കായംകുളം: പോലീസില്‍ ജോലി വാഗ്ദാന തട്ടിപ്പുമായി ബന്ധപ്പെട്ട് ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രധാന പ്രതിയായ ശരണ്യ കോടതിയില്‍ നല്‍കിയ മൊഴിയില്‍ തന്നെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച കേസിലെ പ്രതി എസ്‌ഐ സന്ദീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥരുടെ പക്കല്‍ നേരിട്ട് ഹാജരാകാനും കോടതി നിര്‍ദ്ദദ്ദേശിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതിവിധി.
പണാപഹരണവുമായി സന്ദീപിന് ബന്ധമില്ലെന്നുള്ള റിപ്പോര്‍ട്ടാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കിയത്. എന്നാല്‍ ശരണ്യയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പീഡിപ്പിച്ചുവെന്ന കേസാണ് നിലനില്‍ക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഉടന്‍ തന്നെ കോടതിയില്‍ സമര്‍പ്പിക്കുമെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി. രാധാകൃഷ്ണന്‍നായര്‍ പറഞ്ഞു.
















