ധനുവിലെ തിരുവാതിര മഹാദേവന്റെ ജന്മനക്ഷത്രമാണ്. ജനിമൃതിയോ അവതാരമോ ഇല്ലാത്തതാണ് പരമശിവസങ്കല്‍പ്പമെങ്കിലും ബ്രഹ്മാവിന്റേയും, വിഷ്ണുവിന്റേയും തര്‍ക്കം പരിഹരിക്കാന്‍ അവരുടെ മദ്ധ്യത്തില്‍ അഗ്നിരൂപനായി മഹാദേവന്‍ പ്രത്യക്ഷനായത് ആതിരനക്ഷത്രത്തിലാണെന്ന് പറയപ്പെടുന്നു. വൈക്കത്തപ്പനെ സംബന്ധിച്ച് ആട്ടവിശേഷമെന്നനിലയില്‍ ധനുമാസത്തിലെ തിരുവാതിരയും പ്രധാന്യമര്‍ഹിക്കുന്നു.
അന്ന് എതൃത്തപൂജകഴിഞ്ഞ് നടതുറക്കുമ്പോള്‍ തിരുനടയിലും ഉടന്‍തന്നെ നടക്കുന്ന എതിര്‍ത്ത ശ്രീബലിയില്‍ മഹാദേവന്‍ ഋഷഭാരൂഢനായി വിരാജിയ്‌ക്കുന്ന അവസരത്തിലും ദര്‍ശനം നടത്തി പ്രാര്‍ത്ഥിയ്‌ക്കുന്നത് ശീഘ്രമാംഗല്യത്തിനും ശ്രേയസ്‌കരമായ കുടും ബജീവിതത്തിനും ഭക്തര്‍ക്ക് അനുഗ്രഹപ്രദമാവുമെന്നാണ് വിശ്വാസം. തിരുവാതിരയ്‌ക്ക് മുന്നോടിയായി ക്ഷേത്രത്തില്‍ ശുദ്ധിക്രിയകളും മറ്റും നടത്തുക പതിവുണ്ട്.
















