ഡോ. എ. പി. ജെ. അബ്ദുള്‍ കലാം( ജൂലൈ 27)
ഡോ. എ.പി.ജെ. അബ്ദുല്‍ കലാം എന്നറിയപ്പെടുന്ന അവുല്‍ പകീര്‍ ജൈനുല്ലബ്ദീന്‍ അബ്ദുല്‍ കലാം ഭാരതത്തിന്റെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു. 1931 ഒക്ടോബര്‍ 15 നു തമിഴ്നാട്ടിലെ രാമേശ്വരത്ത് ജനിച്ച അദ്ദേഹം മിസൈല്‍ സാങ്കേതികവിദ്യാ വിദഗ്ധനും ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനുമായിരുന്നു. മിസൈല്‍ മാന്‍, ജനങ്ങളുടെ രാഷ്ട്രപതി എന്നീ പേരുകളില്‍ പ്രശസ്തനായ അദ്ദേഹം 2007 ജൂലൈ 25 നു സ്ഥാനമൊഴിഞ്ഞു. ഷില്ലോങ് ഐഐഎമ്മില്‍ പ്രബന്ധം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണ അദ്ദേഹത്തെ ഷില്ലോങ്ങിലെ ബദാനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ജൂലൈ 27ന് രാത്രി ഒന്‍പതു മണിയോടെയായിരുന്നു മരണം. ഹൃദയാഘാതമാണ് മരണ കാരണം. രാജ്യം ഭാരതരത്ന പുരസ്കാരവും പത്മഭൂഷണ്‍ പുരസ്കാരവും നല്കി ആദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
അശോക് സിംഗാള്‍ (നവംബര്‍ 17)
വിശ്വഹിന്ദു പരിഷത്തിന്റെ മുന്‍ അന്താരാഷ്ട്ര വര്‍ക്കിംങ് പ്രസിഡന്റ്. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അന്തരിച്ചു. 20 വര്‍ഷക്കാലം വിഎച്ച്പിയുടെ വര്‍ക്കിംഗ് പ്രസിഡന്റായിരുന്ന സിംഗാള്‍ ശാരീരിക അസ്വാസ്ഥ്യങ്ങളെത്തുടര്‍ന്ന് 2011 ഡിസംബറിലാണ് സ്ഥാനമൊഴിഞ്ഞത്. 1926 സപ്തംബര്‍ 15ന് ആഗ്രയിലാണ് സിംഗാള്‍ ജനിച്ചത്. ബനാറാസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന് എഞ്ചിനീയറിങ്ങില്‍ ബിരുദം നേടിയ ശേഷം ആര്‍എസ്എസില്‍ ചേര്‍ന്നു. 1980 ലാണ് വിഎച്ച്പിയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 1984 ല്‍ ജോയിന്റ് ജനറല്‍ സെക്രട്ടറിയായി. തുടര്‍ന്ന് ജനറല്‍ സെക്രട്ടറിയും വര്‍ക്കിംഗ് പ്രസിഡന്റുമായി. 2011 വരെ ആ സ്ഥാനത്ത് തുടര്‍ന്നു.
രാംശങ്കര്‍ യാദവ് വിദ്രോഹി(ഡിസംബര്‍ എട്ട് )
മൂന്ന് പതിറ്റാണ്ടിലധികം ജെഎന്‍യു സര്‍വകലാശാലയിലെ സമരങ്ങള്‍ക്കും കവിതയ്ക്കും ഊര്‍ജം പകര്‍ന്നയാളാണ് രാംശങ്കര്‍ യാദവ് വിദ്രോഹി. കവിയും സുല്‍ത്താന്‍പുര്‍ സ്വദേശിയും സാമൂഹ്യപ്രവര്‍ത്തകനുമായ അദ്ദേഹം ജെഎന്‍യു സര്‍വകലാശാലയ്ക്ക് അകത്തും പുറത്തും നടന്ന രാഷ്ട്രീയമുന്നേറ്റങ്ങളിലെ സജീവപങ്കാളിയായിരുന്നു.
