മലപ്പുറം ജില്ലയിലെ കോട്ടയ്‌ക്കല്‍ രാജാസ് ഹൈസ്കൂളില്‍ പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്ഥാപിക്കപ്പെട്ട ഒ.വി.വിജയന്റെ പ്രതിമാശില്‍പ്പം ഭാഗികമായി നശിപ്പിക്കപ്പെട്ട സംഭവത്തെ സാഹിത്യത്തിനും സംസ്ക്കാരത്തിനും മേലുള്ള കടന്നാക്രമണമായി കണ്ട് കേരളത്തിന്റെ സാംസ്ക്കാരികരംഗത്തെ പലരും അതിശക്തമായ ഭാഷയില്‍ വിമര്‍ശിക്കുകയുണ്ടായി.
എന്നാല്‍ ഇവരില്‍ ഏതാണ്ട് എല്ലാവരുംതന്നെ സംഭവത്തെ അപലപിച്ചപ്പോള്‍ രണ്ടേ രണ്ടുപേര്‍ മാത്രമാണ് ആരാണ് ഇതിന് പിന്നില്‍, എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന് ചിന്തിക്കാന്‍ തയ്യാറായത്. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരനായിരുന്നു ഇതിലൊരാള്‍. ഇസ്ലാമിക-ഇടതുപക്ഷ ചിന്തകന്‍ ഡോ. ഹമീദ് ചേണ്ടമംഗലൂരായിരുന്നു മറ്റൊരാള്‍.
നഗരസഭയുടെ അനുമതി വാങ്ങിയില്ല എന്ന സാങ്കേതിക തടസവാദം ഉന്നയിച്ച് വിജയന്റെ പ്രതിമാശില്‍പ്പത്തിന്റെ അനാഛാദന ചടങ്ങിനെ എതിര്‍ത്തതിന് പിന്നില്‍ മുസ്ലീംലീഗാണെന്ന് ചൂണ്ടിക്കാണിച്ച ഹമീദ് ചേണ്ടമംഗലൂര്‍ “ആരാണ് പ്രതിമ വികൃതമാക്കിയതെന്ന് അറിയില്ലെങ്കിലും പ്രതിമക്കെതിരായ വികാരം ഉയര്‍ത്തിയതില്‍ മുസ്ലീംലീഗ് ഉണ്ടായിരുന്നു. പ്രതിമകള്‍ മതവിരുദ്ധമാണെന്ന ചിന്താഗതിയാണിതിന് പിന്നില്‍. പത്ത് വര്‍ഷം മുമ്പ് താലിബാന്‍കാര്‍ ബുദ്ധപ്രതിമകള്‍ തകര്‍ത്തതും ഇതേ മാനസികാവസ്ഥയിലായിരുന്നു.
പ്രതിമകള്‍ അനിസ്ലാമികമാണെന്ന് പറയുന്നവര്‍ മറ്റ് മതവിശ്വാസികളുടെ മേലും അതടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്”- എന്ന് നിര്‍ഭയമായി പറയുകയുണ്ടായി.
വിദ്യാര്‍ത്ഥികളുടെ കലാഭിരുചികള്‍ പ്രോത്സാഹിപ്പിക്കാന്‍ പൊതുവിദ്യാഭ്യാസവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദി മുന്‍കൈയെടുത്താണ് ഒ.വി.വിജയന്റെ പ്രതിമയും മറ്റും കോട്ടയ്‌ക്കല്‍ രാജാസ് ഹൈസ്കൂളില്‍ സ്ഥാപിച്ചത്. ഇതിന് പ്രത്യേക അനുമതിയുടെ ആവശ്യമില്ല. മുന്‍കൂട്ടി അനുമതി വാങ്ങണമായിരുന്നുവെന്ന വാദമുയര്‍ത്തി പ്രതിമാ അനാഛാദനം ചെയ്യുന്നതിനെ മുസ്ലീംലീഗ് ഭരിക്കുന്ന കോട്ടയ്‌ക്കല്‍ നഗരസഭ എതിര്‍ത്തത് കരുതിക്കൂട്ടിയാണ്.
ഒ.വി.വിജയന്റെ മാസ്റ്റര്‍പീസായി കണക്കാക്കപ്പെടുന്ന ഖസാക്കിന്റെ ഇതിഹാസത്തിലെ അധ്യായങ്ങളിലൊന്നായ ‘കുമന്‍കാവ്’ പുനഃസൃഷ്ടിക്കുകയാണ് സ്കൂളിലെ പിടിഎയുമായി ചേര്‍ന്ന് വിദ്യാരംഗം കലാസമിതി ചെയ്തത്. വിജയന് പ്രിയപ്പെട്ട പൂച്ചയോടൊപ്പമുള്ള അദ്ദേഹത്തിന്റെ അര്‍ധകായ പ്രതിമ, നോവലിലെ കഥാപാത്രങ്ങള്‍, കാര്‍ട്ടൂണ്‍ ബോര്‍ഡ് എന്നിവയാണ് ‘കൂമന്‍കാവി’ല്‍ ഒരുക്കിയിട്ടുള്ളത്.
മലയാളത്തില്‍നിന്ന് ലോകം അറിയുന്ന സാഹിത്യകാരനായി വളര്‍ന്ന വിജയന്‍ ഇൗ സ്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂടിയാവുമ്പോള്‍ ഇതുപോലൊരു സ്മാരകം കോട്ടയ്‌ക്കല്‍ രാജാസ് സ്കൂളിന്റെ മാത്രമല്ല, കേരളത്തിന് മുഴുവന്‍ അഭിമാനകരമാണ്. എന്നിട്ടും ഇതിനെതിരെ എതിര്‍പ്പുയര്‍ന്നതിന്റെയും പ്രതിമ ഭാഗികമായി തകര്‍ത്തതിന്റെയും കാരണങ്ങള്‍ അന്വേഷിക്കേണ്ടത് സാഹിത്യ ബാഹ്യമായാണ്.
വിജയന്റെ സ്മാരകത്തെ എതിര്‍ക്കുന്നതിന് പിന്നില്‍ കൃത്യമായി മൂന്ന് കാരണങ്ങള്‍ കണ്ടെത്താനാവും. ഒന്നാമത്തേത് ഭാരതത്തിന്റെ സാംസ്ക്കാരിക പാരമ്പര്യത്തെ വിമര്‍ശനബുദ്ധിയോടെയും അതേസമയം വിദ്വേഷരഹിതമായും ആഴത്തിലറിഞ്ഞ ഒരു എഴുത്തുകാരനോടുള്ള എതിര്‍പ്പ്. സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയെന്ന നിലയ്‌ക്ക് പ്രതിമ സ്ഥാപിക്കണമെങ്കില്‍ അതിന് വിജയനേക്കാള്‍ അര്‍ഹത മുസ്ലീംലീഗ് നേതാവായിരുന്ന യു.എ.ബീരാനാണെന്ന് പറഞ്ഞതില്‍നിന്നുതന്നെ ഈ എതിര്‍പ്പ് വ്യക്തമാകുന്നുണ്ട്.
രണ്ട:് ‘കൂമന്‍കാവ്’ എന്ന് പറയുന്നതിലെ സാംസ്ക്കാരിക പ്രതിനിധാനത്തെ അംഗീകാരിക്കാനാവാത്തത്. മൂന്ന്: പ്രതിമകള്‍ നിര്‍മ്മിക്കുന്നതും സ്ഥാപിക്കുന്നതും അനിസ്ലാമികമാണെന്ന ചിന്താഗതി. മലപ്പുറം ജില്ലയില്‍പ്പെടുന്ന തിരൂര്‍ നഗരത്തിലെ ട്രാഫിക് ഐലന്റില്‍ ഭാഷാ പിതാവായ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാന്‍ മലയാളത്തിലെ ഒരു പ്രമുഖ പത്രസ്ഥാപനം ശ്രമിച്ചപ്പോള്‍ മുസ്ലീംലീഗ് ഭരിക്കുന്ന തിരൂര്‍ നഗരസഭാ എതിര്‍പ്പുയര്‍ത്തിയതും എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കപ്പെടാതെപോയതുമായ സംഭവം ഇതിന് മുമ്പുണ്ടായിട്ടുണ്ട്.
