത്ത പ്രക്ഷോഭകാരി, കേരളത്തിന്റെ സാംസ്കാരിക പൈതൃകം വീണ്ടെടുക്കാനും പരിസ്ഥിതി സംരക്ഷിക്കാനും സാമൂഹ്യനീതി കൈവരിക്കാനും ജീവിതം സമരഭരിതമാക്കിയ ജനനായകന്, സര്‍വോപരി ദുഃഖിതരുടെയും പീഡിതരുടെയും കണ്ണീരൊപ്പാന്‍ ആര്‍ക്കുവേണ്ടിയും കാത്തുനില്ക്കാത്ത മനുഷ്യസ്നേഹി. കേരളം ഈ നായകനുവേണ്ടി കാത്തുനില്ക്കുകയായിരുന്നു.
ഐക്യകേരളം എക്കാലത്തും മുന്നണി രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായിരുന്നിട്ടുണ്ട്. അഴിമതിയും ചൂഷണവും അടിച്ചമര്‍ത്തലും ആദര്ശനാട്യവും വര്‍ഗീയതയും പ്രീണനവും അരങ്ങുതകര്ക്കുകയായിരുന്നിടത്തേക്ക് ആദര്‍ശരാഷ്ട്രീയത്തിന്റെ കുങ്കുമഹരിത പതാകയുമേന്തി കുമ്മനം വരുമ്പോള്‍ മാറ്റം അനിവാര്യമാണ്.
കുമ്മനം നായകനായ 2015 ന്റെ ക്ലൈമാക്സ് ഉടന്‍ തീരില്ല. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍വരെ അത് നീണ്ടുനില്‍ക്കും. മറ്റൊരു കേരളം സാധ്യമാണെന്ന സത്യം അന്ധനുപോലും കാണാവുന്ന അക്ഷരങ്ങളില്‍ അപ്പോള്‍ തെളിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: