ന്യൂദല്‍ഹി: കാര്‍ഗില്‍ യുദ്ധത്തില്‍ ഭാരത സൈന്യത്തിന്റെ ഗതിവേഗവും പൊട്ടുന്നനെയുള്ള പ്രതികരണവും പാക്കിസ്ഥാനെ ഞെട്ടിച്ചെന്ന് അന്ന് എട്ടാം മൗണ്ടന്‍ ഡിവിഷന്റെ തലവനായിരുന്ന ലഫ്റ്റനന്റ് ജനറല്‍ മൊഹിന്ദര്‍ പുരി. ഇതാണ് 99ല്‍ നമ്മെ വലിയ വിജയത്തിലേക്ക് നയിച്ചതും. കാര്‍ഗില്‍ ടെണിംഗ് ദ ടൈഡ് എന്ന തന്റെ പുസ്തകത്തില്‍ പുരി വിവരിക്കുന്നു.
പുസ്തകം തിങ്കളാഴ്ച പ്രകാശനം ചെയ്തു. കാര്‍ഗില്‍ യുദ്ധമുന്നണിയില്‍ ഭാരത സൈന്യം കാണിച്ചകരുത്തും ധൈര്യവും അല്പ്പം പോലും ആവേശം ചോരാതെ ആവിഷ്‌ക്കരിച്ചിരിക്കുകയാണ് പുരിയുടെ പുസ്തകത്തില്‍. ഓപ്പറേഷന്‍ വിജയില്‍(കാര്‍ഗില്‍ യുദ്ധം) ദ്രാസ് മഷ്‌കോ മേഖലയില്‍ നിന്നും ശത്രുക്കളെ തുരത്താനുള്ള ദൗത്യം എട്ടാം മൗണ്ടന്‍ ബറ്റാലിയനെയാണ് ഏല്‍പ്പിച്ചിരുന്നത്.
വേഗതയും സൈനിക നീക്കത്തിന്റെ തീ്രവതയും ശത്രുക്കളെ അമ്പരപ്പിച്ചു. ശത്രുക്കളെ വേഗം ഓടിക്കാന്‍ കഴിഞ്ഞതിന്റെ പ്രധാനകാരണം ഇതാണ്. തോലോലിംഗ് മല നിരകള്‍ പിടിച്ചടക്കാനുള്ള നിരവധി ശ്രമങ്ങള്‍ പൊളിഞ്ഞു. അങ്ങനിരിക്കെയാണ് അടുത്ത ദിവസം വൈകിട്ട് എന്തു രീതിയിലും അവിടം പിടിച്ചടക്കണമെന്ന് താന്‍ നിര്‍ദ്ദേശിച്ചത്. അടുത്ത ദിവസം താന്‍ സൈനിക ആസ്ഥാനത്ത് എത്തും മുന്‍പുതന്നെ നമ്മുടെ സൈന്യം തന്ത്രപ്രധാനമായ അവിടം കീഴടക്കിയിരുന്നു.
ശ്രീനഗര്‍ ലേ ദേശീയ പാതയ്‌ക്ക് അഭിമുഖമായി കിടക്കുന്ന തോലോലിംഗ് മലനിര തന്ത്രപരമായി വളരെ പ്രാധാന്യമുള്ളതാണ്. അവിടം കീഴടക്കിക്കഴിഞ്ഞ് വെറും ആറു ദിവസം കൊണ്ടാണ് നാം വിജയങ്ങളെല്ലാം നേടിയത്. ആ മലനിര കീഴടക്കിയ വിവരം രണ്ട് രാജ്പുത്താന റൈഫിള്‍സ് കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ എംബി രവീന്ദ്രനാഥാണ് റേഡിയോയിലൂടെ തന്നെ അറിയിച്ചത്. സര്‍, ഞാന്‍ തോലോലിംഗ് മുകളിലാണ് എന്നായിരുന്ന ആ സന്ദേശം. തോലോലിംഗ്, ടൈഗര്‍ ഹില്‍. പോയന്റ് 4875 എന്നിവ പിടിച്ചടക്കിയത് പുരിയുടെ എട്ടാം ഡിവിഷനായിരുന്നു.
















