ചെന്നൈ: ചെന്നൈ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീടു നിര്‍മിച്ചു നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. പ്രളയബാധിത പ്രദേശത്ത് 50000 വീടുകള്‍ നിര്‍മിക്കാനാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം. ആദ്യഘട്ടത്തില്‍ 10000 വീടുകളാണ് നിര്‍മ്മിക്കുക. പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ അവരുടെ സാധന സാമഗ്രികള്‍ ഒരുസ്ഥലത്തുനിന്നും മറ്റൊരിടത്തേയ്‌ക്ക് മാറ്റുന്നതിന് 5000 രൂപ അലവന്‍സായും നല്‍കും.
ഇതുകൂടാതെ ദുരിതബാധിതര്‍ക്ക് പ്രതിമാസം 2500 രൂപ വീതം ഒരുവര്‍ഷത്തേയ്‌ക്ക് നല്‍കുന്നതാണ്. ഒക്കിയം, തുറയ്‌പാക്കം, പെരുമ്പക്കം എന്നിവിടങ്ങളായി ആദ്യഘട്ടത്തില്‍ 10,000 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി. ആദ്യഘട്ടത്തില്‍ അഡയാര്‍ നദീതീരത്തിനു സമീപത്തായുള്ള ഭവനരഹിതരെയാണ് പുനരധിവസിപ്പിക്കുക.
തമിഴ്‌നാട് ചേരി പുനരധിവാസ ബോര്‍ഡിന്റെ നേതൃത്വത്തിലാണ് വീടുകള്‍ നിര്‍മിക്കുന്നത്.
കുടിവെള്ളം, വൈദ്യുതി, അഴുക്കുചാല്‍ തുടങ്ങി എല്ലാവിധ സൗകര്യങ്ങളോടും കൂടിയതാണ് വീടുകള്‍. അതേസമയം ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പ്രത്യേകം റേഷന്‍ കാര്‍ഡുകളും കുട്ടികളുടെ വിദ്യാഭ്യാസം ഉള്‍പ്പടെയുള്ള സൗകര്യങ്ങളും ലഭ്യമാക്കും .
















