പത്തനാപുരം: പട്ടാഴി ദേവിക്ഷേത്രത്തില്‍ ദര്‍ശനത്തിനിടെ കുട്ടിയുടെ മാല മോഷ്ടിച്ച രണ്ട് നാടോടി സ്ത്രീകളെ പിടികൂടി. തമിഴ്‌നാട് സ്വദേശികളായ മസലമ്മ (35), ജ്യോതി (40) എന്നിവരെയാണു ക്ഷേത്രം ജീവനക്കാരും ഭക്തരും ചേര്‍ന്ന് പിടികൂടിയത്. വെള്ളിയാഴ്ച രാവിലെ ഒമ്പതിനാണ് സംഭവം. ക്ഷേത്രദര്‍ശനത്തിനെത്തിയ തലവൂര്‍ സ്വദേശിയായ യുവതിയുടെ ഒക്കത്തിരുന്ന കുട്ടിയുടെ കഴുത്തിലെ മാലയാണു അപഹരിച്ചത്. മാല മോഷ്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഒരു ഭക്തര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ക്ഷേത്രം ജീവനക്കാരും മറ്റ് ഭക്തരും ചേര്‍ന്ന് മോഷ്ടാക്കളെ പിടികൂടുകയുമായിരുന്നു.
കുന്നിക്കോട് പോലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ കുറേ നാളുകളായി പത്തനാപുരത്തിന്റെ വിവിധപ്രദേശങ്ങളില്‍ മോഷണ പരമ്പരകള്‍ തുടര്‍ന്നിട്ടും കര്‍ശനമായ നടപടികളോ അന്വേഷണമോ നടന്നിട്ടില്ലെന്ന് ആക്ഷേപമുണ്ട്. മോഷണങ്ങള്‍ക്കു പേരുകേട്ട തിരുട്ടു ഗ്രാമത്തില്‍ നിന്നുള്ള മോഷ്ടാക്കള്‍ പ്രദേശത്തു പെരുകുന്നതായി സൂചനയുണ്ട്. പകല്‍ സമയങ്ങളില്‍ വീടും പരിസരവും നോക്കി മനസിലാക്കിയശേഷം രാത്രിയില്‍ വീടുകളിലെത്തി മോഷണം നടത്തുന്ന സംഘങ്ങളും സജീവമാണ്.
