ഡിസംബര്‍ എട്ട് പകല്‍ ദേഹാസ്വാസ്ഥ്യം തോന്നുന്നതായി അറിയച്ചതിനെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 1983ലാണ് ജെഎന്‍യുവിലെത്തിയത്. ഹിന്ദി, അവധ് ഭാഷകളിലെ കവിതയാണ് അദ്ദേഹത്തെ കുട്ടികളുടെ പ്രിയങ്കരനാക്കിയത്. ജാതിലിംഗ ചൂഷണങ്ങളും വര്‍ഗീയ അതിക്രമങ്ങളുടെ രൂക്ഷതയും കവിതകളില്‍ പലകുറി ആവര്‍ത്തിച്ച പ്രമേയങ്ങളായിരുന്നു. മൊഹന്ജൊദാരോയുടെ പടവുകളില്‍ കത്തിക്കരിഞ്ഞ യുവതിയുടെ മൃതദേഹം കണ്ടപ്പോള്‍ അദ്ദേഹം രചിച്ച കവിത ഏറെ ചര്ച്ചവിഷയമായിരുന്നു. കവിതകള്‍ എഴുതിവയ്ക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്തില്ല. സുഹൃത്തുക്കള്‍ക്കും സന്ദര്‍ശകര്‍ക്കും കേള്‍ക്കാന്‍ കവിതകള്‍ ആലപിച്ചു. 2010ല്‍ ക്യാമ്പസില്‍നിന്ന് അദ്ദേഹത്തെ പുറത്താക്കി. പ്രതിഷേധമുണ്ടായതിനെതുടര്‍ന്ന് അധികൃതര്‍ നടപടി തിരുത്തി. വിദ്രോഹിയെക്കുറിച്ച് നിതിന്‍ പമ്മാനി സംവിധാനംചെയ്ത ഡോക്യുമെന്ററി ‘മേ തുമ്ഹാരാ കവി ഹും’ നിരവധി പുരസ്കാരങ്ങള്‍ നേടി.
ബ്രിജ്മോഹന്‍ മുഞ്ജാല്‍ (നവംബര്‍ രണ്ട്)
ഇരുചക്രവാഹനമേഖലയില്‍ വിപ്ലവം സൃഷ്ടിച്ച ഹീറോ മോട്ടോകോര്‍പ്പിന്റെ സ്ഥാപകനും ചെയര്‍മാനുമാണ് എമിരിറ്റസ് ബ്രിജ് മോഹന്‍ മുഞ്ജാല്‍. ന്യൂദല്‍ഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അവിഭക്ത ഭാരതത്തിലെ കമാലിയയിലെ തോബാ തേക്സിങ് ജില്ലയില്‍ 1923 ല്‍ ജനിച്ച ബ്രിജ് മോഹന്‍ മുഞ്ജാലിന്റെയും മൂന്നു സഹോദരങ്ങളുടെയും സ്വപ്നങ്ങളില്‍ നിന്നാണ് ഭാരത ഇരുചക്രവാഹന ലോകത്തിന് പുതിയ ചിറകുകള് നല്കിയ ഹീറോ മോട്ടോകോര്‍പ്പിന്റെ പിറവി. സാധാരണ കുടുംബത്തില്‍ പിറന്ന ബ്രിജ്മോഹന്‍ സഹോദരങ്ങളായ ദയാനന്ദ്, ഓംപ്രകാശ്, സത്യാനന്ദ് എന്നിവര്‍ക്കൊപ്പം സൈക്കിളിന്റെ ഭാഗങ്ങള്‍ നിര്‍മിച്ചു തുടക്കമിട്ട ബിസിനസ് ഭാരതത്തിലെ ഏറ്റവും കൂടുതല്‍ വില്പനയുള്ള സൈക്കിള്‍ കമ്പനിയാക്കി ഹീറോയെ വളര്‍ത്തി. അതിനുശേഷം ഹീറോ മജസ്റ്റിക് എന്ന പേരില്‍ മോപ്പഡുകള്‍ പുറത്തിറക്കി. 1984ല്‍ ജാപ്പനീസ് കമ്പനിയായ ഹോണ്ടയുമായി കൈകോര്‍ത്ത് ഹീറോഹോണ്ടയെന്ന ജനപ്രിയ ഇരുചക്രവാഹനങ്ങള്‍ അവതരിപ്പിച്ച് ഇന്ത്യന്‍ ഇരുചക്രവാഹനവിപണിയില്‍ ചരിത്രം കുറിച്ചു.
ഹാഷിം അബ്ദുള്‍ ഹാലിം (നവംബര്‍ രണ്ട്)
ഒരു സംസ്ഥാനത്തിന്റെ സ്പീക്കര്‍ സ്ഥാനത്ത് ഏറ്റവും അധികം നാള് തുടര്‍ച്ചയായി ഇരിക്കുക എന്ന റെക്കോഡിനുടമയാണ് ഹാഷിം അബ്ദുള്‍ ഹാലിം. പശ്ചിമ ബംഗാള്‍ മുന്‍ സ്പീക്കറായിരുന്ന അദ്ദേഹം ഹൃദ്രോഗത്തെത്തുടര്‍ന്നാണ് മരിച്ചത്. ബംഗാളില്‍ ഇടതുപക്ഷ ഭരണകാലത്ത് 1982 മുതല്‍ 2011 വരെ ഹാഷിം അബ്ദുള്‍ ഹാലിം ആയിരുന്നു സ്പീക്കര്‍. തുടര്‍ച്ചയായി 29 കൊല്ലം സ്പീക്കര്‍ ആയതിന്റെ റെക്കോഡ് ഇതിലൂടെ അദ്ദേഹം സ്വന്തമാക്കി. 1977ലാണ് ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1977 മുതല്‍ 1982 വരെ നിയമവകുപ്പ് മന്ത്രിയായിരുന്നു.
