കൊട്ടോടി: അയ്യപ്പഭക്തര്‍ അറിഞ്ഞും അറിയാതെയും ശബരിമലയെ പ്ലാസ്റ്റിക് മാലിന്യംകൊണ്ട് നിറക്കുമ്പോള്‍ ഇരുമുടിക്കെട്ട് പ്ലാസ്റ്റിക് വിമുക്തമാക്കി ശബരിമലയിലെ പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജന യജ്ഞത്തില്‍ പങ്കാളികളാവാന്‍ നേതൃത്വം നല്‍കുകയാണ് കൊട്ടോടി പേരടുക്കം ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ എ.നാരായണന് ഗുരുസ്വാമി. ഇത്തവണത്തെ കെട്ടുനിറയ്ക്ക് പ്ലാസ്റ്റിക് ടിന്നുകളിലുള്ള സാധനങ്ങള്‍ വാങ്ങാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശമാണ് ഗുരുസ്വാമി ശിഷ്യര്‍ക്ക് നല്‍കിയിരിക്കുന്നത്. കെട്ടുനിറയ്ക്ക് ആവശ്യമായ സാധനങ്ങള്‍ മൊത്തമായി വാങ്ങി ഓരോ സ്വാമിമാര്ക്കുമുള്ളവ പ്രത്യേകം പേപ്പറുകളില്‍ പൊതിയാനാണ് തീരുമാനം. അത്യാവശ്യമായി കൂടെ കൊണ്ടുപോകുന്ന കുടിവെളള കുപ്പികള്‍ ഉപേക്ഷിക്കാതെ തിരിച്ച് കൊണ്ടൂവരാനുമാണ് സ്വമിമാരുടെ യോഗത്തില്‍ ഗുരുസ്വാമി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഞങ്ങളുടെ പ്രവര്‍ത്തനം മറ്റുള്ളവര്‍ക്ക് മാതൃകയാകുമെങ്കില്‍ അതാകട്ടെ ഇത്തവണത്തെ സ്വാമി പുണ്യമെന്നും പേരടുക്കത്തെ സ്വാമിമാര്‍ പറയുന്നു. ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പാടില്ലെന്ന തീരുമാനം പേരടുക്കം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ സ്ഥിരം നിയമമാക്കാനാണ് ക്ഷേത്രകമ്മറ്റിയുടേയും തീരുമാനം. പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് സന്നിധാനത്ത് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഉല്‍പ്പന്നങ്ങള്‍ കുന്നുകൂടിയിരിക്കുകയാണ്. കുടിവെള്ള കുപ്പികളാണ് ശബരിമലയില്‍ ഏറെയും എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: