ഭാരതീയ ജനതാപാര്‍ട്ടിയുടെ സംസ്ഥാനാധ്യക്ഷനായുള്ള കുമ്മനം രാജശേഖരന്റെ നിയുക്തി നേര്‍വഴിക്കു ചിന്തിക്കുന്ന എല്ലാവര്ക്കും ആശ്വാസകരമായെങ്കിലും, മറിച്ചുള്ളവര്ക്കുണ്ടായ ഉള്ക്കിടിലത്തെ മറച്ചുവെക്കാന്പോലും കഴിഞ്ഞില്ല. അവരുടെ പ്രതികരണങ്ങള്‍തന്നെ അതിന് സാക്ഷ്യംവഹിക്കുന്നു. തൊട്ടതെല്ലാം പൊന്നാക്കിയ അപരാജിതന്‍. മാത്രമല്ല അജാതശത്രുകൂടിയാണദ്ദേഹം. ആറന്മുള ക്ഷേത്രത്തിന്റെയും പരിസരങ്ങളുടെയും തനിമയും സാംസ്കാരിക പൈതൃകങ്ങളും പുഴയും പാടങ്ങളും അന്തരീക്ഷവും നശിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയ രാക്ഷസീയ ശക്തികള്‍ക്കെതിരെ കുമ്മനത്തിന്റെ നേതൃത്വത്തില്‍ നടന്ന ഐതിഹാസികമായ ധര്‍മ്മസമരത്തില്‍ പങ്കുചേരാന്‍ അണിനിരന്നവരുടെ വൈവിധ്യം തന്നെ മതി അദ്ദേഹത്തെ അജാതശത്രുവാക്കാന്‍.
അരനൂറ്റാണ്ടുകാലത്തെ പൊതുജീവിതത്തില്‍ അദ്ദേഹം കൈവരിച്ച നേട്ടങ്ങള്‍ക്കു സമാനതകളില്ല. നിസ്സംഗനായി, അക്ഷോഭ്യനായി, സ്വന്തമെന്ന ചിന്തയില്ലാതെ അദ്ദേഹം എത്രയെത്ര സമരങ്ങള്‍ നയിച്ചു! ആ അതുല്യവ്യക്തിത്വവുമായുള്ള സമ്പര്‍ക്കത്തിന്റെ ചില മിന്നലാട്ടങ്ങള്‍ അവതരിപ്പിക്കുകയാണിവിടെ.
1960 ല്‍ ഞാന്‍ കോട്ടയം ജില്ലാ പ്രചാരകനായിരിക്കുമ്പോള്‍ നഗരപ്രചാരകനായിരുന്ന മാധവനുണ്ണിയുമൊരുമിച്ച് ഒരു പദയാത്ര പുറപ്പെട്ടു. കോട്ടയത്ത് താഴത്തങ്ങാടി കടവ് കടന്ന് (അന്ന് പാലമില്ല) കുമ്മണം ഇളങ്കാവിനടുത്ത് അഡ്വക്കേറ്റ് രാമകൃഷ്ണപിള്ളയുടെ വീടായിരുന്നു ആദ്യലക്ഷ്യം. അവിടെ സിഎംഎസ് കോളേജിലും സ്കൂളിലും പഠിക്കുന്നവരുണ്ടായിരുന്നു. ലാകോളേജില്‍ പഠിച്ചിരുന്ന ഗോപാലകൃഷ്ണപിള്ളയും (ഇപ്പോള്‍ ജില്ലാ ജഡ്ജിയായി വിരമിച്ചു) അക്കൂട്ടത്തില്‍ രാജശേഖരന് ഉണ്ണിയുടെ ശ്രദ്ധയില്‍പ്പെട്ടു. ഞങ്ങളുടെ പദയാത്ര മെഡിക്കല്‍ കോളേജ് (പണി നടക്കുന്നതേയുള്ളൂ) വഴി കുമാരനല്ലൂരില്‍ അവസാനിച്ചു.
പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം എറണാകുളത്ത് രാഷ്ട്രവാര്‍ത്താ സായാഹ്നപത്രം ആരംഭിച്ചപ്പോള്‍, അവിടെ ഭാരതീയ വിദ്യാഭവനില്‍ ജേര്‍ണലിസം പഠിക്കാനെത്തിയ രാജശേഖരന് പത്രനടത്തിപ്പില്‍ കെ.ജി. വാധ്യാര്ജിക്കു വലിയ സഹായമായി. കോഴ്സ് കഴിഞ്ഞ് ദീപിക, കേരളഭൂഷണം തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലിചെയ്തു.
അടിയന്തരാവസ്ഥയ്ക്കുശേഷം എറണാകുളത്തുനിന്നും ജന്മഭൂമി പുനരാരംഭിക്കാന്‍ ശ്രമം തുടങ്ങിയപ്പോള്‍ അദ്ദേഹം കൊച്ചിയില്‍ ഫുഡ് കോര്പ്പറേഷന് ജോലിക്കാരനാണ്. ജന്മഭൂമി നടത്തിപ്പില്‍ തന്നാലാവുന്നതെല്ലാം ചെയ്യാന്‍ സന്നദ്ധനായി. ജോലികഴിഞ്ഞ് നേരെ നോര്‍ത്തിലെ ആഫീസിലെത്തും. പത്രപ്രവര്‍ത്തനം എന്താണെന്നുപോലും അറിയാത്ത പത്തുപന്ത്രണ്ടുപേരെ അതിന്റെ ഹരിഃശ്രീ മുതല്‍ പഠിപ്പിച്ചുകൊണ്ട് പേജുകള്‍ തയ്യാറായി പ്രസില്‍ കയറ്റുന്നതുവരെ നില്ക്കും. മിക്കവാറും ആദ്യത്തെ കോപ്പി പുറത്തിറങ്ങിയാല്‍ തേവരയില്‍ ജ്യേഷ്ഠന് താമസിക്കുന്ന വീട്ടിലേക്കു വച്ചടിക്കും. അതുപോലെ മഞ്ചനാമഠം ബാലഗോപാല്‍ എന്ന ഇന്ത്യന്‍ എക്സ്പ്രസ്കാരനുമുണ്ടായിരുന്നു. പത്രാധിപരായിരുന്ന പ്രൊ. മന്മഥന്‍സാറിനെ കുമ്മനം കാണുന്നതുതന്നെ അപൂര്‍വ്വമായിരുന്നു.
പത്രപ്രവര്‍ത്തനം പഠിക്കാന്‍ സ്ഥാപനമൊന്നുമില്ലാതിരുന്ന അക്കാലത്ത് സൈദ്ധാന്തികമായിട്ടല്ലാതെ തികച്ചും പ്രായോഗികമായി ചെയ്യേണ്ടതെന്തൊക്കെയെന്ന് സ്വയം മാതൃകയാക്കി പരിശീലിച്ചവരായിരുന്നു ആദ്യ ജന്മഭൂമി പ്രവര്‍ത്തകര്‍. കുമ്മനം സ്ഥലംമാറ്റമായി കോട്ടയത്തു പോകുന്നതുവരെ ഇതുതുടര്‍ന്നു.
കോട്ടയ (ചിങ്ങവനത്തായിരുന്നുവെന്നു തോന്നുന്നു)ത്ത് ജോലിചെയ്യുമ്പോഴാണ് വിശ്വഹിന്ദുപരിഷത്തിന്റെ പ്രവര്‍ത്തനത്തില്‍ വന്നത്. തിരുനക്കര ക്ഷേത്രമൈതാനത്ത് വിശ്വഹിന്ദു ബുക്ക്സ്റ്റാള്‍ ആരംഭിച്ച് ആധ്യാത്മികവും മതപരവുമായ സാഹിത്യത്തിന്റെ പ്രളയംതന്നെ അവിടെ ഒരുക്കി. സംഘവുമായി ബന്ധപ്പെട്ട നിരവധി യുവക്കളെ അതുമായി ഇണക്കി. തിരുനക്കരയിലെ മുറുക്കാന്‍ കച്ചവടക്കാരന് മണിയായിരുന്നു ഇന്‍ഫര്‍മേഷന്‍ സെന്റര്‍. അവിടെയും വിശ്വഹിന്ദു ബുക്ക്സിലും ചെന്നാല്‍ നമ്മുടെ മനസ്സുനിറയുമായിരിക്കും. ശബരിമല സന്നിധാനത്തും ബുക്ക്സ്റ്റാള്‍ പ്രവര്‍ത്തിച്ചുവന്നു. ലോക്കറ്റുകള്‍, ചിത്രങ്ങള്‍, സ്റ്റിക്കറുകള്‍, ഭക്തിഗാനകാസറ്റുകള്‍ എന്നിവയുടെ കുത്തൊഴുക്കുതന്നെയുണ്ടായി.
നിലയ്ക്കല്‍ ദേവീക്ഷേത്രം തകര്‍ത്ത് കുരിശ് സ്ഥാപിച്ച് അവിടം കൈയടക്കാന്‍ നടന്ന ക്രിസ്ത്യന്‍ ശ്രമത്തിനെതിരായി ആളിക്കത്തിയ പ്രക്ഷോഭം ദേശീയശ്രദ്ധ ആകര്‍ഷിച്ചു. സ്ഥലം സന്ദര്‍ശിക്കാന്‍ സന്യാസിമാരുടെ സംഘം എത്തിയതും അവരെ പോലീസ് മര്‍ദ്ദിച്ചതും പ്രക്ഷോഭം കത്തിപ്പടരാനിടയാക്കി. സമരത്തിനു നേതൃത്വം നല്‍കിയതിന്റെ പേരില്‍ കുമ്മനം ജയിലിലായി. എന്‍എസ്എസ്, എസ്എന്‍ഡിപി മുതലായ സമുദായ സംഘടനാ നേതൃത്വങ്ങള്‍ പുറംതിരിഞ്ഞുനിന്നുവെങ്കിലും പിന്മാറാന് ഹൈന്ദവ മനസ്സു തയ്യാറായില്ല. മന്മഥന് സാറിനെപ്പോലുള്ള ആദരണീയ വ്യക്തികള്‍ മുന്‍കയ്യെടുത്ത് നടത്തിയ ചര്‍ച്ചകളുടെ ഫലമായി കുരിശുമാറ്റാന്‍ ക്രിസ്ത്യാനികള്‍ നിര്‍ബന്ധിതരായി. അവര്‍ക്ക് പൂങ്കാവനത്തിനു പുറത്തു സ്ഥലം നല്കാന് മുഖ്യമന്ത്രി കരുണാകരന് സമ്മതിച്ചു. അന്നുമുതല്‍ കുമ്മനത്തിന്റെ കര്‍മക്ഷേത്രത്തില്‍ മുഖ്യം ശബരിമലയായി.
സമരത്തില്‍ പങ്കെടുത്തതിനും ആര്‍എസ്എസില്‍ പ്രവര്‍ത്തിച്ചതിന്റേയും പേരില്‍ കേന്ദ്രസര്‍ക്കാര്‍ അദ്ദേഹത്തെ പിരിച്ചുവിട്ടു. അതിനെതിരെ അദ്ദേഹം നീണ്ടനിയമ യുദ്ധം നടത്തി. പിരിച്ചുവിടല്‍ കോടതി അസാധുവാക്കുകയും തിരിച്ചെടുക്കുകയും ചെയ്തു. സംഘപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നതു ജോലിക്ക് അയോഗ്യതയല്ല എന്ന് സ്ഥാപിച്ചെടുത്തശേഷം അദ്ദേഹം ജോലി രാജിവെക്കുകയും സംഘപ്രചാരകനാവുകയുമായിരുന്നു.
തുടര്‍ന്ന് ശബരിമലയായിരുന്നു അദ്ദേഹത്തിന്റെ മുഖ്യപ്രവര്‍ത്തന വേദി. അവിടെയെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും മറ്റുമായി നിരന്തരം പ്രയത്നിച്ചുകൊണ്ടിരുന്നു. അയല്‍ സംസ്ഥാനങ്ങളിലെ ഭക്തന്മാര്ക്ക് മലയാത്രയുടെ ചിട്ടകള്‍ മനസ്സിലാക്കിക്കാനും അന്നദാനം നല്‍കാനും മറ്റും ചെയ്ത പ്രയത്നങ്ങള്‍ ഭഗീരഥ തുല്യമായിരുന്നു. സത്യാനന്ദ സരസ്വതി സ്വാമികളുമായി ചേര്‍ന്നു നിരവധി കാര്യങ്ങള്‍ സാധിച്ചു. സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന സകല പ്രയത്നങ്ങള്‍ക്കും ഉടക്കിടാന്‍ ദേവസ്വം ബോര്‍ഡിനെ നിയന്ത്രിക്കുന്ന ഭരണ രാഷ്ട്രീയക്കാര്‍ ശ്രമിച്ചുവന്നു.
നാലു ദക്ഷിണ സംസ്ഥാനങ്ങളിലെ ആളുകള്‍ ചേര്‍ന്ന് അയ്യപ്പസേവാസമാജം രൂപീകരിച്ചു. അന്നദാനവും മറ്റും നടത്താന്‍ തുനിഞ്ഞപ്പോള്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും തടഞ്ഞു. ഭക്ഷണം തയ്യാറാക്കാനുള്ള സാധനങ്ങള്‍ കൊണ്ടുവന്ന ലോറികള്‍ അവിടെനിന്നും പോലീസ് തിരിച്ചയച്ച സംഭവമുണ്ടായി. ഈ വര്‍ഷം സമാജത്തിന്റെ അന്നദാനശാലക്കെതിരെ വൈദ്യുതി ബോര്‍ഡാണ് ചന്ദ്രഹാസമിളക്കിയത്. തീര്‍ത്ഥാടന പാതയില്‍ കൂനംകരയില്‍ വന്‍തോതില്‍ തീര്‍ത്ഥാടക സൗകര്യങ്ങള്‍ ചെയ്യുന്ന കേന്ദ്രം ആരംഭിച്ചത് കുമ്മനത്തിന്റെ നേതൃത്വത്തിലാണ്.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്നുവന്ന അഴിമതികള്‍ക്കെതിരെ 1988 ല്‍ നടന്ന ക്ഷേത്ര വിമോചനസമരം അടിച്ചമര്‍ത്തപ്പെട്ടുവെങ്കിലും അവിടെ ഇന്നു കാണുന്ന പരിഷ്കാരങ്ങള്‍ക്കെല്ലാം അതാണ് കാരണാമായിത്തീര്ന്നത്. കോട്ടയത്തുകാരനായ ഒരു പുതു ക്രിസ്ത്യാനിയെ പഴയ പേരുവെച്ച് ഗുരുവായൂര്‍ ക്ഷേത്രസമിതിയിലേക്കു സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തതിനെ പുറത്തുകൊണ്ടുവന്ന് വിജയകരമായ പ്രക്ഷോഭം നടത്തി അതസാധുവാക്കിച്ചു.
ദളിത വിഭാഗത്തില്‍പ്പെട്ടവരും വനവാസികളുമായ, ഇന്നും മതംമാറാത്തവര് അനുഭവിക്കേണ്ടിവരുന്ന യാതനകള്‍ പരിഹരിക്കാന്‍ നടത്തുന്ന ശ്രമം പ്രശംസനീയമാണ്. സംസ്ഥാനധ്യക്ഷസ്ഥാനം ഏറ്റശേഷം കുമ്മനം മുന്‍ഗണന നല്കി സന്ദര്‍ശിച്ചത് അരിപ്പയിലെ സമരഭൂമിയിലായിരുന്നു.
ജന്മഭൂമി പത്രത്തിന്റെ ഓരോ പ്രതിസന്ധിയിലും അദ്ദേഹം അതിന്റെ പരിഹാരത്തിനു മുന്നോട്ടുവന്ന്, ‘മന്ദരോദ്ധാരകൂര്മ’മായി പ്രവര്‍ത്തിച്ചുവെന്നതു മറന്നുകൂടാ.
ലളിതജീവിതവും ഉന്നതചിന്തയും എന്ന ചൊല്ല് അദ്ദേഹത്തോളം യോജിക്കുന്നവരെ കാണാന്‍ പ്രയാസമാണ്. 2001 ല്‍ ചെറുകോല്‍ പുഴയില്‍ സംഘത്തിന്റെ പ്രാന്തീയ സമ്മേളനം നടന്നപ്പോള്‍ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഒരേ വീട്ടിലാണ് താമസമൊരുക്കിയിരുന്നത്. അദ്ദേഹമെത്തിയത് രാത്രി പന്ത്രണ്ടിനുശേഷമായിരുന്നു. ഓരോ കാര്യങ്ങള്‍ക്കായി വന്നവരെ ആരെയും അദ്ദേഹം ശ്രദ്ധിക്കാതെ വിട്ടില്ല. രാത്രി ഉറങ്ങിയതുമില്ല.
രാഷ്ട്രീയരംഗത്തല്ല അദ്ദേഹം ഇതുവരെ പ്രവര്‍ത്തിച്ചത് എന്നത് ഒരു പോരായ്മയല്ല. അദ്ദേഹം ജനങ്ങള്‍ക്കിടയിലാണ് ജീവിക്കുന്നത്. അവരുടെ ഹൃദയത്തുടിപ്പുകള്ക്കനുസരിച്ച് അദ്ദേഹത്തിന്റെ ഹൃദയവും തുടിക്കും എന്നതാണ് പ്രധാനം. ഒരിക്കലും അന്യമതങ്ങളോട് അസഹിഷ്ണുവല്ല അദ്ദേഹം. കന്മഷലേഷമില്ലാതെയാണ് എതിര്ക്കുന്നതുമെന്നതാണ് സവിശേഷത. അതുകൊണ്ടുതന്നെ അജാതശത്രുവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: