ആലപ്പുഴ: ജംബോ ഡിസിസി ഭാരവാഹി പട്ടിക പാര്‍ട്ടിയെ പരിഹാസ്യമാക്കിയെന്ന് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. ഭാരവാഹി പട്ടികയില്‍ ഉള്‍പ്പെട്ട പലരും സ്ഥാനം വേണ്ടെന്ന തീരുമാനമെടുത്തതായാണു വിവരം.
പ്രസിഡന്റുള്‍പ്പെടെ 95 അംഗങ്ങളുടെ ഭാരവാഹി പട്ടികയാണ് കോണ്‍ഗ്രസ് നേതൃത്വം പുറത്തിറക്കിയത്. സംഘടനാ തെരഞ്ഞെടുപ്പു സംബന്ധിച്ച കീഴ്‌വഴക്കങ്ങളും മര്യാദകളും മാനദണ്ഡങ്ങളും പൂര്‍ണമായും ലംഘിച്ചാണ് പുതിയ ഭാരാവാഹികളെ കണ്ടെത്തിയിരിക്കുന്നതെന്നാണ് നേതാക്കള്‍ തന്നെ പറയുന്നത്. അര്‍ഹതയുള്ളവരെ ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി അപമാനിച്ചതായാണ് ആക്ഷേപം.
സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലോടെ നടത്തിയ പുനഃസംഘടനയില്‍ എ, ഐ ഗ്രൂപ്പുകളെ കൂടാതെ വി.എം. സുധീരനെ അനുകൂലിക്കുന്നവരും ഉള്‍പ്പെട്ടതോടെയാണ് നിലവിലുണ്ടായിരുന്ന 24 അംഗ ഡിസിസി ഭാരവാഹികള്‍ 95ലേക്കെത്തിയത്. ഈ സാഹചര്യത്തിലാണ് ചിലര്‍ ചുമതല ഏറ്റെടുക്കേണ്ടെന്ന് തീരുമാനിച്ചത്.സ്ഥാനം കിട്ടാത്ത ചിലര്‍ കെപിസിസി നേതൃത്വത്തെ പരാതിയുമായി സമീപിച്ചതായും അറിയുന്നു.
നിലവിലുണ്ടായിരുന്ന 24 പേരെ കൂടാതെ കാലാവധി പൂര്‍ത്തിയാക്കാത്ത ആറുപേരെ കമ്മറ്റിയില്‍ നിലനിര്‍ത്തി ഡിസിസി പ്രസിഡന്റ് ഉള്‍പ്പെട 31 അംഗ കമ്മറ്റിയെയാണ് കെപിസിസി മാനദണ്ഡപ്രകാരം തെരഞ്ഞെടുക്കേണ്ടിയിരുന്നത്. പ്രസിഡന്റുള്‍പ്പെടെ പകുതി സ്ഥാനങ്ങള്‍ ഐ ഗ്രൂപ്പിനും ട്രഷറര്‍ ഉള്‍പ്പെട പകുതി സ്ഥാനങ്ങള്‍ എ ഗ്രൂപ്പിനുമെന്ന നിലയിലായിരുന്നു എ, ഐ ഗ്രൂപ്പുകളുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ടു ഗ്രൂപ്പുകള്‍ ഭാരവാഹികളാകേണ്ടവരുടെ പട്ടിക തയാറാക്കി സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ പുനഃസംഘടന കഴിഞ്ഞതോടെ ഭാരവാഹികളുടെ എണ്ണത്തില്‍ മൂന്നിരട്ടിയിലധികമാണു വര്‍ദ്ധനവാണുണ്ടായത്. ഡിസിസി സെക്രട്ടറിമാരുടെ എണ്ണം 25 ല്‍ നിന്നും 78 ആക്കിയപ്പോള്‍ വൈസ് പ്രസിഡന്റുമാരുടെ സ്ഥാനം നാലില്‍ നിന്നും പത്താക്കിയാണ് ഉയര്‍ത്തിയത്. ഭാരവാഹികളാകുന്നവരെ സംബന്ധിച്ചുള്ള കെപിസിസി പ്രസിഡന്റിന്റെ മാനദണ്ഡങ്ങള്‍ നഗ്‌നമായി ലംഘിച്ച അവസ്ഥയാണു ഇവിടുത്തേത്.
സജീവ രാഷ്‌ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നു വര്‍ഷങ്ങളായി വിട്ടുനിന്നവരും പുതിയ ഭാരവാഹി പട്ടികയില്‍ ഇടം നേടിയത്രെ.
















