ആലപ്പുഴ: ജില്ലയില്‍ ബിഎസ്എന്‍എലിന്റെ മൊബൈല്‍ ഫോണ്‍, ബ്രോഡ്ബാന്‍ഡ് സേവനങ്ങളില്‍ വ്യാപക തകരാറുകളെന്ന് പരാതി. ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് പ്രശ്‌നം സൃഷ്ടിക്കുന്നതെന്നാണ് ആക്ഷേപമുയരുന്നത്.
ടവറുകളുടെ സാങ്കേതിക തകരാര്‍ പരിഹരിക്കാത്തതിനാല്‍ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ വലയുന്നു. പുതിയ ടവറുകള്‍ സ്ഥാപിക്കുമെന്നും നിലവിലുള്ള ടവറുകളുടെ സാങ്കേതിക തകരാര്‍ പരിഹരിക്കുമെന്നും മാസങ്ങള്‍ മുമ്പ് തന്നെ പ്രഖ്യാപനങ്ങള്‍ വന്നിരുന്നു. എന്നാല്‍ ഇത് നടപ്പിലായില്ല. മൊബൈല്‍ ഫോണ്‍ കണക്ഷനുകളുടെ വര്‍ധനവിന് അനുസരിച്ച് ടവറുകള്‍ നിര്‍മിക്കാത്തതാണ് പ്രധാന പ്രതിസന്ധി. ഇതെത്തുടര്‍ന്ന് ബിഎസ്എന്‍എല്‍ മൊബൈലുകളിലേക്ക് വിളിക്കുമ്പോള്‍ തെറ്റായ വിവരങ്ങളാണ് ലഭിക്കുന്നത്. കോളുമാറി കയറുന്നതും മറ്റുള്ളവരുടെ സംഭാഷണം കേള്‍ക്കുന്നതും നഗരത്തിലും പതിവായി.
മൊബൈലിലേക്ക് ഒരു കോള്‍ ചെയ്യുവാന്‍ കുറഞ്ഞത് അഞ്ച് പ്രാവശ്യമെങ്കിലും വിളിക്കേണ്ട അവസ്ഥയാണ്. ബിഎസ്എന്‍എല്‍ മൊബൈല്‍ ടവറുകളുടെ ഭാഗമായ ബേസിക് ട്രാന്‍സ്മിഷന്‍ സ്‌റ്റേഷനുകളിലെ പവര്‍ സപ്ലൈയുടെ ബാക്ക്അപ് ഏറെ നാളുകളുകളായി കുറഞ്ഞിരിക്കുകയാണ്. ബാറ്ററികള്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ സര്‍ക്യൂട്ട് കാര്‍ഡുകള്‍ പുതുക്കാത്തതാണ് പ്രധാന പ്രതിസന്ധി.
വൈദ്യുതി ബന്ധം നിലച്ചാല്‍ ജനറേറ്ററിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതിനുള്ളില്‍ ടവറില്‍ വൈദ്യുതി നല്‍കേണ്ടത് ഈ ബാറ്ററികളാണ്. നിലവിലുള്ള ടവറുകള്‍ക്ക് താങ്ങാവുന്നതിലപ്പുറമാണ് വരുന്ന കോളുകളുടെ എണ്ണം. ഇതും ഉപഭോക്താക്കള്‍ക്ക് തെറ്റായ സന്ദേശങ്ങള്‍ ലഭിക്കുന്നതിന് കാരണമാകുന്നു. കൂടുതല്‍ കോളുകള്‍ ഒരുമിച്ച് വരുമ്പോള്‍ ടവറുകള്‍ നിശ്ചലമാകുന്നതാണ് ഇതിന്റെ കാരണം.
സിഗ്‌നലുകള്‍ അയയ്‌ക്കുന്നതിന് വേണ്ടി സ്ഥാപിച്ചിട്ടുള്ള സെറ്ററുകളും പ്രവര്‍ത്തന രഹിതമാണ്. കഴിഞ്ഞ ആറുമാസത്തിനിടെ നിരവധിപേര്‍ ബിഎസ്എന്‍എല്‍ ഉപേക്ഷിച്ച് സ്വകാര്യ കമ്പനികളെ ആശ്രയിക്കുകയാണ്.
















