Categories: Travel

കൊടുങ്ങല്ലൂരമ്മ

Published by

മദ്ധ്യകേരളത്തിലെ പ്രധാന ക്ഷേത്രമാണ് കൊടുങ്ങല്ലൂരിലേത്. സാധാരണക്കാരാണവിടെ കൂടുതലായും എത്തുന്നത് ഇത് ഒരു ചരിത്രം തന്നെയാവും. പാലക്കാട് നിന്നുമാണ് ഭരണിദര്‍ശനത്തിന് അനേകായിരങ്ങള്‍ എത്തുന്നത്. കണ്ണകീചരിതവുമായി ബന്ധപ്പെട്ടതാണ് കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിന്റെ പ്രധാന ഐതീഹ്യം. മധുരയെ ചുട്ടെരിച്ച് ചിലമ്പാട്ടമാടി കണ്ണകി താണ്ഡവമാടുകയായിരുന്നു. കോപം ശമിച്ചപ്പോള്‍ വൈഗാനദീതീരത്തുകൂടി നടന്ന് ചേരരാജ്യമായ കേരളത്തിലെത്തുകയും വേങ്ങച്ചുവട്ടില്‍ മരിച്ചുവീഴുകയും ചെയ്തു.

ഇന്ദ്രനും ദൂതന്മാരും കണ്ണകിയെ  ദിവ്യ രഥത്തില്‍ കൊണ്ടുപോകുന്നത് കണ്ട മലവേടന്മാരുടെ സൗഖ്യമറിയുന്നതിനായി ചേരരാജന്‍ ചെങ്കുട്ടവനും രാജ്ഞിയും എത്തിയപ്പോള്‍ മലവേടന്മാര്‍ ഈ അത്ഭുതകഥ ഉണര്‍ത്തിക്കുകയുണ്ടായി. ഇതുകേട്ട മഹാരാജ്ഞി ചേരരാജ്യത്തിന്റെ തലസ്ഥാനമായ കൊടുങ്ങല്ലൂരില്‍ ദേവിയ്‌ക്കുവേണ്ടി വീരക്കല്ല് നാട്ടുവാന്‍ തീരുമാനിച്ചു. ഇവിടെ പ്രതിഷ്ഠയ്‌ക്കുള്ള ശില ഹിമാലയത്തില്‍ നിന്നുകൊണ്ടുവരുവാനായിരുന്നു തീര്‍ച്ചപ്പെടുത്തിയത്.

എന്നാല്‍ ചെങ്കുട്ടവന്റെ ഈനീക്കത്തിനെതിരായിരുന്നു ഉത്തരേന്ത്യയിലെ ചില രാജാക്കന്മാര്‍. അവരെയെല്ലാം യുദ്ധത്തില്‍ തോല്‍പ്പിച്ചാണ് ഹിമാലയത്തില്‍ നിന്നും ശിലകൊണ്ടുവന്ന് പ്രതിഷ്ഠനടത്തിയത്. ഈ പ്രതിഷ്ഠാ മഹോത്സവത്തില്‍ വിവിധരാജ്യങ്ങളില്‍നിന്നുള്ള രാജാക്കന്മാര്‍ വന്നെത്തി.

കര്‍ണ്ണാക, തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളില്‍നിന്നുമാത്രമല്ല, ശ്രീലങ്കയില്‍നിന്നും വരെ പ്രതിനിധികളെത്തിയിരുന്നു. പരശുരാമന്‍ പ്രതിഷ്ഠിച്ച നാല് അംബികമാരില്‍ ഒന്നാണ് കൊടുങ്ങല്ലൂരമ്മ എന്നു പറയപ്പെടുന്നുണ്ട്.

മലയാളക്കരയിലെ ആദ്യ ഭദ്രകാളീക്ഷേത്രമാണ് കൊടുങ്ങല്ലൂരിലേത്. കേരളത്തില്‍ പ്രചാരമുണ്ടായിരുന്ന അറുപത്തിനാല് ഭദ്രകാളീക്ഷേത്രങ്ങളുടെ മൂലക്ഷേത്രം കൊടുങ്ങല്ലൂരമ്മയാണത്രേ. ആല്‍മരങ്ങല്‍ക്കു നടുവിലാണ് ഭഗവതി കുടികൊള്ളുന്നത്. ശിവക്ഷേത്രമാണെങ്കിലും പ്രശസ്തിയും പ്രസക്തിയും ഭദ്രകാളിയ്‌ക്കുതന്നയാണ്. ശിവന്‍ കിഴക്കോട്ടും ഭദ്രകാളിവടക്കോട്ടുമായിട്ടാണ് ദര്‍ശനം നല്‍കുന്നത്. അടികള്‍മാരാണ് പ്രധാന പൂജാരിമാര്‍. എന്നാല്‍ പൂജനിര്‍വ്വഹിയ്‌ക്കുന്നത് നമ്പൂതിരിമാരാണ്.

പുഷ്പാഞ്ജലിനിര്‍വ്വഹിയ്‌ക്കുന്നത് അടികള്‍മാരാണ്. വസൂരിമാല ഉപദേവതയാണ്. നടപ്പുദീനങ്ങള്‍ വന്നാല്‍ ഇവിടുത്തെദര്‍ശനത്താല്‍ എല്ലാം മാറുമെന്നാണ് വിശ്വാസം.

കൊടുങ്ങല്ലൂരിലെ മീനഭരണിയാണ് പ്രധാനപ്പെട്ട ഉത്സവം. കുംഭത്തിലെ ഭരണിമുതല്‍, മീനഭരണിവരെ നീണ്ടുനില്‍ക്കുന്നതാണ് ഇവിടുത്തെ ഉത്സവം. മീനത്തിലെ അശ്വതിക്കാണ് കാവുതീണ്ടല്‍. ഒരുകാലത്ത് ചിലര്‍ക്ക് ക്ഷേത്രപ്രവേശനം നിഷിദ്ധമായിരുന്നു. അക്കാലത്ത് നടന്നു വന്നിരുന്ന ആചാരമാണിത് ഇന്നും തുടര്‍ന്നു വരുന്നു. കാവുതീണ്ടലിനുശേഷം നടയടയ്‌ക്കുന്നു. ഏഴുനാള്‍കഴിഞ്ഞാണ് നടതുറക്കുക. അന്നും ധാരാളം ഭക്തര്‍ ദര്‍ശനത്തിനെത്തും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts