തൃശൂര്‍-ഷൊര്‍ണൂര്‍ വഴിയിലെ മുളംകുന്നത്ത് കാവിലെധര്‍മ്മശാസ്താക്ഷേത്രംപ്രസിദ്ധമാണ്. സ്വയം ഭൂവായ ഈക്ഷേത്രത്തിന് വളരെക്കാലത്തെ പഴക്കമുണ്ട്. മുളം കാടായിരുന്നു ഈപ്രദേശം മുഴുവന്‍. കുന്നിന്‍മേലുള്ള മുളവെട്ടുവാന്‍ വന്നവര്‍ അവിടെ കണ്ടകല്ലില്‍ കത്തി മൂര്‍ച്ചപ്പെടുത്തിക്കൊണ്ടിരുന്നപ്പോള്‍ രക്തം വന്നു ആസമയത്ത് ”അയ്യോ അപ്പോ” എന്ന് നിലവിളിച്ചത്രേ. അയ്യപ്പന്റെ സാന്നിദ്ധ്യമാണ് അതോടെ അവിടെ തെളിഞ്ഞത്. നമ്പിടിമാരായിരുന്നു അന്ന് ആ പ്രദേശത്തിന്റെ അധികാരിമാര്‍. അവരാണ് പിന്നീട് അയ്യപ്പക്ഷേത്രം പണിതീര്‍ത്തത്.
ശ്രീധര്‍മ്മശാസ്താവിന്റെ പാദമാണത്രേ മുളംകുന്നത്തകാവില്‍. തല ചൂണ്ടലിനുസമീപത്തെ തോയക്കാവിലും, ഉടല്‍ വിലങ്ങന്‍കുന്നിലെ ഉടലക്കാവിലും ആണെന്നാണ് ഇവിടുത്തുകാര്‍ വിശ്വസിക്കുന്നത്. മണ്ഡലകാലത്തെ ദേശവിളക്കും കുംഭമാസത്തിലെ ഉത്രം കൊടിയേറിയുള്ള എട്ടുനാള്‍ നീണ്ടുനില്‍ക്കുന്ന ഉത്സവം പ്രസിദ്ധംതന്നെയാണ്. അതിന്റെ ആറാട്ട് പെരിങ്ങാവ് എന്നസ്ഥലത്തെ തോട്ടില്‍ തന്നെയാണ്. ഈതോട്ടിലാണ് ചോരകണ്ട് പരിഭ്രാന്തനായ മുളവെട്ടുകാരന്‍ ചാടിയതത്രേ. അതിന്റെ സ്മരണയാല്‍ ഈക്ഷേത്രത്തിലെ ആറാട്ട് പെരിങ്ങാവില്‍തന്നെയാണ് ഇപ്പോഴും നടത്തുന്നത്.
അയ്യപ്പന്‍ തീയ്യാട്ട് എന്ന ക്ഷേത്രകല നിലനില്‍ക്കുന്ന ഈക്ഷേത്രത്തില്‍ മൂന്ന് പൂജയ്‌ക്കും തീയ്യാട്ട് വഴിപാടായി നടന്നു വരുന്നുണ്ട്. തിയ്യാടി നമ്പ്യാര്‍കുടുംബക്കാര്‍ ഈക്ഷേത്രത്തിനടുത്ത് താമസിയ്‌ക്കുന്നതും ഈചടങ്ങിന്റെ പ്രാധാന്യം കണക്കാക്കിയതിനാലാവണം.
















