കായംകുളം: ഹിന്ദു സമൂഹം ജാഗരൂഗരായി ഐക്യത്തോടെ മുന്നേറണമെന്ന് ആരോഗ്യഭാരതി സംസ്ഥാന സംഘടനാ സെക്രട്ടറി വ.ബാ. സജീവ് പറഞ്ഞു. എസ്എന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ ആര്‍എസ്എസ് പ്രാഥമിക ശിക്ഷാ വര്‍ഗ്ഗില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 1925 കാലഘട്ടത്തില്‍ 33 കോടി ജനങ്ങളുള്ള ഇന്ത്യയെ വെറും മൂന്ന് കോടിയുള്ള ബ്രിട്ടിഷുകാര്‍ ഭരിക്കണമെങ്കില്‍ അത് അവരുടെ ഐക്യത്തെയാണ് ചൂണ്ടിക്കാട്ടുന്നത്. ഒരുശിബിരത്തില്‍ പങ്കെടുക്കുമ്പോള്‍ നമുക്ക് ലഭിക്കുന്നത് പ്രത്യേക തരത്തിലുള്ള അനുഭൂതിയാണ്. ധര്‍മ്മത്തെ സംരക്ഷിക്കണമെങ്കില്‍ സംഘടനവേണം. ഗുരുക്കന്മാരെ ആദരിക്കുന്ന പാരമ്പര്യമാണ് ഭാരതത്തിനുള്ളത്. ധര്‍മ്മം ചെയ്യുക എന്നത് നമ്മുടെ കടമയാണ്. രാഷ്‌ട്രത്തോടുള്ള ധര്‍മ്മമാണ് സംഘം പ്രധാനമായും ചെയ്യുന്നത്. ഭാരതം ആക്രമണം നടത്തിയിട്ടില്ല. ഭാരതത്തെ മറ്റുള്ളവര്‍ അക്രമിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. മറ്റൊരു വിശ്വാസത്തെ ഹിന്ദു സമൂഹമോ, ഹിന്ദു സംസ്‌ക്കാരമോ തള്ളി പറഞ്ഞിട്ടില്ല. സഹിഷ്ണുതയാണ് ഹിന്ദു സംസ്‌ക്കാരവും, ഹിന്ദു സമൂഹവും ഉയര്‍ത്തിപ്പിടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ഗ്ഗ് കാര്യവാഹ് മോഹന്‍കുമാര്‍ സ്വാഗതം പറഞ്ഞു. ചെങ്ങന്നൂര്‍ സംഘജില്ലയിലെ ആറ് താലൂക്കുകളില്‍ നിന്നും നാനൂറ് പേര്‍ ശിബിരത്തില്‍ പങ്കെടുക്കുന്നു. ശിബിരം 27ന് സമാപിക്കും.
















