അമ്പലപ്പുഴ: ഒരു ജന്മം കൊണ്ട് കഷ്ടപ്പെട്ട് നേടിയതെല്ലാം ഒരു നിമിഷം കൊണ്ട് കത്തിച്ചാമ്പലായതിന്റെ ആഘാതത്തില്‍ നിന്ന് രാധാകൃഷ്ണന്‍ ഇനിയും മുക്തനായിട്ടില്ല. ഉടുതുണി വരെ ചാരമായെങ്കിലും ജീവന്‍ തിരിച്ചു കിട്ടിയതിന്റെ ആശ്വാസത്തിലാണ് ഈ കുടുംബം.
ശനിയാഴ്ച രാത്രി ഒന്‍പതോടെയാണ് അമ്പലപ്പുഴ കിഴക്കേനട തെങ്ങംപള്ളില്‍ രാധാകൃഷ്ണന്റെ വീടിന് തീപിടിച്ചത്. മൂത്ത സഹോദരി ശ്യാമളയാണ് തീപിടുത്തം ആദ്യം കണ്ടത്. വീടിന്റെ വടക്കുപടിഞ്ഞാറന്‍ മൂലയില്‍ തീപിടിച്ചത് കണ്ട് ഓടിമാറിയ ശ്യാമളയുടെ മുഖത്തേക്ക് തീപടര്‍ന്നെങ്കിലും രക്ഷപ്പെട്ടു.
എതാണ്ട് 300 വര്‍ഷത്തിലേറെ പഴക്കമുള്ള അറയുംപുരയുമുള്ള പൂര്‍ണമായും തേക്കിന്‍തടി കൊണ്ടു നിര്‍മ്മിച്ച വീട് നിമിഷങ്ങള്‍ക്കകം അഗ്നി കവരുകയായിരുന്നു. ഈ സമയം രാധാകൃഷ്ണന്‍ തൊട്ടടുത്തുള്ള അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര പരിസരത്തായിരുന്നു. വീട്ടില്‍ സഹോദരിമാരായ ശ്യാമളയും, ശാന്തയും, ഭാര്യ ബിന്ദുവും, മകന്‍ യദുകൃഷ്്ണനും ഉണ്ടായിരുന്നു. കണ്ണടച്ചു തുറക്കുന്നതിന് മുമ്പ് വീട് കത്തിയമരുകയായിരുന്നു.
ഓടികൂടിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ആളിപടരുന്ന തീയ്‌ക്ക് മുന്നില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.
പിന്നീട് ആലപ്പുഴയില്‍ നിന്ന് മൂന്ന് യൂണിറ്റ് അഗ്നിശമനസേന എത്തി മണിക്കൂറുകള്‍ കൊണ്ടാണ് തീയണച്ചത്. അപ്പോഴേക്കും വീട് ഒരുപിടി ചാരമായി കഴിഞ്ഞിരുന്നു. നാല്‍പ്പത് പവന്‍ സ്വര്‍ണാഭരണങ്ങളും കത്തിനശിച്ചവയില്‍ ഉള്‍പ്പെടുന്നു.
