സയീദ് ജാഫ്രി (നവംബര്‍ 16)
ബ്രിട്ടീഷ്-ഇന്ത്യന്‍ നടനായിരുന്ന സയീദ് ജാഫ്രി തന്റെ വൈവിധ്യമാര്‍ന്ന അഭിനയശൈലിയിലൂടെ ലോകമെങ്ങുമുളള സിനിമാ പ്രേമികളുടെ മനം കവര്‍ന്ന നടനാണ്. ദില്‍, കിഷന് കന്‍ഹാനിയ, ഘര്‍ ഹോ തോ ഐസ, രാജാ കി ആയേഗി ബാരത്, ദീവാന മസ്താന തുടങ്ങിയവയാണ് ബോളിവുഡിലെ പ്രധാന ചിത്രങ്ങള്‍. ഷാരൂഖ് ഖാന് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ജാഫ്രി. 1929 ജനുവരി എട്ടിന് പഞ്ചാബിലായിരുന്നു ജനനം. ലണ്ടനില്‍ വെച്ചായിരുന്നു അന്ത്യം. 1958 ല്‍ മധുര് ജാഫ്രിയെ വിവാഹം കഴിച്ചെങ്കിലും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇവര്‍ പിരിഞ്ഞു. 1980 ല്‍ ജെന്നിഫര്‍ ജാഫ്രിയെ വിവാഹം ചെയ്തു. ആദ്യവിവാഹത്തിലുള്ള സക്കീന ജാഫ്രി, സിയ ജാഫ്രി, മീര ജാഫ്രി എന്നിവരാണ് മക്കള്‍. പഞ്ചാബിലെ ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബത്തില്‍ ജനിച്ച ജാഫ്രി അലിഗഡ് മുസ്ലിം സര്‍വ്വകലാശാലയില്‍ നിന്നാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. അലഹബാദ് യൂണിവേഴ്സിറ്റിയിലും പഠിച്ചിട്ടുണ്ട്. മികച്ച സഹനടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ അടക്കം ഒരുപാട് പുരസ്കാരങ്ങള്‍ ലഭിച്ചു.
ആര്. കെ. ത്രിവേദി (നവംബര്‍ 19)
ഗുജറാത്ത് മുന്‍ ഗവര്‍ണറാണ് ആര്. കെ. ത്രിവേദി. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ലഖ്നൗ നിരാലാ നഗര്‍ വസതിയിലായിരുന്നു അന്ത്യം. മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണറായും പ്രവര്‍ത്തിച്ചിട്ടുള്ള ത്രിവേദിയെ പത്മവിഭൂഷണ്‍ നല്കി രാജ്യം ആദരിച്ചിട്ടുണ്ട്. 1943ല്‍ സിവില്‍ സര്‍വീസില്‍ ചേര്‍ന്നുകൊണ്ടാണ് ത്രിവേദിയുടെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
സാബരി ഖാന് (ഡിസംബര്‍ രണ്ട്)
പ്രമുഖ സാരംഗി വാദകനും പദ്മഭൂഷണ്‍ ജേതാവുമായ ഉസ്താദ് സാബരി ഖാന് (88) അന്തരിച്ചു. ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടര്‍ന്നാണ് മരണം.
ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തിന് നല്കിയ സംഭാവനകളാണ് സാബരി ഖാനെ ശ്രദ്ധേയനാക്കിയത്. സൈനിയ ഖരാന ശൈലിവാദകനാണ്. 1992ല്‍ പദ്മശ്രീയും 2006ല്‍ പദ്മഭൂഷണും ലഭിച്ചു.
രവീന്ദ്ര ജെയിന് (ഒക്ടോബര്‍ 9)
സംഗീത സംവിധായകനും ഗാനരചയിതാവുമാണ് രവീന്ദ്ര ജെയിന്. കണ്ണിന് കാഴ്ചയില്ലാത്ത അദ്ദേഹം സ്വയം ഗാനങ്ങള്‍ രചിച്ച് ഈണം നല്കി. കലാ മേഖലകളിലെ സംഭാവനകള്‍ക്ക് 2015 ലെ പത്മശ്രീ പുരസ്കാരം ലഭിച്ചു. അലിഗഢില്‍ സംസ്കൃത വിദ്വാന്മാരും ആയുര്‍വേദ വൈദ്യന്മാരുമുള്ള കുടുംബത്തിലാണ് ജനനം. മലയാളമുള്‍പ്പെടെ നിരവധി ഭാഷകളിലെ ചിത്രങ്ങള്‍ക്ക് ഈണം പകര്‍ന്നു. 1973 ലെ സൗദാഗര്‍ എന്ന ഹിന്ദി ചിത്രത്തില്‍ തുടങ്ങി ജാനാ പെഹ്ചാനാ വരെയുള്ള നിരവധി സിനിമകളുടെ സംഗീതം നിര്‍വഹിച്ചത് രവീന്ദ്ര ജെയിനാണ്. സുജാത, സുഖം സുഖകരം, ആകാശത്തിന്റെ നിറം എന്നീ മലയാള സിനിമകളുടെ സംഗീതവും ഇദ്ദേഹത്തിന്റെതാണ്.
ആച്ചി മനോരമ (ഒക്ടോബര്‍ 10)
തമിഴ് ചലച്ചിത്രരംഗത്തെ ആച്ചി എന്നറിയപ്പെടുന്ന നടി മനോരമ ശാരീരിക അസ്വാസ്ഥ്യം മൂലം ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണമടഞ്ഞത്. മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി തമിഴ് ഭാഷകളിലായി ആയിരത്തിലധികം സിനിമകളിലും ആയിരത്തോളം നാടകവേദികളിലും നിരവധി ടെലിവിഷന്‍ പരമ്പരകളിലും തിളങ്ങിയ മനോരമയുടെ യഥാര്‍ഥ പേര് ഗോപിശാന്ത എന്നായിരുന്നു. തഞ്ചാവൂര്‍ മന്നാര്‍ഗുഡിയില്‍ ജനിച്ച മനോരമ പന്ത്രണ്ടാം വയസ്സില്‍ നാടകത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്. അഭിനയത്തിനൊപ്പം ഗായികയുമായി. കണ്ണദാസന്റെ മാലൈയിട്ട മങ്കൈ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ മനോരമ കൊഞ്ചം കുമരി എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായത്.
അണ്ണാദുരൈ, കരുണാനിധി, എംജിആര്‍, എന്‍ടിആര്‍, ജയലളിത എന്നിങ്ങനെ അഞ്ചു മുഖ്യമന്ത്രിമാര്‍ക്കൊപ്പം സിനിമയില്‍ അഭിനയിച്ചു. ഇരുപത്തഞ്ചോളം മലയാളചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ആയിരം ചിത്രങ്ങള്‍ കഴിഞ്ഞപ്പോള്‍ 1987ല്‍ മനോരമയുടെ പേര് ഗിന്നസ് ബുക്കിലെത്തി. 2000ത്തില്‍ പത്മശ്രീയും, 1990ല്‍ മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
വില്‍ഫ്രെഡ് ഡിസൂസ (സപ്തംബര്‍ 5)
വില്‍ഫ്രെഡ് ഡിസൂസ മൂന്നു തവണ ഗോവ മുഖ്യമന്ത്രി പദവി അലങ്കരിച്ചിട്ടുണ്ട്. ഗോവയിലെ മണിപാല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. 1993ലാണ് ആദ്യമായി മുഖ്യമന്ത്രിയായത്. രണ്ടു തവണ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ ഡിസൂസ ഒരു തവണ കോണ്‍ഗ്രസിതര മുഖ്യമന്ത്രി കൂടിയായിരുന്നു. ഗോവയിലെ മികച്ച സര്ജന് കൂടിയായിരുന്നു വില്‍ഫ്രെഡ് ഡിസൂസ. യുകെ റോയല്‍ കോളജ് ഓഫ് സര്‍ജന്‍സില്‍ നിന്നും രണ്ടു ഫെല്ലോഷിപ്പുകളും അദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ജഗ് മോഹന്‍ ഡാല്‍മിയ (സപ്തംബര്‍ 20)
ബിസിസിഐ അധ്യക്ഷനായിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ജഗ് മോഹന്‍ ഡാല്‍മിയ അന്തരിച്ചത്. ഡാല്‍മിയ കെട്ടിട നിര്‍മാണ ഗ്രൂപ്പിന്റെ മേധാവി കൂടിയായിരുന്നു അദ്ദേഹം. ഈ വര്‍ഷം മാര്‍ച്ചിലാണ് മൂന്നാം തവണ ഡാല്‍മിയ ബിസിസിഐ പ്രസിഡന്റായത്. ഭാരതം ആദ്യമായി ക്രിക്കറ്റ് ലോകകപ്പില്‍ മുത്തമിട്ട 1983ല്‍ ബിസിസിഐ ട്രഷററായിരുന്നു. 1987 ലെയും 96 ലെയും ലോകകപ്പ് നടന്ന സമയത്ത് ബിസിസിഐ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.1940 മേയ് 30നു കൊല്‍ക്കത്തയില്‍ ജനിച്ച ഡാല്‍മിയ വിക്കറ്റ് കീപ്പറായാണു കരിയര്‍ ആരംഭിച്ചത്. വിവിധ ക്രിക്കറ്റ് ക്ലബുകള്‍ക്കു വേണ്ടിയും തന്റെ സ്വന്തം കോളജിനു വേണ്ടിയും ഡാല്‍മിയ കളിച്ചു. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി) പ്രസിഡന്റായിട്ടുമുണ്ട്.
