പ്രഭാഷണകലയുടെ മറുകരകണ്ട അബ്ദുള്‍ സമദ് സമദാനി, തീക്കടല്‍കടഞ്ഞ് തിരുമധുരം നമുക്കു മുമ്പില്‍ പകുത്തുവെച്ച സി. രാധാകൃഷ്ണന്, കാവ്യതല്ലജങ്ങളുടെ മാസ്മര സൗന്ദര്യം സിരകളില്‍ ഊര്‍ജം പകരുന്ന കോഴിക്കോട് ഡിഎംഒ പീയൂഷ് നമ്പൂതിരിപ്പാട്, സേവനത്തിന്റെ ആത്മാവിലേക്കിറങ്ങിച്ചെന്ന തറുവായ്, ശൈലീനിബദ്ധവും പക്വതയാര്‍ന്ന സമീപനവുമായി വാര്‍ത്തകളുടെ ലോകത്ത് വിഹരിക്കുന്ന പി.ജെ. ജോഷ്വ തുടങ്ങിയവരും മറ്റു പ്രഗത്ഭരുമടങ്ങുന്ന പ്രൗഢഗംഭീരമായ ഒരു ചടങ്ങ്.
രാഷ്ട്രീയ നേതാവ്, കവി, ഗ്രന്ഥകാരന്, പ്രഭാഷകന്‍, സാമൂഹിക പ്രവര്ത്തകന്, അഭിഭാഷകന്, പംക്തീകാരന് എന്നു തുടങ്ങി വിശേഷണങ്ങള്‍ പോരാതെ വരുന്ന ഒരാളുടെ മൂന്നു പുസ്തകങ്ങളുടെ പ്രകാശനചടങ്ങായിരുന്നു അത്. കോഴിക്കോടിന്റെ ഹൃദയഭാഗം എന്നു പറയാവുന്നിടത്ത്, കെ.പി. കേശവമേനോന് ഹാളിലായിരുന്നു പരിപാടി. മൂന്നു മണിക്കൂര്‍ നീണ്ട ചടങ്ങായിരുന്നു. അതില്‍ സമദാനി, നേരത്തെ ഒരാള്‍ ഗ്രന്ഥകാരനെക്കുറിച്ച് പരാമര്‍ശിച്ചത് വിശകലനം ചെയ്ത് അതിമനോഹരമായി സംസാരിച്ചു. ആ ഗ്രന്ഥകാരന് ഒരമ്മ മനസ്സുണ്ടെന്നായിരുന്നു പരാമര്‍ശം.
യുക്തിഭദ്രമായി, സ്നേഹനിബദ്ധമായി കാരുണ്യപ്പെരുമയായി സമദാനി അങ്ങനെ വിശാലാകാശത്തിന്റെ വ്യാപ്തിയിലേക്ക് അ പരാമര്‍ശത്തെ എടുത്തുയര്‍ത്തി. വാസ്തവത്തില്‍ ആര്‍ക്കും എളുപ്പം മനസ്സിലാവുന്ന ആ അമ്മ മനസ്സിന്റെ ഉടമ മറ്റാരുമായിരുന്നില്ല. ബിജെപിയുടെ മുതിര്‍ന്ന നേതാവ് പി.എസ്. ശ്രീധരന്‍പിള്ള തന്നെ. അന്ന് പ്രകാശനം ചെയ്ത നേര്‍ക്കാഴ്ച, നോവും നനവും, മണ്ടേല മുതല്‍ അഴീക്കോട് വരെ എന്നീ പുസ്തകങ്ങളിലും നേരത്തെ പുറത്തിറക്കിയ 46 ഓളം എണ്ണങ്ങളിലുമുള്ള അന്തര്‍ധാര ഈ അമ്മ മനസ്സിന്റെ സ്നേഹവും കരുതിവെപ്പും കാരുണ്യവും സ്നിഗ്ദ്ധതയുമാണെന്ന് കലര്‍പ്പില്ലാത്ത സംഭാഷണത്തിലൂടെ സമദാനി അവതരിപ്പിച്ചു. ഇത് എങ്ങനെ തിരിച്ചറിയാമെന്നാണ് നിങ്ങളുടെ ചോദ്യമെങ്കില്‍ ഒരേ ഒരുത്തരമേയുള്ളൂ. ഡിസം. 22ല്‍ ശ്രീധരന്‍പിള്ള മാതൃഭൂമിയില്‍ എഴുതിയ ലേഖനം മനസ്സിരുത്തിയൊന്ന് വായിക്കുക.
ദല്‍ഹിയില്‍ ക്രൂരമായി അപമാനിക്കപ്പെട്ട് ജീവിതത്തിന്റെ പച്ചപ്പില്‍ നിന്ന് പറന്നു പോയ ജ്യോതിസിങ്ങിനെ ഒരു നിമിഷം ഓര്‍ക്കുക. അവളെ പൈശാചികമായി പിച്ചിച്ചീന്തിയത് പതിനേഴരവയസ്സുള്ള വിദ്വാനായിരുന്നു. ഭാരതത്തില്‍ നിലവിലുള്ള നിയമവ്യവസ്ഥിതി അനുസരിച്ച് അയാള്‍ക്ക് നല്കാനാവുന്ന ഏറ്റവും കൂടിയ ശിക്ഷ മൂന്നു വര്‍ഷത്തെ തടവാണ്. നിയമസംവിധാനത്തിലെ ഈ അപഹാസ്യത ഇല്ലാതാക്കണമെന്ന ആവശ്യം ബധിരകര്‍ണങ്ങളില്‍ പതിച്ചതുകൊണ്ടോ എന്തോ യുക്തമായ നിയമം നടപ്പായില്ല. ഭരണകക്ഷി അതിനായി ആവുന്നത്ര ശ്രമിച്ചെങ്കിലും രാഷ്ട്രീയ ദുഷ്ടലാക്കിന്റെ വക്താക്കളായ കോണ്‍ഗ്രസ് മടിച്ചു നിന്നു. ഫലം, ലോകസഭയില്‍ ജുവനൈല്‍ ജസ്റ്റിസ് (ഭേദഗതി) ബില്‍ പാസായെങ്കിലും രാജ്യസഭയില്‍ മരവിച്ചു കിടന്നു. ഈ സഭയില്‍ ബിജെപിക്ക് മതിയായ ഭൂരിപക്ഷമില്ലാത്തതായിരുന്നു കാരണം. പ്രതിയെ പുറത്തുവിട്ടപ്പോള്‍ നിയമം ജയിച്ചു, ഞങ്ങള്‍ തോറ്റു എന്നാണ് ജ്യോതിയുടെ രക്ഷിതാക്കള്‍ നിലവിളിച്ചത്.
ഒരിക്കലും വൈകാരികതയുടെ ആത്മാവിലേക്ക് ഇറങ്ങാന്‍ കോടതികള്‍ക്കാവില്ല. അതിന് ജനപ്രതിനിധികള്‍ യുക്തമായ നിയമര്മ്മാണം നടത്തണം. ജ്യോതിയുടെ കുടുംബത്തിന്റെ വേദന അന്തരീക്ഷത്തില്‍ അലയടിക്കുന്ന വേളയില്‍ തന്നെ ഇരകള്‍ക്കും അവരുടെ കുടുംബത്തിനും ആശ്വാസകരമാകാവുന്ന ഒരു നിയമം പ്രാബല്യത്തിലായി എന്നത് ചരിത്രമായി. രാജ്യസഭയില്‍ പ്രസ്തുത നിയമം ചര്‍ച്ചക്കെടുത്ത ദിവസമാണ് പി.എസ്. ശ്രീധരന് പിള്ളയുടെ ലേഖനം മാതൃഭൂമിയില്‍ വന്നത്. തലക്കെട്ട് ഇങ്ങനെ: ഈ അമ്മയുടെ കണ്ണീര് സമൂഹം കാണണം. ഇപ്പോഴത്തെ നിയമത്തിന്റെ പശ്ചാത്തലത്തില്‍ നിസ്സഹായമാവുന്ന കോടതിയും ഇരകളുടെ തോരാക്കണ്ണീരും വിലയിരുത്തുന്ന ലേഖനം വല്ലാത്തൊരു വികാരമാണ് സമൂഹത്തില്‍ ഉയര്‍ത്തിവിട്ടത്. ലോകത്ത് എന്തും സഹിക്കാനും സാന്ത്വനിപ്പിക്കാനുമുള്ള അമ്മ മനസ്സിനെ വേദനിപ്പിച്ചാല്‍ ജീവിതം മരുഭൂമിയാകുമെന്ന് ലേഖനം പറയാതെ പറഞ്ഞുപോകുന്നു.
അതിലെ ചില പരാമര്‍ശങ്ങളിലേക്ക്: നമ്മുടെ രാജ്യത്ത് നിയമം അനുശാസിക്കുന്ന ശിക്ഷാ സമ്പ്രദായത്തില്‍ കുറ്റവാളിയെ പരിഷ്കരിച്ചെടുക്കുന്ന സാമൂഹിക സങ്കല്പം കൂടി അടിസ്ഥാനമാക്കപ്പെട്ടിട്ടുണ്ട്. കഠിനമായ ശിക്ഷകളെക്കൊണ്ടുമാത്രം കുറ്റങ്ങള്‍ തടയാമെന്ന കാഴ്ചപ്പാട് യുക്തിഭദ്രമോ വസ്തുതാപരമായി ശരിയോ അല്ല. ഏത് മനുഷ്യനിലും ഒരു മൃഗം ഉറങ്ങിക്കിടക്കുന്നുണ്ടെന്ന സത്യം ക്രിമിനോളജിയുടെ ബാലപാഠമാണ്. മനുഷ്യമനസ്സില്‍ അത്തരം മൃഗീയത എപ്പോള്‍ വേണമെങ്കിലും സടകുടഞ്ഞെഴുന്നേറ്റേക്കാം. ഇത്തരം അപകടസാഹചര്യങ്ങള്‍ ഒഴിവാക്കപ്പെടേണ്ടത് അനിവാര്യമാണ്. സംസ്കാരസമ്പന്നമായ ഒരു സാമൂഹ്യക്രമത്തിന് മാത്രമേ മനുഷ്യമനസ്സിനെ നേര്‍വഴിക്ക് കൊണ്ടുപോകാന്‍ കഴിയുകയുള്ളൂ. അങ്ങനെ കൊണ്ടുപോകണമെങ്കില്‍ ഏതുരംഗത്തുള്ള ആളായാലും ഉള്ളില്‍ ഒരമ്മമനസ്സില്‍ നിന്നുള്ള സാന്ത്വനത്താരാട്ടിന്റെ കുളിരു വേണം. അതൊരു ലോക സത്യമായിത്തീര്‍ന്നാല്‍ ഇന്നത്തെ സകലവിധ ആധിവ്യാധികളും സംഘര്‍ഷങ്ങളും അസ്വസ്ഥതകളും പമ്പകടക്കും. നേരത്തെ സമദാനി സൂചിപ്പിച്ചതും അതുതന്നെ.
ലേഖനത്തിന്റെ ഒടുവില്‍ തന്റെ ക്ലാസിക് ശൈലി ലേഖകന്‍ പുറത്തെടുക്കുന്നത് നോക്കുക: കുട്ടിക്കുറ്റവാളിയുടെ മോചനത്തിനെതിരെ യുവതിയുടെ പെറ്റമ്മ പൊഴിക്കുന്ന കണ്ണീര്, സമൂഹം കാണുകതന്നെ വേണം. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ച നിയമഭേദഗതി പാര്‍ലമെന്റ് ഉടനടി പാസാക്കിയാല്‍ ഭാവിയിലെങ്കിലും നീതി ഭദ്രമാക്കാനാവും. ഇതെഴുതിയത് ഡിസം. 21ന് ആവാം. 22ന് പാര്‍ലമെന്റ് കുട്ടിക്കുറ്റവാളി നിയമഭേദഗതി പാസാക്കി. നേരത്തെ ലോകസഭ പാസാക്കിയിരുന്നു. രാജ്യസഭ പാസാക്കിയതോടെ നിയമമായി. കടന്നു കാണുന്നവന് കവിയെന്ന് ഋഷിമാര്‍ പറഞ്ഞിട്ടുണ്ട്. അത്തരമൊരു കവി ലേഖനത്തിലും കവിത്വസിദ്ധി പ്രകടിപ്പിച്ചു. മാതൃഭൂമിക്കും അത് അഭിമാനമായി; കവിയെ അറിയുന്നവര്‍ക്കും.
അമ്മ മനസ്സിന്റെ ശൂന്യതയാണ് സാമൂഹിക പ്രവര്‍ത്തകയായ ദയാബായിയെ പാതിരാത്രിയില്‍ തെരുവോരത്ത് ഇറക്കിവിടാന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പ്രേരിപ്പിച്ചത്. ഒരുവേള സ്വന്തം അമ്മയെപ്പോലെ കരുതിയിരുന്നെങ്കില്‍ ഇങ്ങനെ ചെയ്യുമായിരുന്നോ? മാതൃത്വത്തിന്റെ മഹാസന്ദേശം എന്നും നിലനില്ക്കട്ടെ. പുതുവര്‍ഷത്തിലേക്ക് പിച്ചവെക്കുന്ന ലോകം ഭൂമിയില്‍ സന്മനസ്സുള്ളവര്ക്ക് സമാധാനം ആശംസിച്ചാണല്ലോ കടന്നുവരുന്നത്. വായനക്കാര്‍ക്ക് പുതുവത്സരാശംസകളോടെ…
നേര്‍മുറി
ബാലനീതി നിയമപ്രകാരം കുറ്റം ചെയ്തയാളുടെ പ്രായം 18 ല്‍ നിന്ന് 16 ആക്കിയിരിക്കുന്നു. ഇനി 15 കാരന് അങ്ങനെ ചെയ്താല്‍ ഇത് 15 ആക്കാനും ഇവര്‍ തയ്യാറാവുമോ- സീതാറാം യച്ചൂരി.
51 വെട്ടിന് പ്രായം പ്രശ്നമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: