അമ്പലപ്പുഴ: രോഗം തളര്‍ത്തിയ ദളിത്കുടുംബത്തിന് ജപ്തിനോട്ടീസ്. അമ്പലപ്പുഴ തെക്കുപഞ്ചായത്ത് ആറാം വാര്‍ഡില്‍ കോലാത്ത് ലക്ഷംവീട്ടില്‍ ഭാസുരയ്‌ക്കാണ് കരുമാടി സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും ജപ്തിനോട്ടീസ് എത്തിയത്. 2009ല്‍ ഖാദി ബോര്‍ഡിന്റെ സഹായത്തോടെ തയ്യല്‍മെഷീന്‍ വാങ്ങാനാണ് ഭാസുര 50,000 രൂപ ലോണെടുത്തത്. ഇതിനുശേഷം 13,000 രൂപ തിരികെ അടയ്‌ക്കുകയും ചെയ്തു.
എന്നാല്‍ തയ്യല്‍മെഷീന്‍ വാങ്ങി ജോലി തുടങ്ങിയതോടെ ഭാസുരയുടെ ഹൃദയവാല്‍വിന് രോഗംബാധിക്കുകയും ശസ്ത്രക്കിയയ്‌ക്ക് വിധേയമാകുകയും ചെയ്തു. കാലില്‍ നിന്നും ഞരമ്പ് എടുത്ത് ചെയ്ത ശസ്ത്രക്രിയ ഭാസുരയെ ജോലിക്കു പോകാന്‍ സാധിക്കാത്തവിധം അവശയാക്കി. ഇതോടൊപ്പം ഭര്‍ത്താവ് അനിയന്‍ എസ്. പ്രഭാകരന്‍ ഫര്‍ണിച്ചര്‍ പണിക്കിടെ രോഗബാധിതനായി അവശതയിലാണ്.
രണ്ടു പെണ്‍മക്കളുള്ള ഇവരുടെ മൂത്ത മകള്‍ വിവാഹബന്ധം വേര്‍പെടുത്തി വീട്ടിലെത്തിയതോടെ കുടുംബം നിത്യവൃത്തിക്കുപോലും വകയില്ലാതെ വിഷമത്തിലാണ്. കഴിഞ്ഞ ദിവസമാണ് സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും ജപ്തിനോട്ടീസ് എത്തിയത് സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ നാലുസെന്റ് ഭൂമിയില്‍ പണിതീരാത്ത വീട്ടിലാണ് ഇവര്‍ കഴിയുന്നത്.
















