വര്‍ക്കല: ശിവഗിരി തീര്‍ഥാടനത്തോട് അനുബന്ധിച്ച് ശിവഗിരി ടണല്‍വ്യൂ ഗ്രൗണ്ടില്‍ ആരംഭിച്ച ശിവഗിരി വിഷന്‍ 2015 കാര്‍ഷിക-വ്യാവസായിക ശാസ്ത്ര പ്രദര്‍ശനത്തിനും വ്യാപാര മേളയ്ക്കും ജനത്തിരക്കേറുന്നു. പ്രദര്‍ശനനഗരിയുടെ പ്രവേശനകവാടത്തില്‍ ചിരിക്കാത്ത മനുഷ്യനാണ് ജനങ്ങളെ സ്വാഗതം ചെയ്യുന്നത്. ഇദ്ദേഹത്തെ ചിരിപ്പിക്കുന്നവര്‍ക്ക് രണ്ടുലക്ഷം രൂപയാണ് സമ്മാനം. മലപ്പുറം തേഞ്ഞിപ്പാലംസ്വദേശി രാഘവ് എന്ന 44 കാരനാണ് ഈ ചിരിക്കാത്ത മനുഷ്യന്.
പാടങ്ങളെ കുറിച്ചുള്ള പുത്തന്‍ അറിവുമായി കൃഷിവകുപ്പിന്റെ പവലിയനും കശുമാവ് കൃഷിയെ കുറിച്ചുള്ള സംസ്ഥാന കശുമാവ് കൃഷി വികസനഏജന്‍സിയുടെ സ്വര്‍ണം കൊയ്യാം തരിശിടങ്ങളില്‍ എന്ന പവലിയനും മൂന്നാം കൊല്ലം മുതല്‍ വിളവ് നല്കുന്ന ഗ്രാഫ്റ്റ് ചെയ്ത കശുമാവ് തൈകളും പ്രദര്‍ശനത്തിനും വില്പനയ്ക്കുമായി ഒരുക്കിയിട്ടുണ്ട്.
ജൈവ പച്ചക്കറി തൈകളുടെയും സമ്പുഷ്ട ജൈവവളത്തിന്റെയും കലവറ ഒരുക്കിയിരിക്കുകയാണ് മില്‍ക്കോ ആഗ്രോ ഡിവിഷന്റെ സ്റ്റാള്‍. ജില്ലാ കൃഷിത്തോട്ടം പഴവര്‍ഗങ്ങളുടെ മുപ്പതോളം ഇനങ്ങളാണ് പ്രദര്‍ശനത്തിന് എത്തിച്ചിട്ടുള്ളത്.
ശിവഗിരി ശ്രീനാരായണ മെഡിക്കല്‍ മിഷന് ആശുപത്രിയുടെ സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗം ആരോഗ്യപരിപാലന രംഗത്തെ ആധുനിക ശാസ്ത്രസാങ്കേതിക വിദ്യകളുടെ നേര്‍ക്കാഴ്ചയാണ് പ്രദര്‍ശിപ്പിച്ചത്. ആദിവാസി ഗോത്രവിഭാഗത്തിന്റെ പാരമ്പര്യ ചികിത്സാ വിധികള്‍ പ്രതിപാദിക്കുന്ന സ്റ്റാളും പ്രദര്‍ശനത്തിന്റെ പ്രത്യേകതയാണ്. വര്‍ക്കല ഗവ. പ്രകൃതി ചികിത്സാലയത്തിന്റെ സ്റ്റാളില്‍ പ്രകൃതി ജീവനമാര്‍ഗ്ഗങ്ങളും ചികിത്സാ രീതികളും രോഗപ്രതിരോധ ബോധവത്കരണവും നടത്തിവരുന്നു.
മൃഗസംരക്ഷണ വകുപ്പ് വളര്‍ത്തുമൃഗങ്ങളുടെയും വളര്‍ത്തു പക്ഷികളുടെയും പ്രദര്‍ശനവും വില്പനയുമായി ശിവഗിരിയിലുണ്ട്. കോക്കനട്ട് ഡവലപ്മെന്റ് കോര്‍പ്പറേഷന്റെ സ്റ്റാളില്‍ കേരകൃഷിയെ കുറിച്ച് പുതിയ അറിവുകളാണ് പ്രദാനം ചെയ്യുന്നത്. ഹോര്‍ട്ടികോര്‍പിന്റെ സ്റ്റാളില്‍ തേനീച്ച കൃഷിയുടെ സാധ്യതയും തേന്‍ ഉത്പാദനത്തിന്റെ വിവിധവശങ്ങളും പ്രതിപാദിക്കുന്നു.
ഹണി പ്രോസസ്സിംഗ് പ്ലാന്റും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ജൈവ സംസ്കരണ പദ്ധതികളെകുറിച്ച് വിശകലനം ചെയ്യുന്ന ബയോടെക് ഇന്ത്യയുടെ സ്റ്റാള്‍ സവിശേഷത നിറഞ്ഞതാണ്. പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ സ്റ്റാളും നഗരിയിലുണ്ട്. കുട്ടികള്‍ക്കായി ഒരുക്കിയ കളിവീടാണ് മറ്റൊരു ആകര്‍ഷണം. അക്വാ കള്‍ച്ചര്‍ ഡവലപ്മെന്റ് ഏജന്‍സി അലങ്കാര മത്സ്യങ്ങളുടെ വലിയൊരു ശേഖരം ഒരുക്കിയിട്ടുണ്ട്. വൈദ്യുതി പ്രസരണ-വിതരണ സംവിധാനങ്ങളും ഊര്‍ജസംരക്ഷണം, സോളാര്‍ വൈദ്യുതി, വൈദ്യുത സുരക്ഷാസംവിധാനങ്ങള്‍ എന്നിവയുമാണ് കെഎസ്ഇബി പവലിയനിലുള്ളത്. സര്‍ക്കാര്‍ വകുപ്പുകളുടെ സ്റ്റാളുകള്‍ക്ക് പുറമെ സ്വകാര്യസ്ഥാപനങ്ങളുടെ സ്റ്റാളുകളും പ്രദര്‍ശനത്തെ ആകര്‍ഷകമാക്കുന്നു. പ്രദര്‍ശനത്തിനൊപ്പം വിപുലമായ വ്യാപാരമമേളയും സംഘടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: