നാലുപാടും നോക്കുമ്പോള്‍ ധാര്‍മ്മികാധഃപതനത്തിന്റെ തേര്‍വാഴ്ച നിങ്ങള്‍ കാണുന്നില്ലേ! ആരാണിതിന് ഉത്തരവാദികള്‍! അതിനുള്ള ഉത്തരം സംഭവങ്ങളുടെ ഉപരിതലത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞെന്നുവരില്ല. അവയുടെ കാരണം വര്‍ത്തിക്കുന്നത് അടിത്തട്ടിലാണ്. ഗൃഹത്തിലെ ശിക്ഷണരാഹിത്യമാണ് അടിത്തട്ടിലുള്ള ഈ കാരണം. സമൂഹത്തെ സൃഷ്ടിക്കുന്നത് ഗൃഹമാണ്. സാന്മാര്‍ഗികവിശുദ്ധിയില്‍ അച്ഛനമ്മമാര്‍ മാതൃകകളാണെങ്കില്‍, ഗൃഹങ്ങളില്‍ ഉദ്ധാരണക്ഷമവും പ്രചോദനാത്മകവുമായ ഒരന്തരീക്ഷം പുലരുന്നുണ്ടെങ്കില്‍ അത്തരം ഗൃഹങ്ങളില്‍നിന്ന് പുറമേ വരുന്ന തലമുറ സുശക്തവും സുരക്ഷിതവും സാന്മാര്‍ഗികമായി പരിശുദ്ധവും ആത്മീയമായി ഉറച്ച അടിസ്ഥാനമുള്ളവരുമായിരിക്കും. ആധ്യാത്മികാന്തരീക്ഷം പുലര്‍ത്തുന്ന ഗൃഹങ്ങള്‍ക്ക് മാത്രമേ സുശക്തമായ ഒരു രാഷ്‌ട്രത്തിന്റെ ഭാവിസൂചകങ്ങളായിത്തീരാന്‍ കഴിയൂ.
സത്യം ഏവരിലും പ്രകാശിക്കുന്നുണ്ട്. പക്ഷെ, ലൗകികമായ വിഷയാസക്തികളില്‍നിന്ന് മനസ്സിനെ പിന്‍വലിക്കാത്തിടത്തോളം കാലം നിങ്ങള്‍ക്ക് ജ്ഞാനമേഖലയിലേക്കുയരുവാന്‍ കഴയുകയില്ല. ആരാണ് യഥാര്‍ത്ഥത്തില്‍ ജീവിതം ആസ്വദിക്കുന്നത്! മോഹബദ്ധനായ മനുഷ്യന് യാതൊന്നും ആസ്വദിക്കാന്‍ സമയമില്ല. അയാള്‍ പ്രക്ഷോഭജനകങ്ങളായ മോഹങ്ങളുടെ പിന്നാലെ പരക്കം പായുകയാണ്. പ്രക്ഷോഭണങ്ങള്‍ക്കിടയില്‍ എങ്ങനെയാണ് ആഹഌദിക്കുക! മോഹങ്ങളെ പരിത്യജിച്ച പ്രശാന്തനായ മനുഷ്യനാണ് യഥാര്‍ത്ഥത്തില്‍ ജീവിതമാസ്വദിക്കുന്നത്. സുഖാസ്വാദനമെന്ന് പറയുന്നത് ഈശ്വരാനുഭൂതിയുടെ ആന്തരികാനന്ദമാണ്.
നിഷ്‌കളങ്കമായ ശിശുക്കളും ആധ്യാത്മിക പ്രവണരായ ദമ്പതികളും അമ്മയില്‍നിന്നും ജ്ഞാനോപദേശം സിദ്ധിച്ച അമ്മമാരും ഭാര്യമാരും ഉത്‌സാഹമുള്ള യുവജനങ്ങളുള്‍പ്പെട്ട നിങ്ങളുമാണ് ഭാവിയുടെ ആശാകേന്ദ്രം. ഈശ്വരന്‍ ഒരു സുവര്‍ണാവസരം നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്നു. ആത്മീയജ്ഞാനം നിങ്ങളുടെ ഗൃഹങ്ങളില്‍ എത്തിയിരിക്കുന്നു. നിങ്ങള്‍ക്കായി മലര്‍ക്കെ തുറന്നിട്ടിരിക്കുന്നു. തികഞ്ഞ വിശ്വാസത്തോടെ അകത്ത് കടക്കുവിന്‍.
