എം. എം. കല്‍ബുര്‍ഗി(ആഗസ്റ്റ് 30)
കന്നഡ സര്‍വകലാശാല മുന്‍ വൈസ്ചാന്‍സലറും സാഹിത്യകാരനുമായ ഡോ.എം.എം കല്‍ബുര്‍ഗി വീടിനു മുമ്പില്‍ വെടിയേറ്റാണ് മരിച്ചത്. ഒരു സംഘം ആളുകള്‍ വീട്ടിലേക്ക് അതിക്രമിച്ചു കയറി കല്‍ബുര്‍ഗിയെ വെടിവച്ചു വീഴ്ത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 2006 ല്‍ മാര്‍ഗ്ഗ4 എന്ന പ്രബന്ധത്തിന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കൂടാതെ കന്നഡ സാഹിത്യ അക്കാദമി അവാര്‍ഡ്, പമ്പാ അവാര്‍ഡ്, യക്ഷഗാന അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.
ബന്തര്‍ അല്‍ ഫൈസല്‍ രാജകുമാരന് (നവംബര്‍ 24)
സൗദി ഭരണാധികാരിയായിരുന്ന ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍സൗദ് രാജാവിന്റെ മകനാണ് ബന്തര്‍ അല്‍ ഫൈസല്‍ രാജകുമാരന്. സൗദി വ്യോമസേനയില്‍ ജനറലും പ്രതിരോധ, വ്യോമയാന മന്ത്രാലയത്തില്‍ മുതിര്‍ന്ന ഉപദേഷ്ടാവും ആയിരുന്നു. അന്തരിച്ച സൗദ് അല്‍ ഫൈസല്‍, മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍, മുഹമ്മദ് അല്‍ ഫൈസല്‍, തുര്‍ക്കി അല്‍ ഫൈസല്‍ എന്നിവരടക്കം 18 സഹോദരങ്ങളുണ്ട്.
എം. എസ്. വിശ്വനാഥന് (ജൂലൈ 15)
പ്രമുഖ സംഗീതജ്ഞന് എം.എസ് വിശ്വനാഥന് ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ലളിതസംഗീതത്തിന്റെ ചക്രവര്‍ത്തി എന്ന് അറിയപ്പെട്ടിരുന്ന എംഎസ്വി നൂറിലേറെ മലയാള ചലച്ചിത്രങ്ങളടക്കം 2000 ലേറെ ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. 1952ല്‍ പണം എന്ന ചിത്രത്തിനു സംഗീത സംവിധാനം നിര്‍വഹിച്ചുകൊണ്ടാണ് സിനിമാലോകത്ത് അരങ്ങേറുന്നത്. കണ്ണൂനീര്‍ത്തുളളിയെ സ്ത്രീയോടുപമിച്ച, നിലഗിരിയുടെ സഖികളെ, സ്വര്‍ണഗോപുരനര്‍ത്തകീ ശില്പം, വീണപൂവേ തുടങ്ങിയ ഗാനങ്ങല്‍ എക്കാലത്തേയും ഹിറ്റുകളാണ്. തമിഴ്നാടിന്റെ ഔദ്യോഗികഗാനമായ തമിഴ് തായ് വാഴ്ത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത് എം. എസ.് വിശ്വനാഥനാണ്. പാലക്കാട് എലപ്പുള്ളിയില്‍ മനയങ്കത്തു വീട്ടില്‍ 1928ലാണ് എം.എസ് വിശ്വനാഥന്റെ ജനനം.
നിര്‍മ്മല ജോഷി (ജൂണ്‍ 23)
റോമന്‍ കത്തോലിക്കാ സഭയിലെ ഒരു കന്യാസ്ത്രീയാണ് സിസ്റ്റര്‍ നിര്‍മ്മല എന്ന നിര്‍മ്മല ജോഷി. 1950ല്‍ മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയില്‍ മദറിനു ശേഷം സുപ്പീരിയര്‍ ജനറലായി നിയമിക്കപ്പെട്ടു. 1934ല്‍ റാഞ്ചിയില്‍ ബ്രാഹ്മണകുടുംബത്തിലാണ് നിര്‍മ്മലയുടെ ജനനം. നിര്‍മ്മല ജോഷിയുടെ മാതാപിതാക്കള്‍ നേപ്പാളില്‍ നിന്നുള്ളവരാണ്. പിതാവ് ഭാരതത്തിന് സ്വാതന്ത്ര്യം ലഭിക്കും വരെ ബ്രിട്ടീഷ് കരസേനയിലെ സൈനികനായിരുന്നു. റോമന്‍ കത്തോലിക്ക മതവിശ്വാസത്തിലേയ്ക്ക് പരിവര്‍ത്തിതയായ നിര്‍മ്മല 17ആം വയസ്സില്‍ മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയില്‍ ചേര്‍ന്നു.
1976ല്‍ മിഷനറീസ് ഒഫ് ചാരിറ്റിയുടെ ശാഖകള്‍ നിര്‍മ്മല ആരംഭിച്ചു. 2009ലെ റിപ്പബ്ലിക് ദിനത്തില്‍ ദേശത്തിനു നല്കിയ സേവനങ്ങള്‍ക്ക് രാജ്യം നിര്‍മ്മല ജോഷിക്ക് പദ്മ വിഭൂഷണ്‍ നല്കി ആദരിച്ചു.
അമിതാഭ ചൗധരി(മെയ് 1 )
ഭാരത അന്വേഷണാത്മക പത്രപ്രവര്‍ത്തകനായിരുന്നു അമിതാഭ ചൗധരി. വ്യക്തിഗത അവകാശങ്ങളും ഭാരതത്തിന്റെ സാമുദായിക താത്പ്പര്യങ്ങളും എന്നീ വിഷയത്തിലെ റിപ്പോര്‍ട്ടിങ്ങിന് മാഗ്സസെ പുരസ്കാരവും ചൗധരി കരസ്ഥമാക്കയിട്ടുണ്ട്. 1927 നവംബര്‍ 11 കൊല്‍ക്കത്തയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.
സുചിത്ര ഭട്ടാചാര്യ (മെയ് 12)
പ്രമുഖ ബംഗാളി എഴുത്തുകാരിയാണ് സുചിത്ര ഭട്ടാചാര്യ. സൗത് കൊല്‍ക്കത്തയിലെ വസതിയില്‍ ഹൃദയാഘാതംമൂലമായിരുന്നു മരണം. സമകാലിക സാമൂഹികവിഷയങ്ങളെ അധികരിച്ച് നിരവധി നോവലുകള്‍ രചിച്ചിട്ടുള്ള സുചിത്രയുടെ പല കൃതികള്‍ക്കും പിന്നീട് ചലച്ചിത്ര ഭാഷ്യവും കൈവന്നിട്ടുണ്ട്. ഋതുപര്‍ണ ഘോഷ് ഉള്‍പ്പെടെയുള ചലച്ചിത്രകാരന്മാര് ഇവരുടെ രചനകള്‍ സിനിമയാക്കിയിട്ടുണ്ട്.
1950ല്‍ ബിഹാറിലെ ഭഗല്‍പൂരിലാണ് ജനനം. കൊല്‍ക്കത്ത സര്‍വകലാശാലയില്‍നിന്ന് ബിരുദംനേടിയ അവര്‍ 80കളിലാണ് സാഹിത്യലോകത്ത് സജീവമായത്. കാച്ചേര് ദിവാല്‍ എന്ന നോവല്‍ പുറത്തിറങ്ങിയതോടെയാണ് അവര്‍ ബംഗാളി സാഹിത്യത്തില്‍ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. ബൂബന്‍ മോഹിനി മെഡല്‍, സാഹിത്യസേതു പുരസ്കാരം, ഭാരത് നിര്മാണ് പുരസ്കാര്‍ തുടങ്ങിയ നിരവധി അംഗീകാരങ്ങള്‍ തേടിയത്തെിയിട്ടുണ്ട്.
തമിഴ് സാഹിത്യകാരന്
ജയകാന്തന്‍ (ഏപ്രില്‍ 9)
പ്രശസ്ത തമിഴ് എഴുത്തുകാരനും ജ്ഞാനപീഠ ജേതാവുമാണ് ഡി. ജയകാന്തന്‍. 1934 ഏപ്രില്‍ 14ന് തമിഴ്നാട്ടിലെ കടലൂരിലാണ് ജയകാന്തന്റെ ജനനം. സാഹിത്യ തത്പരനായ അമ്മാവന് ഭാരതിയാണ് ജയകാന്തനെ സാഹിത്യ ലോകവുമായി പരിചയപ്പെടുത്തിയത്. ചെന്നൈയിലേക്ക് കുടിയേറിയ ജയകാന്തന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സജീവ പ്രവര്‍ത്തകനായി. സിപിഐ യുടെ ജനശക്തി പ്രസ്സിലും പ്രസിദ്ധീകരണങ്ങളിലും പ്രവര്‍ത്തിച്ചു. 1949 ല്‍ സിപിഐ നിരോധനം നേരിട്ടപ്പോള്‍ മറ്റ് ജോലികള്‍ നോക്കി. അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് സി.പി.ഐ. വിട്ടു. കാമരാജിനെ ശക്തമായി പിന്തുണച്ച് തമിഴക കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. 1996ല്‍ സാഹിത്യ അക്കാദമി ഫെലോഷിപ്പ് ലഭിച്ചു. 2002ലാണ് ജ്ഞാനപീഠം ലഭിച്ചത്. 2009ല്‍ പത്മഭൂഷണ്‍ പുരസ്കാരത്തിന് അര്‍ഹനായി.
