ശിവാകൈലാസ്
ശയ്യാവലംബരായ രോഗികള്‍ക്ക് സാന്ത്വനമേകാന്‍ സേവാഭാരതിയുടെ സഞ്ചരിക്കുന്ന വൈദ്യസംഘവും. വിളപ്പില്‍ പഞ്ചായത്തിലെ 20 വാര്‍ഡുകളിലെയും നിരാലംബരായ കിടരോഗികള്‍ക്ക് ഔഷധവും ചികിത്സയും നല്കി കാരുണ്യത്തിന്റെ കൈത്തിരി തെളിക്കുകയാണ് സേവാഭാരതി വിളപ്പില്‍ യൂണിറ്റിലെ സേവാഭടന്മാര്.
രണ്ട് നഴ്സുമാര്‍, ഒരു ഡോക്ടര്‍, അത്യാവശ്യ മരുന്നുകള്‍ എന്നിവയുമായി സേവാഭാരതി സ്വന്തമായി വാങ്ങിയ ആംബുലന്‍സിലാണ് ജനുവരി 17 മുതല്‍ പാലിയേറ്റീവ്
കെയര്‍ യൂണിറ്റ് പ്രയാണം ആരംഭിക്കുന്നത്. സമ്മാന കൂപ്പണ്‍ അച്ചടിച്ച് വിതരണം ചെയ്തും സുമനസുകളുടെ സഹായങ്ങള്‍ സ്വീകരിച്ചുമാണ് 3.5 ലക്ഷം രൂപ സമാഹരിച്ച് പാലിയേറ്റീവ് കെയര്‍ യൂണിറ്റിനായി ആംബുലന്‍സ് വാങ്ങിയത്. പ്രസന്നകുമാര്‍, രതീഷ് എന്നീ സേവാഭാരതി വോളണ്ടിയേഴ്സിനെ കണ്വീനര്മാരാക്കി സാന്ത്വന സഹായസമിതി രൂപീകരിച്ചാണ് ഈ പ്രവര്‍ത്തനങ്ങള്‍ ഏകീകരിച്ചത്. പരസഹായമില്ലാതെ നില്ക്കാന് സാധിക്കാത്ത നൂറുകണക്കിന് രോഗികള്‍ക്ക് സേവാഭാരതിയുടെ പുതു സംരംഭത്തിലൂടെ സൗജന്യ വൈദ്യ സഹായം ലഭ്യമാകും.
ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ വിളപ്പില്‍ പഞ്ചായത്ത് 2012ല്‍ പാലിയേറ്റീവ് കെയര്‍ നഴ്സുമാരെ നിയോഗിച്ചിരുന്നു. കൃത്യമായി ശമ്പളം നല്‍കാതെയും രോഗീപരിചരണത്തിന് വേണ്ടത്ര ശ്രദ്ധ കൊടുക്കാതെയും പദ്ധതി തുടക്കത്തില്‍ തന്നെ പാളിയിരുന്നു. ഈ സാഹചര്യത്തിലാണ് സേവാഭാരതിയുടെ സന്നദ്ധപ്രവര്‍ത്തകര്‍ സാന്ത്വന സ്പര്‍ശവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ഒരു വര്‍ഷമായി നടത്തി വരുന്ന അശ്രാന്ത പരിശ്രമമാണ് ഒടുവില്‍ ഫല പ്രാപ്തിയിലെത്തുന്നതെന്ന് സേവാഭാരതി യൂണിറ്റ് പ്രസിഡന്റ് രജ്ഞിത്ത്, സെക്രട്ടറി അരുണ്‍പ്രസാദ് എന്നിവര്‍ പറയുന്നു.
വിളപ്പില്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ രോഗികള്‍ക്ക് സൗജന്യ ഉച്ചഭക്ഷണം, നിര്‍ധന രോഗികള്‍ക്ക് ചികിത്സാ സഹായം, ദരിദ്ര വിദ്യാര്‍ഥികള്‍ക്ക് പഠന സഹായം, സൗജന്യ ഹിന്ദി പാഠശാല, ഗ്രന്ഥശാല എന്നിങ്ങനെ വേറിട്ട വഴികളിലൂടെ സാധുജന സേവനം കര്‍മ്മമാക്കിയ സേവാഭാരതി വിളപ്പില്‍ യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അര്‍ഹരായവരുടെ കൈകളില്‍ സഹായം എത്തിക്കുകയെന്ന ധര്‍മ്മം പാലിച്ച് മാനവസേവ മാധവ പൂജയാക്കുകയാണ് സേവാഭാരതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: