ശബരിമല: ആചാരപ്പെരുമയില്‍ മണര്കാട്സംഘം അയ്യപ്പസന്നിധിയില്‍ പണക്കിഴി സമര്‍പ്പിച്ചു. എല്ലാവര്‍ഷവും ധനു 3ന് അയ്യപ്പന് കാണിക്കയര്‍പ്പിക്കുക എന്ന ആചാരത്തിന്റെ ഭാഗമായാണ് മണര്‍കാട് നിന്നുള്ള 42 അംഗസംഘം ശബരിമലയിലെത്തിയത്. രവി മനോഹര്‍, സി.എസ്.രാജന് എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ ഉച്ചയ്ക്ക് ഇവരെത്തിയത്.
ധനു 1ന് മണര്‍കാട് ഭഗവതിക്ഷേത്രത്തില്‍ നിന്നാണ് കെട്ടുമുറുക്കി സംഘം പുറപ്പെട്ടത്. ഇരുപത്തിയെട്ടര കരകളില്‍ നിന്നുള്ള ഭക്തരുടെ കാണിക്ക നീലപ്പട്ടില്‍ പൊതിഞ്ഞാണ് കൊണ്ടുവന്നത്. ശബരിമലയില്‍ ആദ്യ കാലത്ത് പാരമ്പര്യ ശാന്തിമാര്ക്കൊപ്പം അകമ്പടി വന്നിരുന്നത് മണര്‍കാട് നിന്നുള്ള സംഘങ്ങളായിരുന്നു. ഇതിന്റെ ഓര്‍മ്മ പുതുക്കലായാണ് മണര്‍കാട് സംഘം ഇപ്പോഴുമെത്തുന്നത്. ശാന്തിമാരെ ദേവസ്വം നിയമിച്ചതോടെ ഇടക്കാലത്ത് മണര്‍കാട് സംഘത്തിന്റെ വരവ് നിലച്ചിരുന്നു. 20വര്‍ഷം മുമ്പാണ് അചാരം പുനരാരംഭിച്ചത്. മകരവിളക്കിന് അമ്പലപ്പുഴ-ആലങ്ങാട് സംഘങ്ങള്‍ പണ്ടുകാലത്ത് പേട്ടതുള്ളി എത്തുന്നതിനു മുമ്പാണ് മണര്‍കാട് നിന്നുള്ളവര്‍ ശാന്തിമാരുമായി ശബരിമലയിലെത്തിയിരുന്നത്. പരമ്പരാഗത പാതവഴിവഞ്ചിമൂട്ടില് വിശ്രമിച്ച് നീലിമല ചവുട്ടിയാണ് ഇവര്‍ വന്നിരുന്നത്.
അക്കാലത്ത് ശബരിമലയിലെത്തിയ ശേഷം സംഘത്തിന് വിശ്രമിക്കാന്‍ കൊന്നച്ചുവട്ടില്‍ പ്രതേ്യക സ്ഥലവുമുണ്ടായിരുന്നു. മണര്‍കാട് ക്ഷേത്രത്തില്‍ കെട്ടുനിറയ്ക്കുന്നവേളയില് ശാസ്താവിന്റെ നടയ്ക്ക് മുന്നില്‍ വിരിയ്ക്കുന്ന നീലപ്പട്ടിലാണ് ഭക്തര്‍ കാണിക്കയര്‍പ്പിക്കുന്നത്. ഇരുപത്തിയെട്ടര കരകളില്‍ നിന്നുള്ളവരും സംഘത്തിലുണ്ട്. കാണിക്കയര്‍പ്പിച്ച് ഭഗവാന്റെ അനുഗ്രഹം വാങ്ങിയ നിര്‍വൃതിയിലാണ് മണര്‍കാട് സംഘം മലയിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: