അമ്പലപ്പുഴ: ഓട വൃത്തിയാക്കല്‍ ജോലികളില്‍ പിഡബ്ല്യൂഡി വിഭാഗം തട്ടിപ്പു നടത്തുന്നതായി ആരോപണം. അമ്പലപ്പുഴ തെക്കു പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലാണ് ദേശീയപാതയിലും മറ്റും പിഡബ്ല്യൂഡി വിഭാഗം ഓട വൃത്തിയാക്കുന്നത്.
എന്നാല്‍ ഓടയില്‍ നിന്നും വരുന്ന മണല്‍ മഴപെയ്താല്‍ വീണ്ടും ഓടയില്‍ തന്നെ വീഴുന്ന വിധത്തില്‍ കൂട്ടിയിട്ട് മുങ്ങുന്നതാണ് അഴിമതി ആരോപണം ഉയരാന്‍ കാരണം. അമ്പലപ്പുഴ കച്ചേരിമുക്കിനു തെക്കുഭാഗത്ത് നിരവധി സ്ഥലങ്ങളിലാണ് ഇത്തരത്തില്‍ ഓടയ്‌ക്കു സമീപം കൂട്ടിയിട്ടും സ്ലാബ് ഇടാതെയും പിഡബ്ല്യൂഡി വിഭാഗം ഉദ്യോഗസ്ഥര്‍ പോയത്.
ഇതോടൊപ്പം ചില വ്യാപാര സ്ഥാപനങ്ങള്‍ക്കു മുന്നിലെ ഓട വൃത്തിയാക്കാതെ പോയതും പ്രതിഷേധത്തിനു കാരണമായി. ഉദ്യോഗസ്ഥര്‍ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും പടി വാങ്ങിയാണ് ഇത്തരത്തില്‍ ഓട വൃത്തിയാക്കാത്തതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
















