ആലപ്പുഴ: നഗരം ചിറപ്പുത്സവത്തിരക്കിലമര്‍ന്നു. അവധിദിനത്തിലേക്കു സ്‌കൂളുകളും കടന്നതോടെ ചിറപ്പാസ്വദിക്കാന്‍ കുടുംബങ്ങളുടെ ഒഴുക്കും തുടങ്ങി. ജില്ലാ കോടതി മുതല്‍ തുടങ്ങി മുല്ലയ്‌ക്കല്‍ തെരുവിലൂടെയും പുരുഷാരത്തിന്റെ ഒഴുക്കു മാത്രം. കോടതിപ്പാലം ജംഗ്ഷനിലടക്കം ഗതാഗതം നിയന്ത്രിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ പാടുപെടുകയാണ്. മൊബൈല്‍ ചിത്രങ്ങളെ വലുതാക്കി കാണിക്കുന്ന കണ്ണാടിയില്‍ തുടങ്ങുന്നു മുല്ലയ്‌ക്കല്‍ തെരുവിലെ കാഴ്ചകളുടെ പൂരം. 150 രൂപ മുതലാണ് ഇതിന്റെ വില. തൊട്ടു തന്നെ അന്യസംസ്ഥാനക്കാര്‍ നിരന്നിരുന്നു വില്‍ക്കുന്ന-വളകളും മാലകളും മയിലെണ്ണയും ബലൂണുകളും കാക്കാബെല്‍റ്റും. ഇടയ്‌ക്കു കൈകളില്‍ പച്ചകുത്തുവാനും, മൈലാഞ്ചിയണിയാനും സംഘങ്ങളുണ്ട്. ഇതിനിടയില്‍ മുറുക്കും പൊരിയും ഹലുവയും ഈന്തപ്പഴവുമായി മറ്റൊരു കൂട്ടര്‍. കരിമ്പുകച്ചവടവുംതകൃതി. കളിപ്പാട്ടങ്ങളുടെ വില്‍പ്പന മേളമാണ് നിരത്തുവക്കിലേറയും പലവിലയിലും, വലുപ്പത്തിലുള്ളതും വില്‍പ്പനയ്‌ക്കുണ്ട്. 20 രൂപയുടെ ഷെയ്‌ക്കുകള്‍. കൊച്ചു ഗിറ്റാറുവില്പനക്കാര്‍, ഉത്തരേന്ത്യന്‍ ബാന്‍ഡുകളുടെ വില്പനക്കാര്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കാഴ്ചകളില്‍ നഗരം മനംമയക്കുന്നു. ഇതിനെല്ലാം പുറമേ ക്ഷേത്രത്തില്‍ ചിറപ്പുത്സവത്തിന്റെ ഭാഗമായുള്ള കലാപരിപാടികളും. മുല്ലയ്‌ക്കലില്‍ നിന്നും നടന്നുനീങ്ങി എസ്ഡിവി ഗ്രൗണ്ടിലേക്കെത്തുമ്പോള്‍ കാര്‍ഷികമേഖലയുടെ ലോകം തന്നെയാണു തുറക്കുന്നത്. പൂക്കളും കായ്‌കളും വൃക്ഷലതാദികളും പക്ഷിമൃഗാദികളുമൊക്കെയായി ഇവിടെയും സജീവം. തൊട്ടപ്പുറത്ത് നഗരചത്വരത്തിലും വിവിധ ബ്ലോക്കുകളില്‍ നിന്നുമെത്തിയ ഉല്പന്നങ്ങളുടെ മറ്റൊരു പ്രദര്‍ശനം. വരുംദിനങ്ങളില്‍ നഗരത്തിലേക്കുള്ള ഒഴുക്കിനു ശക്തികൂടും. ചിറപ്പ് തിരക്കിലമരാത്ത ഒരു ആലപ്പുഴക്കാരനും ഈ ദിവസങ്ങളിലുണ്ടാകില്ലെന്ന് തീര്‍ച്ച.
















