ആലപ്പുഴ: ഒന്നുകൊടുത്താല്‍ നൂറുമേനിയായി തിരിച്ച് തരുന്ന മണ്ണിനെയും അതിലൂടെ പ്രകൃതിയെയും സംരക്ഷിക്കുവരായി വിദ്യാര്‍ത്ഥികള്‍ മാറണമെന്ന് സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ജോയന്റ് ഡയറക്ടര്‍ ഡോ. അജിത്ത് പ്രഭു പറഞ്ഞു. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സാമ്പത്തിക സഹായത്തോടെ സീ ഗിഫ്റ്റ് സംഘടിപ്പിച്ച ‘ആരോഗ്യമുള്ള മണ്ണ് ആരോഗ്യമുള്ള ജീവിതത്തിന് ’എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി സംരക്ഷണം എന്നത് മനുഷ്യന്‍ അവന്റെ സംസ്‌ക്കാരമാക്കണം. താത്കാലിക ലാഭത്തിനായി ഭൂമിയില്‍ വീര്യം കൂടിയ രാസപദാര്‍ത്ഥങ്ങളും കീടനാശിനികളും പ്രയോഗിക്കുന്നത് മണ്ണിന്റെ ഘടനയേയും അതോടൊപ്പം തന്നെ സന്തുലിതാവസ്ഥയേയും അതിലെ ജൈവവൈവിദ്യങ്ങളേയും എന്നന്നേക്കുമായി ഇല്ലാതാക്കും.
മണ്ണില്ലായെങ്കില്‍ മനുഷ്യനില്ലായെന്നും ഭൂമിയില്‍ ജീവന്റെ തുടിപ്പ് നിലനിര്‍ത്തുന്നതിലുമുള്ള മണ്ണിന്റെ പങ്ക് വിസ്മരിക്കാനാവാത്തതാണ്. നിത്യവും മനുഷ്യന് ഭക്ഷിക്കാനാവശ്യമായ വിഭവങ്ങള്‍ തരുന്നതും മണ്ണാണ്. എന്നാല്‍ ആ മണ്ണിനെ സംരക്ഷിക്കുവാനുള്ള യാതൊരു പ്രവര്‍ത്തനവും മനുഷ്യന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ല. ഇത് കണക്കിലെടുത്ത് മണ്ണില്ലാതെ വരുമ്പോഴുളള ഗൗരവകരമായുള്ള സ്ഥിതി മനസ്സിലാക്കി മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുവാന്‍ യുവാക്കളും ഓരോ വിദ്യാര്‍ത്ഥികളും മുന്നോട്ട് വരണമെന്നും അജിത്ത് പ്രഭു പറഞ്ഞു. എല്‍എംഎച്ച്എസ്എസ് മാനേജര്‍ എ.എം. നസീര്‍ അധ്യക്ഷത വഹിച്ചു.
















