ലഖ്‌നൗ:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാക്കിസ്ഥാന്‍ മിന്നല്‍ സന്ദര്‍ശനം ലോകത്തിനുമുമ്പില്‍ ഭാരതത്തിന്റെ മഹത്വം ഉയര്‍ത്തിക്കാട്ടിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്ന്ഥ് സിങ്. പാക്കിസ്ഥാന്‍ സന്ദര്‍ശനം ഏവരേയും പോലെ തന്നേയും ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. കാബൂളില്‍നിന്നും ദല്‍ഹിയിലേക്കുള്ള തിരിച്ചുവരവില്‍ പാക്കിസ്ഥാനിലിറങ്ങി പ്രധാനമന്ത്രി നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തിയത് തികച്ചും അപ്രതീക്ഷിതമായാണ്.
സന്ദര്‍ശനം മുന്‍കൂട്ടി തയ്യാറാക്കിയിരുന്നതല്ല. രാഷ്‌ട്രങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധം വളര്‍ത്തിയെടുക്കാന്‍ ഏറെ ഗുണംചെയ്യുന്നതാണ് ഇതെന്ന് വിലയിരുത്താന്‍ സാധിക്കുമെന്നും രാജ്‌നാഥ് സിങ് അറിയിച്ചു. ലഖ്‌നൗവലെ പൊതുചടങ്ങില്‍ പങ്കെടുക്കവേയാണ് കേന്ദ്രമന്ത്രി ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്.
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്കുശേഷം ലോകത്തിനുമുമ്പില്‍ രാജ്യത്തിന് അഭിമാനിക്കാനുള്ള നിമിഷങ്ങളും, ഭാരതത്തിന്റെ മാഹാത്മ്യം തുറന്നുകാട്ടാനും അവസരം ഉണ്ടാക്കിയത് നരേന്ദ്രമോദി അധികാരത്തിലെത്തിയതോടെയാണ്.
മോദിയുടെ ഈ സന്ദര്‍ശനത്തെ പിറന്നാള്‍ നയതന്ത്രം എന്ന വിളിപ്പേരാണ് സോഷ്യല്‍ മീഡിയ നല്‍കിയിരിക്കുന്നത്. ഭാരത- പാക് നയതന്ത്രബന്ധം മെച്ചപ്പെടുത്തിയെടുക്കുന്നതില്‍ മഹത്വപൂര്‍ണ്ണമായ നീക്കമാണെന്ന് സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള കമന്റുകള്‍ സൂചിപ്പിക്കുന്നു. സൗത്ത് ഏഷ്യന്‍ അയല്‍ രാജ്യങ്ങളുമായുള്ള സൗഹൃദം മെച്ചപ്പെടുത്തിയെടുക്കുന്നതില്‍ ഈ സന്ദര്‍ശനം നിര്‍ണ്ണായകമാകുമെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.
ഡിസംബര്‍ 25 ഉച്ചകഴിഞ്ഞ് ലാഹോര്‍ അല്ലമ ഇഖ്ബാല്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയ നരേന്ദരമോദിയെ പ്രധാനമന്ത്രി നവാസ് ഷെരീഫ്, പഞ്ചാബ് മുഖ്യമന്ത്രി ഷഹ്ബാസ് ഷരീഫ് എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.150 മിനുട്ടാണ് മോദി പാക്കിസ്ഥാനില്‍ ചെലവഴിച്ചത്. 11 വര്‍ഷത്തിനുശേഷം ആദ്യമായാണ് ഭാരത പ്രധാനമന്ത്രി പാക്കിസ്ഥാനില്‍ സന്ദര്‍ശനം നടത്തുന്നത്.
















