മനുഷ്യാവതാരം വഴി നിത്യനായ ദൈവം സ്നേഹത്തിന്റെ സര്‍വശക്തിയോടും ചൈതന്യത്തോടും കൂടി മാനവജീവിതത്തിലേക്ക് പ്രവേശിച്ചതിന്റെ അനുസ്മരണമാണ് ക്രിസ്മസ്. മാനവജീവിതത്തിലേക്കുള്ള ദൈവത്തിന്റെ പ്രവേശനം സാധാരണ പ്രക്രിയകളേക്കാളുപരി ദൈവീകപ്രവൃത്തിയായിരിക്കുന്നത് ഏറെ അത്ഭുതകരമാണ്. അപ്പോളോ 15 എന്ന റോക്കറ്റിലൂടെ സഞ്ചരിച്ച് ചന്ദ്രനിലെത്തിയ അമേരിക്കക്കാരനായ ജയിംസ് ഇര്വിന് അവിടെയെത്തിയ ശേഷം ഇങ്ങനെ പറഞ്ഞു. മനുഷ്യന് ചന്ദ്രനില്‍ ഇറങ്ങിയത് ഒരു മഹാസംഭവമായി ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അതിനേക്കാള്‍ എത്രയോ ആശ്ചര്യകരമായ സംഭവമാണ് ദൈവം യേശുക്രിസ്തുവിലൂടെ മനുഷ്യനായി ലോകത്തില്‍ അവതരിച്ചുവെന്നത്.
ആഹ്ലാദകരമായ ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടയില്‍ കഷ്ടതയിലും ദാരിദ്ര്യത്തിലും രോഗത്തിലും നിരാശയിലും കഴിയുന്നവര്‍ക്കുവേണ്ടിയുള്ള യേശുനാഥന്റെ ആഹ്വാനം അവഗണിക്കാനിടയായാല് അത് ശോകാത്മകമായ അനുഭവമായിരിക്കും. ഈ ചെറിയവരില്‍ ഒരുവന് നിങ്ങള്‍ ചെയ്യുന്നത് എനിക്കാണ് ചെയ്യുന്നത് എന്നത്രെ യേശുക്രിസ്തു പറഞ്ഞിരിക്കുന്നത്. ആട്ടിടയന്മാര് രാത്രിയില്‍ ആട്ടിന്‍ പറ്റത്തെ കാവല്ക്കാത്തു കിടന്നപ്പോഴാണ് ദൈവദൂതന് അവര്‍ക്ക് പ്രത്യക്ഷനായി യേശുവിന്റെ ജനനവാര്‍ത്ത അറിയിച്ചത്. ദൈവം നിയോഗിക്കുന്ന സ്ഥാനങ്ങളില്‍ വിശ്വസ്തതയോടും സംതൃപ്തിയോടും ചുമതല നിര്വഹിക്കുന്നവര്ക്കുമാത്രമേ മാലാഖമാരുടെ സാമീപ്യവും ദൈവസാന്നിധ്യത്തെക്കുറിച്ചുള്ള നിശ്ചയവും അനുഭവപ്പെടുകയുള്ളൂ. അലസന്മാര്‍ക്കും അഹങ്കാരികള്‍ക്കും ദീര്‍ഘദര്‍ശനങ്ങള്‍ ഉണ്ടാകുകയില്ല.
അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം. ഭൂമിയില്‍ ദൈവപ്രസാദമുള്ളവര്ക്ക് സമാധാനം എന്ന സന്ദേശമാണ് മാലാഖയില്‍ നിന്നും ഇടയന്മാര് ശ്രവിച്ചത്. വ്യക്തികളും കുടുംബങ്ങളും സമൂഹവും സഭകളും രാഷ്ട്രങ്ങളും ദൈവസ്നേഹത്തിന്റെ സ്വാധീനത്തിന് സ്വയം വിധേയമാകപ്പെടുമ്പോള് യഥാര്‍ത്ഥ ശാന്തിയും സമാധാനവും സന്തോഷവും കൈവരുന്നു. അദൃശ്യനായ ദൈവത്തിന്റെ സ്വഭാവം മനുഷ്യന് മനസ്സിലാകത്തക്ക വിധത്തില്‍ വെളിപ്പെടുത്തിത്തരുന്നതിനാണ് യേശു അവതാരം ചെയ്തത്. തന്റെ പാപരഹിതമായ ജീവിതത്തിലും ബലി മരണത്തിലും യേശുക്രിസ്തു മനുഷ്യന് പാപമോചനത്തിന്റേയും സമൃദ്ധിയായ ജീവന്റേയും സന്തോഷം പ്രദാനം ചെയ്തു. മനുഷ്യന് ദൈവത്തോടുകൂടെ ജീവിക്കേണ്ടതിന് ദൈവം ക്രിസ്തുവില്‍ മനുഷ്യനോടുകൂടെ വസിച്ചു.
വിപുലമായ ക്രിസ്മസ് ആഘോഷങ്ങളില്‍ യേശുവിനെയും അദ്ദേഹം കാണിച്ചുതന്ന ദൈവസ്നേഹത്തെയും വിസ്മരിക്കുന്നുവെങ്കില്‍ അത് വലിയൊരു വൈരുധ്യമായിരിക്കും. സ്നേഹം, ഐക്യം, ദയ, പരോപകാരം, സമാധാനം, മതസൗഹാര്‍ദ്ദം എന്നീ ഗുണങ്ങള്‍ മനുഷ്യന് പ്രാവര്‍ത്തികമാക്കാന്‍ ക്രിസ്മസ് ആഹ്വാനം ചെയ്യുന്നു. ദേഷ്യം, പക, അസഹിഷ്ണുത, അസൂയ, വര്‍ഗീയത, മ്ലേച്ഛത എന്നിവ ഹൃദയത്തില്‍ വാഴുമ്പോള്‍ സമാധാന പ്രഭുവായ യേശുവിന് അവിടെ വസിക്കാന്‍ കഴിയുകയില്ല. യേശുവിന്റെ ലാളിത്യവും ക്രിയാത്മകമായ ദൈവസ്നേഹത്തിന്റെ ശക്തിയും ക്രിസ്മസില്‍ എല്ലാവരിലും വെളിപ്പെടുവാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: