ആലപ്പുഴ: ചേര്‍ത്തല എക്‌സ്‌റേ കവല മുതല്‍ പാതിരപ്പള്ളിവരെ ദേശീയ പാതയോരത്ത് പൂഴിയിറക്കി ഉയരവ്യത്യാസം ക്രമീകരിക്കുന്നതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ റോഡ് സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍മാന്‍ കൂടിയായ കളക്ടര്‍ എന്‍. പത്മകുമാര്‍ ആവശ്യപ്പെട്ടു.
ദേശീയ പാതയോരത്ത് 11-ാം മൈല്‍ മുതല്‍ എസ്.എന്‍. കോളജ് വരെ നിരീക്ഷണക്യാമറ സ്ഥാപിക്കാനുള്ള പ്രൊപ്പോസല്‍ തയ്യാറാക്കി നല്‍കാന്‍ യോഗം ആവശ്യപ്പെട്ടു. മാന്നാര്‍ പോലീസ് സ്റ്റേഷന്റെ പരിധിയില്‍ വരുന്ന പ്രദേശങ്ങളിലെ റോഡുകള്‍ക്കിരുവശവും ഓട്ടോറിക്ഷ പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. ആലപ്പുഴ എസ്ഡി കോളജിന് മുന്‍വശത്തെ ബസ് സ്റ്റോപ്പ് വെയിറ്റിങ് ഷെഡിന് മുന്നിലേക്ക് മാറ്റണമെന്ന പ്രിന്‍സിപ്പലിന്റെ ആവശ്യം പരിഗണിച്ച യോഗം ഹോംഗാര്‍ഡിനെയോ പൊലീസിനെയോ നിര്‍ത്തി ബസുകള്‍ വെയിറ്റിങ് ഷെഡിന് മുന്നില്‍ നിര്‍ത്താനുള്ള സംവിധാനമൊരുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി.
ദേശീയ പാതയോരത്തും പ്രധാന റോഡുരികുകളിലും ഡ്രൈവര്‍മാരുടെ ശ്രദ്ധതിരിക്കുന്ന വിധം സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകളും ഫഌക്‌സുകളും നീക്കം ചെയ്യാനുള്ള പദ്ധതി രേഖ തയാറാക്കി സമര്‍പ്പിക്കണം.
പുളിങ്കുന്ന് ആശുപത്രി പാലത്തില്‍ ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച ആവശ്യത്തില്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പിഡബ്ല്യൂഡി റോഡ്‌സ് വിഭാഗത്തിന് റിപ്പോര്‍ട്ട് നല്‍കി. യോഗത്തില്‍ ആര്‍ടിഒ എബി ജോണ്‍, പിഡബ്ലൂഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരായ ഡി. ഹരിലാല്‍, പി.വി. ജൈനമ്മ എന്നിവര്‍ പങ്കെടുത്തു.
