ഇതിന്റെ തുടര്‍ച്ചയായി മാത്രമേ വിജയന്‍ സ്മാരകത്തോടുള്ള എതിര്‍പ്പിനെ കാണാനാവൂ. ഖസാക്കിന്റെ ഇതിഹാസം ഉള്‍പ്പെടെ ഒ.വി.വിജയന്റെ ഏത് കൃതികളോടും വിയോജിക്കാനുള്ള അവകാശം ആര്‍ക്കുമുണ്ട്. വിജയന്‍ ജീവിച്ചിരിക്കുമ്പോള്‍തന്നെ ഇത്തരം വിയോജിപ്പുകള്‍ പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത്തരം വിയോജിപ്പുകളില്‍നിന്ന് തീര്‍ത്തും ഭിന്നമാണ് ‘കൂമന്‍കാവ്’ എന്നതില്‍ അനിസ്ലാമികത കണ്ടെത്തി വിജയന്റെ പ്രതിമയും സ്മാരകവും അനുവദിക്കില്ലെന്ന് വാശിപിടിക്കുന്നത്.
ഖസാക്കിന്റെ ഇതിഹാസത്തില്‍ മാത്രമല്ല വിജയന്റെ നോവലുകളായ ‘ഗുരുസാഗര’ത്തിലും ‘മധുരംഗായതി’യിലുമൊക്കെ ഹൈന്ദവമായ ബിംബകല്‍പ്പനകള്‍ ധാരാളമുണ്ട്. മലയാളത്തിലെ മറ്റ് എഴുത്തുകാരുടെ കൃതികളുടേയും എന്തിനേറെ ഒരു മുസ്ലീമായ യു.എ.ഖാദറിന്റെ പല കൃതികളുടെ പോലും സാംസ്ക്കാരിക പശ്ചാത്തലം ഹൈന്ദവമാണ്.
ഇന്ന് എതിര്‍പ്പ് വിജയന്റെ കൃതികളോടാണെങ്കില്‍ നാളെ അത് മലപ്പുറത്തുകാരായ പൂന്താനത്തോടും മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിയോടും ഉറൂബിനോടും ചെറുകാടിനോടും ഇടശ്ശേരിയോടുമൊക്കെ ആവില്ലെന്ന് ഉറപ്പ് പറയാനൊക്കുമോ? ഇനിയുള്ള കാലം ഇവര്‍ക്കൊന്നും ഒരുതരത്തിലുള്ള സ്മാരകവും മലപ്പുറം ജില്ലയുടെ അതിരുകള്‍ക്കുള്ളില്‍ ഉയരാന്‍ അനുവദിക്കില്ലെന്നുണ്ടോ? എഴുത്തച്ഛനുപോലും വിലക്ക് കല്‍പ്പിക്കുന്നവര്‍ മലയാള സാഹിത്യത്തിലെ ഈ മഹാരഥന്മാരോട് വിദ്വേഷം കാണിക്കാതിരിക്കുമോ? ‘കൂമന്‍കാവി’ന്റെ പേരില്‍ വിജയന്റെ ഓര്‍മകളെ തിരസ്ക്കരിക്കുന്നവര്‍ക്ക് ഹൈന്ദവ ദേവീദേവന്മാര്‍ നിറഞ്ഞുനില്‍ക്കുന്ന ഇതിഹാസ കൃതികളായ മഹാഭാരതത്തോടും രാമായണത്തോടും എത്ര തീവ്രമായ വെറുപ്പായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ.
പ്രതിമ/വിഗ്രഹം അനിസ്ലാമികമാണെന്ന് വിശ്വസിക്കാനും ആ വിശ്വാസം ആചരിക്കാനും ചിലര്‍ക്ക് സ്വാതന്ത്ര്യമുള്ളപ്പോള്‍ തന്നെ ഈ വിശ്വാസം മറ്റൊരാളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ആര്‍ക്കും അധികാരമില്ല. ദൈവത്തിന്റെ സ്വന്തം നാടെന്നതുപോലെ കേരളം പ്രതിമകളുടെയും നാടാണ്. പ്രധാന നഗരങ്ങളില്‍ മാത്രമല്ല നാട്ടിന്‍പുറങ്ങളില്‍പ്പോലും സല്‍പ്രവൃത്തികളിലൂടെ മഹത്വമാര്‍ജ്ജിച്ചവരുടെ പ്രതിമകള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ‘സ്റ്റാച്യു ജംഗ്ഷന്‍’ എന്ന പേര് പല നഗരങ്ങള്‍ക്കും സ്വന്തമാണ്.
ഒരു വിഭാഗത്തിന്റെ മതവിശ്വാസത്തിന്റെ പേരില്‍ ഈ പ്രതിമകളൊക്കെ നീക്കം ചെയ്യുകയോ തകര്‍ക്കുകയോ ചെയ്യുന്ന അവസ്ഥ എത്ര ഭീതിജനകമായിരിക്കും. തിരൂരില്‍ എഴുത്തച്ഛന്‍ പ്രതിമയ്‌ക്കും കോട്ടയ്‌ക്കലില്‍ വിജയന്‍ പ്രതിമയ്‌ക്കും നേരിട്ട എതിര്‍പ്പ് വകവെച്ചുകൊടുത്താല്‍ മറ്റിടങ്ങളിലും അത് ആവര്‍ത്തിക്കപ്പെടില്ലെന്ന് എന്താണ് ഉറപ്പ്? അനിസ്ലാമികമെന്ന പേരില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെയും നടന്‍ പ്രേംനസീറിന്റെയും പ്രതിമകള്‍ സ്ഥാപിക്കാന്‍ കഴിയാതെപോയത് ഒരു മുന്നറിയിപ്പാണ്.
വിഗ്രഹഭഞ്ജനത്തിന് മതനിരാസം എന്നര്‍ത്ഥമുണ്ട്. എന്നാല്‍ ഇസ്ലാമിക മതമൗലികവാദികളുടെ പ്രതിമാ വിരോധത്തെ വിഗ്രഹഭഞ്ജനമായി തെറ്റിദ്ധരിക്കുന്നത് ആത്മഹത്യാപരമായിരിക്കും. ഇക്കൂട്ടരുടെ വിഗ്രഹഭഞ്ജനത്തിന് മതനിഷേധവുമായി യാതൊരു ബന്ധവുമില്ല. മതവിദ്വേഷവും മതപരമായ അസഹിഷ്ണുതയുമായാണ് അതിന് ബന്ധം.
എഴുത്തച്ഛന്റെയും ഇപ്പോള്‍ ഒ.വി.വിജയന്റെയും മറ്റും പ്രതിമകളോടുള്ള എതിര്‍പ്പുതന്നെയാണ് മുഗള്‍ഭരണകാലത്ത് ഉത്തരേന്ത്യയില്‍ ആയിരക്കണക്കിനും ടിപ്പുസുല്‍ത്താന്റെ പടയോട്ടക്കാലത്ത് മലബാറില്‍ നൂറുകണക്കിനും ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെടാന്‍ ഇടയാക്കിയത്. ഇതൊരിക്കലും വിഗ്രഹഭഞ്ജനമായിരുന്നില്ല. മതപരമായ അസഹിഷ്ണുതയുടെ പ്രാകൃതമായ പ്രകടനമായിരുന്നു. അക്രമാസക്തവും മറ്റുള്ളവരുടെ ആരാധനാ സ്വാതന്ത്ര്യത്തെ നിഷേധിക്കുകയും ചെയ്യുന്ന തികച്ചും സങ്കുചിതമായ ഒരു മതത്തിന്റെ ശാഠ്യങ്ങള്‍ സമൂഹത്തിനുമേല്‍ ആധിപത്യം സ്ഥാപിക്കുന്നതാണ് ഈ ‘വിഗ്രഹഭഞ്ജന’ങ്ങളില്‍ കണ്ടത്.
‘ഇസ്ലാമികമായ’പ്രതിമാ വിരോധം മറ്റൊരു വിധത്തിലും ഇന്ത്യയ്‌ക്ക് അസ്വീകാര്യമാണ്. ‘ഐക്കണോഗ്രഫി’ എന്ന് ഇംഗ്ലീഷില്‍ പറയുന്ന പ്രതിമകള്‍/വിഗ്രഹങ്ങള്‍ സംബന്ധിച്ച പഠനം ഭാരതീയമായ കലയുടേയും സാഹിത്യത്തിന്റേയും ആത്മീയതയുടേയും അഭേദ്യമായ ഭാഗമാണ്. ഭാരതത്തിന്റെ സാംസ്ക്കാരിക പാരമ്പര്യത്തെ ലോകം വിസ്മയത്തോടെ കാണുന്നത് ഇതുകൊണ്ടുകൂടിയാണ്. നടരാജ വിഗ്രഹത്തില്‍ ഉള്ളടങ്ങിയിരിക്കുന്ന ദാര്‍ശനിക തലത്തിനുമുന്നില്‍ ആധുനിക ശാസ്ത്രത്തിലെ കണികാ ഭൗതികജ്ഞര്‍ പോലും അമ്പരന്ന് നില്‍ക്കുകയാണ്.
ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാര്‍ മുതല്‍ ബുദ്ധനും മഹാവീരനും കണ്ണകിയും തിരുവള്ളുവരും ശ്രീനാരായണ ഗുരുദേവനും ഗാന്ധിജിയും വരെയുള്ളവരുടെ പ്രതിമാശില്‍പ്പങ്ങളുടെ അഭാവം സൃഷ്ടിക്കുന്ന മഹാശൂന്യതയെക്കുറിച്ച് ഭാരതത്തിന്റെ സാംസ്ക്കാരിക പാരമ്പര്യത്തെ സ്നേഹിക്കുന്ന ആര്‍ക്കും ആലോചിക്കാന്‍ പോലുമാവില്ല. മതവിരോധത്തിന്റെ പേരില്‍ പ്രതിമകളെ തച്ചുടയ്‌ക്കുന്നവര്‍ യുഗദീര്‍ഘമായ ഒരു സാംസ്ക്കാരിക പാരമ്പര്യത്തെയാണ് ബോധപൂര്‍വം നിരാകരിക്കുന്നത്.
കോഴിക്കോട് വൈക്കം മുഹമ്മദ് ബഷീറിന്റെയും ചിറയിന്‍കീഴില്‍ പ്രേംനസീറിന്റെയും പ്രതിമകളുടെ കാര്യത്തില്‍ നിര്‍മിക്കുന്നതിനുമുമ്പെ എതിര്‍പ്പുയര്‍ത്തുകയായിരുന്നു ഇസ്ലാമിക മതമൗലികവാദികളെങ്കില്‍, തിരൂരില്‍ എഴുത്തച്ഛന്റെ പൂര്‍ത്തിയായ പ്രതിമ സ്ഥാപിക്കുന്നതാണ് അവര്‍ വിലക്കിയത്. കോട്ടയ്‌ക്കലാകട്ടെ സ്കൂളില്‍ സ്ഥാപിക്കപ്പെട്ട വിജയന്റെ പ്രതിമ ഭാഗികമായി തകര്‍ക്കുകയും ചെയ്തു.
മലപ്പുറം ജില്ലയില്‍ മാത്രം പ്രതിമാവിരോധം ഇങ്ങനെ രൂക്ഷമാകാനുള്ള കാരണം എന്തുകൊണ്ടാണെന്ന് ചിന്തിക്കേണ്ടതുണ്ട്. മതസങ്കുചിതത്വവും മതപരമായ അസഹിഷ്ണുതയും ഭരണാധികാരവുമായി ചേരുന്നതാണ് ഇതിന് കാരണമെന്ന് എളുപ്പത്തില്‍ മനസ്സിലാക്കാം. താലിബാന്‍ ഭരണകാലത്തെ അഫ്ഗാനിസ്ഥാനിലും ഇതുതന്നെയാണ് സംഭവിച്ചതെന്ന് ഭീതിയോടെ ഓര്‍ക്കേണ്ടതുണ്ട്.
അഫ്ഗാനിലെ ബാമിയാനിലുള്ള ബുദ്ധപ്രതിമകള്‍ മധ്യകാലത്തെ ചെങ്കിസ്ഖാന്റെ ആക്രമണത്തെപ്പോലും അതിജീവിച്ചവയായിരുന്നു. ബൗദ്ധകലയുടെ മാത്രമല്ല, ലോക സംസ്ക്കാരത്തിന്റെയും ഭാഗമായിരുന്നു നൂറ്റിയെഴുപത്തിയഞ്ച് അടി വരെ ഉയരമുണ്ടായിരുന്ന ഈ പ്രതിമകള്‍. എന്നാല്‍ അഫ്ഗാനിസ്ഥാന്റെ ഭരണാധികാര നിയന്ത്രണം പൂര്‍ണമായി കൈവന്ന 2001 ല്‍ താലിബാന്‍ ഈ പ്രതിമകള്‍ക്കുനേരെ തിരിയുകയായിരുന്നു. പാറ്റണ്‍ടാങ്കുകള്‍, വിമാനവേധ തോക്കുകള്‍, സ്ഫോടകവസ്തുക്കള്‍ എന്നിവ ഉപയോഗിച്ചാണ് പ്രതിമകള്‍ തകര്‍ത്തത്.
“ഈ വിഗ്രഹങ്ങള്‍ അവിശ്വാസികളുടെ ദൈവങ്ങളാണ്” എന്ന് പ്രഖ്യാപിച്ച് താലിബാന്‍ നേതാവ് മുള്ള ഉമറാണ് ബമിയാനിലെ ബുദ്ധപ്രതിമകള്‍ തകര്‍ക്കാന്‍ മതശാസന പുറപ്പെടുവിച്ചത്. “നിര്‍മിക്കുന്നതിനെക്കാള്‍ എളുപ്പമാണ് തകര്‍ക്കല്‍” എന്നാണ് താലിബാന്‍ സര്‍ക്കാരിലെ സാംസ്ക്കാരിക(?) മന്ത്രി മൗലവി ഖുദ്രത്തുള്ള ജമാല്‍ സംഭവത്തെ വിശേഷിപ്പിച്ചത്.
“ഇതൊരു വലിയ പ്രശ്നമല്ല. വെറും കല്ലുകൊണ്ടൊ മണ്ണുകൊണ്ടൊ നിര്‍മിച്ച പ്രതിമകളാണിത്” എന്ന് ജമാല്‍ ന്യായീകരിച്ചു.
അഫ്ഗാന്റെ ആകാശത്തെ തൊട്ടുരുമ്മി 1500 വര്‍ഷക്കാലത്തോളം നിലനിന്ന ബാമിയാന്‍ ബുദ്ധപ്രതിമകള്‍ക്ക് വിനയായത് താലിബാന്‍ അഫ്ഗാന്റെ അധികാരം കൈയടക്കിയതാണ്.
മലപ്പുറം ജില്ലയില്‍ തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത് മതഭരണമാണെന്ന് മുസ്ലീംലീഗില്‍ ഉള്‍പ്പെടെയുള്ള ഇസ്ലാമിക മതമൗലികവാദികള്‍ കരുതുന്നു. അതിനാലാണ് അവര്‍ എഴുത്തച്ഛന്റെയും ഒ.വി.വിജയന്റെയും പ്രതിമകള്‍ക്ക് എതിരുനില്‍ക്കുന്നത്. മുസ്ലീം ലീഗിന് മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും ആനുകൂല്യങ്ങള്‍ നല്‍കുന്നവര്‍ ആത്മവഞ്ചനയും പരവഞ്ചനയുമാണ്.
