ഗുന്തര്‍ ഗ്രാസ് (ഏപ്രില്‍ 13)
ലോക പ്രശസ്ത ജമ്മന്‍ സാഹിത്യകാരനും നോബല്‍ സമ്മാന ജേതാവുമാണ് ഗുന്തര്‍ ഗ്രാസ്. ജര്‍മ്മന്‍ നഗരമായ ലുബേക്കില്‍ ഏപ്രില്‍ 13നായിരുന്നു അദ്ദേഹത്തിന്റെ മരണം.1999ല്‍ ദ ടിന് ഡ്രമിന് എന്ന കൃതിയ്ക്കാണ് നോബല്‍ സമ്മാനം ലഭിച്ചത്. സാമൂഹ്യ രാഷ്ട്രീയ ആക്ടീവിസം അടിസ്ഥാനമാക്കിയ പ്രമേയങ്ങളായിരുന്നു അദ്ദേഹത്തെ പ്രശസ്തനാക്കിയത്.
സൂര്യ ബഹാദുര്‍ ഥാപ (ഏപ്രില്‍ 16)
നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയാണ് സൂര്യ ബഹാദൂര്‍ ഥാപ്പ. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നു ഗുഡ്ഗാവിലെ മെഡന്റ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
50 വര്‍ഷം നീണ്ട ഥാപ്പയുടെ രാഷ്ട്രീയ ജീവിതത്തില്‍ അഞ്ചു തവണ നേപ്പാള്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ 1950ലാണ് അദ്ദേഹം പൊതുജീവിതം തുടങ്ങിയത്. 1958ല്‍ അസംബ്ലിയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഥാപ്പ ഉപദേശക സമിതിയുടെ ചെയര്മാന് സ്ഥാനത്തും എത്തി. 1959ല്‍ ഉപരി സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1966ലാണ് ആദ്യമായി പ്രധാനമന്ത്രിപദത്തിലെത്തുന്നത്.
നൈനാന് കോശി (മാര്‍ച്ച് 4)
രാഷ്ട്രീയ ചിന്തകനും എഴുത്തുകാരനുമായ പ്രൊഫ നൈനാന് കോശി അന്തരിച്ചു. 81 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. നയതന്ത്രജ്ഞന്, അധ്യാപകന് എന്നീ നിലകളിലും അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്. ക്രിസ്തുമത വിശ്വാസി ആയിരുന്നെങ്കിലും ഇടതുപക്ഷത്തോട് ഏറെ അടുപ്പം പുലര്‍ത്തിയിരുന്നു. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയാണ് സ്വദേശം. സിഎംഎസ് കോളേജ്, എസ്ബി കോളേജ് എന്നിവിടങ്ങളില്‍ ദീര്‍ഘനാള്‍ അധ്യാപകനായിരുന്നു. ബിഷപ്പ് മൂര്‍ കോളേജില്‍ നിന്നാണ് വിരമിച്ചത്. ഇംഗ്ലീഷിലും മലയാളത്തിലും ആയി 12 കൃതികള്‍ എഴുതിയിട്ടുണ്ട്.
ജി. കാര്ത്തികേയന്
അര്‍ബുദം ബാധിച്ച് ചികിത്സയിലിരിക്കേയാണ് ജി. കാര്ത്തികേയന് അന്തരിച്ചത്. കേരളത്തിലെ കോണ്‍ഗ്രസ് (ഐ) നേതാക്കളിലൊരാളും, പതിമൂന്നാം കേരള നിയമസഭയിലെ സ്പീക്കറും, അരുവിക്കര മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയും ആയിരുന്നു ജി. കാര്ത്തികേയന്. 1995ലെ എ. കെ. ആന്റണി മന്ത്രിസഭയില്‍ വിദ്യുച്ഛക്തി വകുപ്പ് മന്ത്രിയായും 2001ലെ ആന്റണി മന്ത്രിസഭയില്‍ ഭക്ഷ്യപൊതുവിതരണ, സാംസ്കാരിക മന്ത്രിയായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിന് പുറമേ കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി ഉപനേതാവ്, ചീഫ് വിപ്പ് സ്ഥാനങ്ങളും കൈകാര്യം ചെയ്തിട്ടുണ്ട്. 1949 ജനുവരി 20ന് തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയില്‍ എന്‍.പി ഗോപാലപിള്ളയുടെയും വനജാക്ഷിയമ്മയുടെയും മകനായാണ് ജനനം. ബിരുദത്തിന് ശേഷം എല്‍എല്‍ബിയും പൂര്‍ത്തിയാക്കി. കെഎസ്യുവിലൂടെയാണ് രാഷ്ട്രീയ രംഗത്ത് എത്തിയത്.
നാരായണ്‍ ദേശായി (മാര്‍ച്ച് 15)
വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു പ്രമുഖ ഗാന്ധിയന്‍ നാരായണ്‍ ദേശായിയുടെ മരണം. ഗാന്ധിജിയുടെ പേഴ്സണല്‍ സെക്രട്ടറിയായിരുന്ന മഹാദേവ് ദേശായിയുടെ മകനായ നാരായണ്‍ ദേശായി സബര്‍മതി ആശ്രമത്തിലാണ് വളര്‍ന്നത്. ഇരുപതോളം വര്‍ഷം ഗാന്ധിജിയോടൊപ്പം സബര്‍മതിയിലും സേവാഗ്രാമിലുമായി ചിലവഴിച്ചിട്ടുണ്ട്. ആചാര്യ വിനോബ ഭാവെയുടെ കൂടെ ഭൂദാന പ്രസ്ഥാനത്തിലും, ജയപ്രകാശ് നാരായണനോടൊപ്പം ശാന്തിസേന, തരുണ്‍ ഗാന്ധിസേന തുടങ്ങിയ പ്രസ്ഥാനങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ഗുജറാത്തി, ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിലായി അന്‍പതോളം പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള നാരായണ്‍ ദേശായി ജ്ഞാനപീഠം, മൂര്‍ത്തീദേവി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. ഗുജറാത്ത് സാഹിത്യ അക്കാദമി അധ്യക്ഷനായിരുന്ന അദ്ദേഹം മഹാത്മജി സ്ഥാപിച്ച ഗുജറാത്ത് വിദ്യാപീഠത്തിന്റെ ചാന്‍സലര്‍ സ്ഥാനവും വഹിച്ചിരുന്നു.
യൂസഫലി കേച്ചേരി (മാര്‍ച്ച് 21)
പ്രശസ്ത കവിയും ഗാനരചയിതാവും സംഗീത സംവിധായകനുമായ യൂസഫലി കേച്ചേരി അന്തരിച്ചു. ശ്വാസകോശത്തിലേറ്റ അണുബാധയാണ് മരണകാരണമായത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെനാള്‍ ചികിത്സയിലായിരുന്നു. ഓടക്കുഴല്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വള്ളത്തോള്‍ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. 1934ല്‍ തൃശൂരിലെ കേച്ചേരിയിലായിരുന്നു ജനനം. 1950കളില്‍ തന്നെ കവിതാ രചന ആരംഭിച്ചു. സൈനബ എന്ന ഖണ്ഡകാവ്യത്തിലൂടെയാണ് ജനശ്രദ്ധ പിടിച്ചു പറ്റിയത്. ആധുനിക മലയാളത്തിലെ ഏറ്റവും മികച്ച കവികളിലൊരാളായാണ് യൂസഫലി കേച്ചേരിയെ പരിഗണിക്കുന്നത്. ഗസല്‍, ധ്വനി, സര്‍ഗം, പരിണയം, മഴ തുടങ്ങിയ സിനിമകളിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മരം, വനദേവത, നീലത്താമര(1979)തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഗാനരചനയ്ക്കുള്ള സംസ്ഥാന ഫിലിം അവാര്‍ഡ് മൂന്നു തവണയും ദേശീയ ഫിലിം അവാര്‍ഡ് ഒരു തവണയും നേടി.
വസന്ത് ഗൗരിക്കര്‍ (ജനുവരി 2)
ഐഎസ്ആര്‍ഒയിലെ പ്രമുഖ ശാസ്ത്രജ്ഞനായിരുന്നു ഡോ. വസന്ത് ഗൗരിക്കര്‍. ഭാരതത്തിന്റെ ബഹിരാകാശ ശാസ്ത്രരംഗത്ത് നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് ഗൗരിക്കര്‍. മുന്‍രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍കലാം, ശാസ്ത്രജ്ഞരായ യു.ആര്. റാവു, പ്രമോദ് കാലെ എന്നിവര്‍ സഹപ്രവര്‍ത്തകരായിരുന്നു. പൂനൈ സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1991 മുതല്‍ 93 വരെ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ ശാസ്ത്ര ഉപദേഷ്ടാവായിരുന്നു. പത്മശ്രീയും 2008ല്‍ പത്മഭൂഷണും നല്കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: