വിളപ്പില്‍ശാല: ജീവിതസായാഹ്നത്തില്‍ തനിച്ചായിപ്പോയ, ഉറ്റവരും ഉടയവരും കൈവിട്ട വയോധികര്‍ക്ക് അന്തിയുറങ്ങാന്‍ വിളപ്പില്‍ പഞ്ചായത്ത് 35 ലക്ഷംരൂപ ചെലവഴിച്ച് നിര്‍മിച്ച വൃദ്ധസദനം കാടുമൂടി തുടങ്ങി. ഉദ്ഘാടന മാമാങ്കം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും വൃദ്ധസദനം തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ പഞ്ചായത്ത് തയ്യാറായില്ല. ആരോരുമില്ലാത്ത വയോജനങ്ങള്‍ പഞ്ചായത്തിനെ സമീപിച്ചെങ്കിലും അവര്‍ക്കു മുന്നില്‍ വൃദ്ധസദനത്തിന്റെ വാതില്‍ തുറന്നിടാന്‍ അധികൃതര്‍ കൂട്ടാക്കിയില്ല.
2014 ലാണ് വിളപ്പില്‍ പഞ്ചായത്തിലെ തുരുത്തുംമൂല വാര്‍ഡില്‍ തുലാംകോണത്ത് വൃദ്ധസദനത്തിന്റെ നിര്‍മാണം ആരംഭിച്ചത്. പഞ്ചായത്ത് പ്ലാന്‍ ഫണ്ടില്‍ നിന്നും മെമ്പര്‍മാരുടെ വാര്‍ഷിക ഫണ്ടില്‍ നിന്നും സ്വരൂപിച്ച പണം കൊണ്ടാണ് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയത്. രണ്ട് ബ്ലോക്കുകളിലായി 12 സ്ത്രീകള്‍ക്കും 13 പുരുഷന്മാര്ക്കും താമസിക്കാന്‍ വേണ്ട സൗകര്യങ്ങളോടെ നിര്‍മിച്ച മന്ദിരം 2015 ആഗസ്റ്റില്‍ ഉദ്ഘാടനം ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് വൃദ്ധസദനം പ്രവര്‍ത്തനം ആരംഭിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും ഈ അഗതിമന്ദിരത്തിന്റെ വാതില്‍ തുറന്നു കണ്ടില്ല.
പൊതുകിണര്‍ നിര്‍മിക്കാന്‍ വര്‍ഷങ്ങള്‍ക്ക്മുമ്പ് നാട്ടുകാരില്‍ ഒരാള്‍ ദാനമായി നല്കിയ ആറുസെന്റ് സ്ഥലത്താണ് സദനം നിര്‍മിച്ചത്. വൃദ്ധസദനത്തില്‍ അഭയം തേടിയെത്തുന്ന അന്തേവാസികള്‍ക്കായി കട്ടില്, കിടക്ക, കസേര, അലമാര തുടങ്ങിയ സാധനങ്ങളും വാങ്ങിയിട്ടു. എന്നാല്‍ ഇവിടേക്ക് അത്യാവശ്യം വേണ്ട ജീവനക്കാരെ നിയമിക്കാനോ സാമൂഹ്യക്ഷേമ വകുപ്പില്‍ നിന്ന് രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കാനോ പഞ്ചായത്ത് ഇതുവരെ ശ്രമം ആരംഭിച്ചിട്ടില്ല.
ചുറ്റും കാടുമൂടിയനിലയിലാണ് വൃദ്ധസദനം ഇപ്പോള്‍ നിലകൊള്ളുന്നത്. ഉദ്ഘാടന വേളയില്‍ കാണിച്ച ആവേശം പിന്നിട് കണ്ടില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. മുന്‍വശത്തുമാത്രം മതിലും ഗേറ്റും സ്ഥാപിച്ചിരിക്കുന്ന കെട്ടിടത്തിന്റെ പിന്‍ഭാഗത്തുകൂടി സാമൂഹ്യവിരുദ്ധര്‍ അകത്തുകടന്ന് രാത്രികാല താവളമായി വൃദ്ധസദനത്തെ മാറ്റിയതായും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: