ന്യൂദല്‍ഹി: ഗുജറാത്തി എഴുത്തുകാരനും കവിയുമായ രഘുവീര്‍ ചൗധരിക്ക് 2015ലെ ജ്ഞാനപീഠം പുരസ്‌ക്കാരം. 11 ലക്ഷം രൂപയും സരസ്വതിയുടെ വെങ്കല വിഗ്രഹവുമാണ് അവാര്‍ഡ്. ജ്ഞാനപീഠ പുരസ്‌കാരം ലഭിക്കുന്ന 51-ാമത്തെ സാഹിത്യകാരനാണ് രഘുവീര്‍ ചൗധരി.
കേന്ദ്രസാഹിത്യ അക്കാദമിയുടെ അടക്കം നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുള്ള 77കാരനായ രഘുവീര്‍ ചൗധരി എണ്‍പതിലേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഉപര്‍വാസ്, സഹവാസ്, അന്തര്‍വാസ് എന്ന നോവല്‍ത്രയത്തിന് 1977ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു. ഇതാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ ഗ്രന്ഥം.
ഗുജറാത്ത് സര്‍വ്വകലാശാലയില്‍ ഹിന്ദി വിഭാഗം മേധാവിയായി വിമരിച്ച അദ്ദേഹം സാഹിത്യ അക്കാദമി കൗണ്‍സിലിലും പ്രസ് കൗണ്‍സിലിലും അംഗമായിരുന്നു. ഫിലിം ഫെസ്റ്റിവല്‍ ജൂറി അംഗവുമായിട്ടുണ്ട്. ഗുജറാത്ത് സാഹിത്യ പരിഷത്ത് നേതൃത്വത്തിലും പ്രവര്‍ത്തിക്കുന്നു. സന്ദേശ്, ജന്മഭൂമി തുടങ്ങിയ പത്രങ്ങളില്‍ ആനുകാലിക വിഷയങ്ങളില്‍ ലേഖനങ്ങള്‍ എഴുതുന്നുണ്ട്.
കവിയായി സാഹിത്യജീവിതം ആരംഭിച്ച ചൗധരി പിന്നീട് നോവലുകളിലേക്ക് തിരിയുകയായിരുന്നു. അവാര്‍ഡ് അടുത്തവര്‍ഷം വിതരണം ചെയ്യും.
















