വിളപ്പില്‍ശാല: തട്ടിപ്പു കേസില്‍ വിചാരണ നേരിടേണ്ട ദുരവസ്ഥയിലേക്ക് കൂപ്പുകുത്തിയ പാര്‍ട്ടിയായി കോണ്‍ഗ്രസ്സ് അധപതിച്ചിരിക്കുന്നുവെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ്. ദേശീയ തലം മുതല്‍ പ്രാദേശിക തലം വരെ അഴിമതിയും കൊള്ളയും കോഴയും നടത്തുന്ന നേതാക്കളുടെ കൂടാരമാണ് കോണ്‍ഗ്രസ്സെന്നും സുരേഷ് ആരോപിച്ചു. വെള്ളൈക്കടവ് വാര്‍ഡിലെ മൈലമൂട് ബൂത്ത് കമ്മറ്റി സംഘടിപ്പിച്ച പൊതുസമ്മേളനവും ക്രിസ്തുമസ് കിറ്റ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേഷ്.
പട്ടിണിക്ക് മതമില്ലെന്ന വിപ്ലവം പ്രഖ്യാപിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. മതങ്ങള്‍ക്കും സാമുദായിക നേതാക്കള്‍ക്കും തൊട്ടുകൂടായ്മയുള്ള പാര്‍ട്ടിയെന്ന നുണപ്രചാരണം നടത്തിയാണ് ഇടതു വലതു മുന്നണികള്‍ ഇത്രയും കാലം ബിജെപിയെ അകറ്റി നിര്‍ത്തിയിരുന്നത്. കേരള ജനത ഇരു മുന്നണികളുടേയും തട്ടിപ്പ് മനസിലാക്കി. അറുപത് വര്‍ഷം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ് ഭരണമൊഴിഞ്ഞപ്പോള്‍ രാജ്യത്തിന് സമ്മാനിച്ചത് 68 കോടി പട്ടിണി പാവങ്ങളെയാണ്. നാടിന്റെ ഉയര്‍ച്ച ആഗ്രഹിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് ബിജെപി. ജനം നെഞ്ചേറ്റുന്ന പുരോഗമന പ്രസ്ഥാനമായി ബിജെപി മാറിയിരിക്കുന്നുവെന്നും അഡ്വ. സുരേഷ് അഭിപ്രായപ്പെട്ടു. വെള്ളൈക്കടവ് വാര്‍ഡിലെ നൂറ്റന്പതോളം കുടുംബങ്ങള്‍ക്ക് ക്രിസ്തുമസ് കിറ്റുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി ഗിരീഷ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ബിജെപി ജില്ലാ സെക്രട്ടറി മുക്കംപാലമൂട് ബിജു മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് കമ്മറ്റി ജനറല്‍ സെക്രട്ടറി വിളപ്പില്‍ശാല ശ്രീകുമാര്‍, മേഖല കമ്മറ്റിയംഗം സുരേന്ദ്രന്, ഇറയംകോട് വാര്‍ഡ് മെമ്പര്‍ പത്മകുമാര്‍, അനില്‍, രാജ്മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: