കാട്ടാക്കട: പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഒപ്പം പഠിച്ച കൂട്ടുകാരന്റെ ജീവിതം ഇരുള് മൂടിയതറിഞ്ഞപ്പോള് മാറിനിന്ന് സഹതപിക്കുന്നതിനു പകരം അരികിലെത്തി കൈത്താങ്ങാകാന്‍ പരസ്പരം മത്സരിക്കുകയായിരുന്നു പഴയ ചങ്ങാതിക്കൂട്ടം. സൗഹൃദങ്ങള്‍ക്ക് അതിര്‍വരമ്പു കല്‍പ്പിക്കുന്ന പുതിയ കാലഘട്ടത്തിലും അതിരുകളില്ലാത്ത സ്നേഹത്തിന്റെ കയ്യൊപ്പ് ചാര്‍ത്തുവാന്‍ ഓടിയെത്തുകയായിരുന്നു അവര്‍.
കാട്ടാക്കട കുറ്റിച്ചല്‍ പരുത്തിപ്പള്ളി സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ 1992 ബാച്ചിലെ വിദ്യാര്‍ഥികളാണ് നാടിന് മാതൃകയാകുന്ന കാരുണ്യപ്രവര്‍ത്തനവുമായി ഒത്തുചേര്‍ന്നത്. പഠനകാലത്ത് ഒരുമിച്ചിരുന്ന് സ്വപനങ്ങള്‍ കണ്ട, കളിച്ചും ചിരിച്ചും തോളോട് തോള് ചേര്‍ന്ന് നടന്ന കൂട്ടുകാരന് കണ്ണുകളുടെ കാഴ്ച നഷ്ടപ്പെട്ട് ജീവിത വഴിത്താരയില്‍ കാലിടറി വീണപ്പോള്‍ താങ്ങാകാന്‍ തങ്ങളുടെ സമ്പാദ്യത്തില്‍ നിന്ന് ഒരല്‍പ്പം പകുത്ത് നല്‍കുകയായിരുന്നു അവര്‍. കുറ്റിച്ചല്‍ ശംഭുതാങ്ങി പഴവുണ്ണി ആറ്റിന്പുറത്തു വീട്ടില്‍ സതീഷി(38)ന് അഞ്ചുവര്‍ഷം മുമ്പാണ് കണ്ണുകളുടെ കാഴ്ച നഷ്ടമായത്. റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായിരുന്നു സതീഷ്. ഒരുതുണ്ടു ഭൂമി പോലും സ്വന്തമായില്ലാത്ത സതീഷിനെ വേണ്ട രീതിയില്‍ ചികിത്സിച്ച് കാഴ്ച വീണ്ടെടുത്ത് നല്കാന് ആ നിര്‍ധന കുടുംബത്തിനായില്ല. കണ്ണുകളില്‍ ഇരുട്ട് മൂടിയതോടെ ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തെ പോറ്റാനാകാതെ സതീഷ് ആത്മഹത്യയുടെവക്കില്‍ നില്‍ക്കുമ്പോഴാണ് ദേവദൂതരെപ്പോലെ പഴയ സഹപാഠികള്‍ എത്തിയത്.
സതീഷിനൊപ്പം പഠിച്ചിരുന്ന പ്രവാസികളായ അഖില, രനിത, ഷമീം എന്നിവര്‍ മുന്‍കൈ എടുത്താണ് ധനശേഖരണം ആരംഭിച്ചത്. സതീഷിനും കുടുംബത്തിനും ഒരു വീട് നിര്‍മിച്ച് നല്‍കാനാണ് സഹപാഠികളുടെ ആദ്യ ശ്രമം. ഇതിനായി വസ്തു വാങ്ങുവാനുള്ള അഡ്വാന്‍സ് തുകയായ ഒരു ലക്ഷം രൂപ കഴിഞ്ഞ ദിവസം തങ്ങള്‍ പഠിച്ച വിദ്യാലയത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ സതീഷിന് കൈമാറി. എംഎല്‍എ കെ.എസ്. ശബരീനാഥനാണ് സഹപാഠികള്‍ക്കു വേണ്ടി പണം സതീഷിന് കൈമാറിയത്. സ്ഥലം വാങ്ങുന്നതിന് ശേഷിക്കുന്ന രണ്ട് ലക്ഷത്തോളം രൂപയും വീട് നിര്‍മിക്കാനുള്ള തുകയും ഒപ്പംപഠിച്ച കൂട്ടുകാരുടെയും സുമനസുകളുടെയും സഹകരണത്തോടെ കണ്ടെത്തും. സതീഷ് കുടുംബ സഹായ നിധി ശേഖരണത്തിനായി യൂണിയന് ബാങ്കിന്റെ കുറ്റിച്ചല്‍ ശാഖയില്‍ സതീഷിന്റെ പേരില്‍ 403002010026190 എന്ന നമ്പറില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: